തമിഴ്നാട് സർക്കാരിന്റെ ശ്രദ്ധേയമായ ക്ഷേമപദ്ധതിയായ ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിക്കായുള്ള സ്വർണമോതിര വിതരണ കരാറിൽ ജോയ് ആലുക്കാസ് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ സ്ഥാപനമായി മാറി. സർക്കാർ ആശുപത്രികളിലും സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തിൽ ഏകദേശം 4,41,667 ഒരു ഗ്രാം സ്വർണമോതിരങ്ങളാണ് വിതരണം ചെയ്യുന്നത്. 22 കാരറ്റ് സ്വർണവും 916 പരിശുദ്ധി മാനദണ്ഡവും പാലിച്ചായിരിക്കും മോതിരങ്ങൾ തയ്യാറാക്കേണ്ടത്.
മോതിരത്തിന്റെ സ്വർണവിലയ്ക്ക് പുറമെ വരുന്ന നിർമാണച്ചെലവ്, പാഴ്വസ്തു ചെലവ്, ഹാൾമാർക്കിങ്, പാക്കിങ്, ഇൻഷുറൻസ്, ഗതാഗതം തുടങ്ങിയ അനുബന്ധ ചെലവുകൾക്കായി വെറും ഒരു പൈസയാണ് ജോയ് ആലുക്കാസ് ടെൻഡറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണത്തിന്റെ യഥാർഥ വില ഇതിൽ ഉൾപ്പെടുന്നില്ല. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ഈ അസാധാരണമായ കുറഞ്ഞ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ജോയ് ആലുക്കാസ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ സ്ഥാപനമായി മാറിയത്.
ജോയ്ആലുക്കാസ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്ന്, ടെൻഡറിൽ പങ്കെടുത്ത മറ്റ് 10 കമ്പനികളോടും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ജോയ്ആലുക്കാസിന്റെ നിരക്കിന് തുല്യമായ നിരക്ക് അംഗീകരിക്കാമോയെന്ന് സർക്കാർ ചോദിച്ചു. ടെൻഡർ നടപടിക്രമത്തിന്റെ ഭാഗമായാണ് മറ്റ് കമ്പനികളോട് ഇത്തരത്തിൽ നിരക്ക് പൊരുത്തപ്പെടുത്താനുള്ള അവസരം നൽകിയത്.
എന്നാൽ, ജോയ്ആലുക്കാസ് രേഖപ്പെടുത്തിയ നിരക്ക് അംഗീകരിച്ച് അതേ നിരക്കിൽ ഓർഡർ ഏറ്റെടുക്കാൻ തയ്യാറായത് കല്യാൺ ജ്വല്ലേഴ്സ് മാത്രമായിരുന്നു. അതായത്, ജോയ്ആലുക്കാസ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി എന്നതുമാത്രമല്ല, ആ നിരക്കിനോട് പൊരുത്തപ്പെടാൻ തയ്യാറായ മറ്റൊരു കമ്പനിയായി കല്യാൺ ജ്വല്ലേഴ്സും മാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓർഡർ ജോയ്ആലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനുമായി വിഭജിച്ചത്.
പദ്ധതിയുടെ ഭാഗമായി തമിഴ്നാട്ടിൽ സ്ഥിരതാമസമുള്ള കുടുംബങ്ങൾക്ക് സർക്കാർ ആശുപത്രികളിലും സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. 2026 ജൂൺ 22 മുതൽ ജനിക്കുന്ന കുഞ്ഞുങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 15ന് നടത്താനാണ് തീരുമാനം. തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവായ സി. എൻ. അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15നാണ് പദ്ധതി ആരംഭിക്കുന്നത്.
തമിഴ് സമൂഹത്തിലെ പരമ്പരാഗതമായ ‘തായ്മാമൻ സീർ’ എന്ന ആചാരവുമായി ബന്ധപ്പെടുത്തിയാണ് പദ്ധതിക്ക് ഈ പേര് നൽകിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന അമ്മമാരെ ആദരിക്കുകയും പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങളെ വരവേൽക്കുകയും ചെയ്യുന്നതിനൊപ്പം സർക്കാർ ആരോഗ്യ സംവിധാനങ്ങളിലേക്ക് കൂടുതൽ കുടുംബങ്ങളെ ആകർഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുക, സുരക്ഷിതവും ശുചിത്വമുള്ളതുമായ പ്രസവസേവനങ്ങളിൽ പൊതുജനവിശ്വാസം വർധിപ്പിക്കുക എന്നിവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.
പദ്ധതിക്കായി തമിഴ്നാട് സർക്കാർ പ്രതിവർഷം 755.83 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 4.41 ലക്ഷത്തിലധികം മോതിരങ്ങളാണ് വാങ്ങുന്നത്. കുഞ്ഞുങ്ങൾക്ക് നൽകുന്ന മോതിരത്തിൽ പ്രത്യേക രൂപകൽപ്പനയോ എഴുത്തോ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായ ശേഷം വിജയിക്കുന്ന സ്ഥാപനവുമായി ചർച്ച ചെയ്ത് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
സ്വർണമോതിരങ്ങളുടെ സുരക്ഷിതമായ സൂക്ഷിപ്പിനും വിതരണത്തിനുമായി സംസ്ഥാനത്തുടനീളം 13 സംഭരണ കേന്ദ്രങ്ങൾ ഒരുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇവ പ്രധാനമായും ജില്ലാ ഭരണകൂട ഓഫീസുകളിലോ ജില്ലാ ട്രഷറികളിലോ ആയിരിക്കും. ഓരോ ദിവസവും നടക്കുന്ന പ്രസവങ്ങളുടെ എണ്ണത്തിനനുസരിച്ച് ഈ കേന്ദ്രങ്ങളിൽ നിന്ന് ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിലേക്ക് മോതിരങ്ങൾ എത്തിക്കും. ഇതിലൂടെ വലിയ തോതിലുള്ള സ്വർണവിതരണത്തിൽ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.Content Highlights:Tamil Nadu government launches the ‘Thaimaaman Thanga Mothiram’ welfare scheme to provide one-gram gold rings to newborn babies in government hospitals and health centres. Around 4.41 lakh one-gram gold rings will be distributed in the first phase of the scheme. Joy Alukkas quoted the lowest tender rate, offering just one paisa for additional charges like making, wastage, hallmarking, packing, insurance and transportation.