സടകുടഞ്ഞ് എഴുന്നേൽക്കാൻ വിഐ; ബാങ്കുകളിൽ നിന്ന് ലഭിച്ചത് കൂറ്റൻ വായ്പ; ലക്ഷ്യം ഒന്നാം സ്ഥാനം

ഉപയോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് മൂനാം സ്ഥാനത്തുള്ള വൊഡാഫോൺ ഐഡിയക്ക് ഈ തുക വലിയ ആശ്വാസമാകും

ബിസിനസ് വിപുലീകരണത്തിനും പുനർനിർമാണത്തിനുമായി വൊഡാഫോൺ ഐഡിയക്ക് വൻ തുക വായ്പയായി നൽകി ബാങ്കുകൾ. എസ്ബിഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ ബാങ്ക് ഫോർ ഫിനാൻഷ്യൽ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ഡെവലപ്മെന്റ് എന്നിവരാണ് വായ്പ നൽകിയത്. 3.5 ബില്യൺ ഡോളറാണ് അനുവദിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

ഉപയോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് മൂനാം സ്ഥാനത്തുള്ള വൊഡാഫോൺ ഐഡിയക്ക് ഈ തുക വലിയ ആശ്വാസമാകും. പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കാനും എയർടെൽ, ജിയോ പോലുള്ളവരോട് മത്സരിക്കാനും ഈ തുക വിഐക്ക് സഹായകമാകും. വായ്പയുമായി ബന്ധപ്പെട്ട് കുമാർ മംഗളം ബിർള ഇക്കാലയളവിൽ ഉടനീളം ചെയർമാനായി തുടരണം, തിരിച്ചടവ് മുടങ്ങിയാൽ അവ ഉറപ്പ് നൽകണം എന്നിവ ഉൾപ്പെടെയുള്ള വ്യവസ്ഥകളാണ് ഉള്ളത്.

മാസങ്ങളായി വായ്പാദാതാക്കളുമായി ചർച്ചകൾ നടത്തിവരികയായിരുന്നു വൊഡാഫോൺ ഐഡിയ. ഇതുമായി ബന്ധപ്പെട്ട് എസ്ബിഐയുടെ നേതൃത്വത്തിൽ ഉളള ഒരു കൺസോർഷ്യവുമായി ചർച്ചകൾ നടന്നുവരികയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ കമ്പനിയുടെ പ്രവർത്തനം ലാഭത്തിൽ അല്ല. ജൂൺ വരെയുള്ള ആദ്യ പാദത്തിൽ പ്രതീക്ഷിച്ചതിലും 37.5 ബില്യൺ രൂപയുടെ നഷ്ടമാണ് വോഡഫോൺ ഐഡിയക്ക് ഉണ്ടായത്.

വിഐക്ക് നിരവധി ഇളവുകളും ഇന്ത്യൻ അധികാരികൾ നൽകിയിരുന്നു. മുൻകാല സ്‌പെക്ട്രം പേയ്‌മെന്റുകൾ പരിമിതപ്പെടുത്തിക്കൊണ്ട് നിക്ഷേപകരെ ആകർഷിക്കാനാണ് അവസരം നൽകിയത്. ഈ നീക്കങ്ങൾ പലതും വോഡഫോൺ ഐഡിയയുടെ ഓഹരികൾക്ക് സഹായകമായി മാറിയിരുന്നു. ഈ വർഷം ഏകദേശം 40% വർധനവാണ് ഓഹരി വിലയിൽ ഉണ്ടായത്.

Content Highlights: Vodafone Idea has reportedly secured a $3.5 billion loan from SBI, Union Bank of India and NaBFID to support business expansion and restructuring. The funding is expected to provide financial support for the telecom company’s ongoing requirements.

To advertise here,contact us