'ലക്ഷ്യം ലാഭമല്ല, ഇത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗം'; സൗജന്യ സ്വർണ മോതിക്കരാർ ലഭിച്ചതിൽ ജോയ് ആലുക്കാസ്

തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആണ് പദ്ധതിക്കായി ടെണ്ടർ വിളിച്ചത്

വിജയ് സർക്കാരിന്റെ ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിക്കായുള്ള സ്വർണമോതിര വിതരണ കരാർ ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ജോയ് ആലുക്കാസ് അധികൃതർ. കുറഞ്ഞ പണിക്കൂലിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയരവെയാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. തങ്ങളുടെ ലക്ഷ്യം ലാഭമല്ല എന്നും, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പദ്ധതി എന്നും അധികൃതർ പ്രതികരിച്ചു.

തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആണ് പദ്ധതിക്കായി ടെണ്ടർ വിളിച്ചത്. 11 കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. ഒരു മോതിരത്തിന് പണിക്കൂലിയായും, ഇൻഷുറൻസ്, യാത്രാനിരക്ക്, ബിഐഎസ് ഹോൾമാർകിങ് എന്നിവയ്ക്കാണ് വെറും 0.01 രൂപ മാത്രം വാങ്ങിയാണ് ജോയ് ആലുക്കാസ് ടെണ്ടർ നേടിയത്.

മറ്റ് ജ്വല്ലറി ഉടമകൾ എല്ലാം ഉയർന്ന നിരക്കാണ് ആവശ്യപ്പെട്ടത്. കല്യാൺ ജ്വല്ലറി മാത്രമാണ് ജോയ് ആലുക്കാസിന്റെ ശേഷം നിരക്ക് കുറച്ച് ടെണ്ടറിൽ പങ്കെടുത്തത്. അതിനാൽ 70:30 എന്ന രീതിയിലാണ് തമിഴ്നാട് സർക്കാർ കരാർ നൽകിയത്. ജോയ്ആലുക്കാസ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്ന്, ടെൻഡറിൽ പങ്കെടുത്ത മറ്റ് 10 കമ്പനികളോടും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ജോയ്ആലുക്കാസിന്റെ നിരക്കിന് തുല്യമായ നിരക്ക് അംഗീകരിക്കാമോയെന്ന് സർക്കാർ ചോദിച്ചു. ടെൻഡർ നടപടിക്രമത്തിന്റെ ഭാഗമായാണ് മറ്റ് കമ്പനികളോട് ഇത്തരത്തിൽ നിരക്ക് പൊരുത്തപ്പെടുത്താനുള്ള അവസരം നൽകിയത്.

സർക്കാർ ആശുപത്രികളിലും സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തിൽ ഏകദേശം 4,41,667 ഒരു ഗ്രാം സ്വർണമോതിരങ്ങളാണ് വിതരണം ചെയ്യുന്നത്. 22 കാരറ്റ് സ്വർണവും 916 പരിശുദ്ധി മാനദണ്ഡവും പാലിച്ചായിരിക്കും മോതിരങ്ങൾ തയ്യാറാക്കേണ്ടത്.

പദ്ധതിയുടെ ഭാഗമായി തമിഴ്നാട്ടിൽ സ്ഥിരതാമസമുള്ള കുടുംബങ്ങൾക്ക് സർക്കാർ ആശുപത്രികളിലും സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. 2026 ജൂൺ 22 മുതൽ ജനിക്കുന്ന കുഞ്ഞുങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 15ന് നടത്താനാണ് തീരുമാനം. തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവായ സി. എൻ. അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15നാണ് പദ്ധതി ആരംഭിക്കുന്നത്.

Content Highlights: Joyalukkas officials have responded to questions over the low making charges associated with the gold rings supplied under the Vijay government’s ‘Thaimaaman Thanga Modhiram’ scheme. The company said its objective is not profit, but to support the scheme as part of its social responsibility initiatives.

To advertise here,contact us