വീണ്ടും ചാർജ് കൂട്ടി സൊമാറ്റോ; ക്യാഷ് ഓൺ ഡെലിവറിക്ക് ഇനി അധിക ഫീസ് നൽകണം

ക്യാഷ് ഓൺ ഡെലിവറി ഫീസിന് പുറമേ ഉപഭോക്താക്കൾക്ക് പ്ലാറ്റ്‌ഫോം ഫീസ്, ഡെലിവറി ചാർജ്, പാക്കിങ് ചാർജ്, നികുതി തുടങ്ങിയ മറ്റ് നിരക്കുകളും ബാധകമായേക്കാം

ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് വീണ്ടും അധിക ഫീസ് ഏർപ്പെടുത്തി സൊമാറ്റോ. ഓൺലൈനായി പണം നൽകുന്നതിന് പകരം ക്യാഷ് ഓൺ ഡെലിവറി തിരഞ്ഞെടുക്കുമ്പോഴാണ് പുതിയ ഫീസ് ബാധകമാകുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ വരുമാന വർധന നീക്കത്തിന്റെ ഭാഗമായാണ് ഈ അധിക നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഓർഡർ നൽകുന്ന സമയത്ത് ബിൽ വിവരങ്ങളിൽ ഈ തുക പ്രത്യേകം കാണിക്കും. സൊമാറ്റോയുടെ വ്യവസ്ഥകളിലും ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് പ്രത്യേക സേവന നിരക്ക് ബാധകമാകാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഓർഡർ തുക മാത്രമല്ല, പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുന്നതും ഇനി ആകെ ബില്ലിൽ മാറ്റമുണ്ടാക്കും.

അഞ്ച് രൂപയാണ് പുതിയ ഫീസിന്റെ അടിസ്ഥാന നിരക്കെങ്കിലും ചില ഉപഭോക്താക്കൾക്ക് ഇതിൽ കൂടുതലായ തുകയും ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സൊമാറ്റോയുടെ വരുമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കാണുന്നത്. ഓരോ ഓർഡറിൽ നിന്നും ചെറിയ തുക അധികമായി ഈടാക്കുന്നതിലൂടെ വലിയ തോതിൽ അധിക വരുമാനം നേടാൻ കമ്പനിക്ക് കഴിയും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ക്യാഷ് ഓൺ ഡെലിവറി ഫീസിന് പുറമേ ഉപഭോക്താക്കൾക്ക് പ്ലാറ്റ്‌ഫോം ഫീസ്, ഡെലിവറി ചാർജ്, പാക്കിങ് ചാർജ്, നികുതി തുടങ്ങിയ മറ്റ് നിരക്കുകളും ബാധകമായേക്കാം. അതേസമയം, ഇത്തരം അധിക നിരക്കുകൾ കാരണം തന്നെ ഉപഭോക്താക്കളെ ഓൺലൈൻ പേയ്‌മെന്റിലേക്ക് കൂടുതൽ മാറുമോ എന്നതും ശ്രദ്ധേയമാണ്. ഭക്ഷണ വിതരണ മേഖലയിലെ കമ്പനികൾ ഓരോ ഓർഡറിൽ നിന്നുമുള്ള വരുമാനം ഉയർത്താനുള്ള വഴികൾ തേടുന്നതിനിടെയാണ് സൊമാറ്റോയുടെ പുതിയ നീക്കം.

സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണൽ 2026 ജൂൺ പാദത്തിൽ 20,211 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. മുൻവർഷത്തെ 7,167 കോടി രൂപയെ അപേക്ഷിച്ച് വരുമാനം ഇരട്ടിയിലേറെയായി. അതേസമയം അറ്റാദായം 92 കോടി രൂപയായിരുന്നു.

ക്യാഷ് ഓൺ ഡെലിവറിക്ക് അഞ്ച് രൂപ അധികമായി ഈടാക്കുന്നതിലൂടെ വലിയ ഓർഡർ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിക്ക് അധിക വരുമാനം കണ്ടെത്താൻ കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭക്ഷണ വിതരണ ബിസിനസിന്റെ ലാഭക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇത്തരം ചെറിയ ഫീസുകൾ സഹായകരമാകാം. കഴിഞ്ഞ പാദത്തിൽ ഭക്ഷണ വിതരണ വിഭാഗത്തിന്റെ ലാഭ മാർജിൻ റെക്കോർഡ് നിലവാരത്തിലെത്തിയിരുന്നു.

Content Highlights: Pay extra for COD facility? Zomato starts levying additional fee on cash-on-delivery orders

To advertise here,contact us