ആഗോള എഐ വിപണിയിലെ മത്സരം കൂടുതൽ കനക്കുന്നു. ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്പ്സീക്ക് പുതിയതും കൂടുതൽ ചെലവുകുറഞ്ഞതുമായ എഐ മോഡൽ അവതരിപ്പിച്ചതോടെ ഓപ്പൺഎഐ, ആന്ത്രോപിക്, മറ്റ് ചൈനീസ് എഐ കമ്പനികൾ എന്നിവർക്കിടയിലെ വിലയുദ്ധം വീണ്ടും ശക്തമായിരിക്കുകയാണ്.
കമ്പനിയുടെ പുതിയ മോഡൽ ഉയർന്ന പ്രകടനവും വേഗതയും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുമെന്നാണ് അവകാശവാദം. എഐ സേവനങ്ങൾ ഉപയോഗിക്കുന്ന ഡെവലപ്പർമാർക്കും സ്ഥാപനങ്ങൾക്കും കുറഞ്ഞ നിരക്കിൽ കൂടുതൽ ശേഷിയുള്ള മോഡലുകൾ നൽകുക എന്നതാണ് ഡീപ്പ്സിക്കിന്റെ ലക്ഷ്യം. ഡീപ്സീക്ക് V4.1 ഫ്ലാഷ് ആണ് കമ്പനി അവതരിപ്പിച്ചത്.
കഴിഞ്ഞ മാസങ്ങളായി എഐ രംഗത്ത് വില കുറയ്ക്കാനുള്ള മത്സരം ശക്തമായിരുന്നു. ഡീപ്പ്സീക്ക് പോലുള്ള കമ്പനികൾ കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നതോടെ അമേരിക്കൻ എഐ കമ്പനികൾക്കും അവരുടെ വിലനിർണയ തന്ത്രങ്ങൾ പുനഃപരിശോധിക്കേണ്ട സാഹചര്യമാണുള്ളത്.
എഐ മോഡലുകളുടെ വില കുറയുന്നത് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഗുണകരമാകുമെങ്കിലും കമ്പനികളുടെ ലാഭക്ഷമതയ്ക്ക് വെല്ലുവിളിയാകാം. അതേസമയം, കുറഞ്ഞ ചെലവിൽ എഐ സാങ്കേതികവിദ്യ ലഭ്യമാകുന്നത് കൂടുതൽ വ്യാപകമായ ഉപയോഗത്തിനും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.ഡീപ്പ്സിക്കിന്റെ പുതിയ നീക്കം എഐ മേഖലയിലെ മത്സരം മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. വരും മാസങ്ങളിൽ ഓപ്പൺഎഐ, ആന്ത്രോപിക്, ഗൂഗിൾ എന്നിവയുടെ പ്രതികരണം എന്തായിരിക്കുമെന്നത് വിപണി ഉറ്റുനോക്കുകയാണ്.
Content Highlights: DeepSeek Launches Cheaper AI Model, Intensifying the Global Price War With OpenAI, Anthropic and Chinese Rivals