പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഹൈലൈറ്റിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടറായി നേക സുലൈമാന്‍ ചുമതലയേറ്റു. ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്മാന് പി. സുലൈമാന്റെ മകളാണ് നേക. 2030ഓടെ കേരളത്തിലുടനീളം വിവിധ വിഭാഗങ്ങളിലായി ആയിരം ഹോട്ടല്‍ മുറികളുള്ള ഹോസ്പിറ്റാലിറ്റി ശൃംഖല സ്ഥാപിക്കുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. റീട്ടെയില്‍, റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ മേഖലകളില്‍ വലിയ സാന്നിധ്യമുള്ള ഗ്രൂപ്പ്, ഹോസ്പിറ്റാലിറ്റി രംഗത്തും ശക്തമായ ചുവടുവെപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം.'
ലക്ഷ്വറി, അപ്സ്കെയില്‍, മിഡ്സ്കെയില്‍ ആഡംബര വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന ഹോട്ടലുകളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിസിനസ്, ടൂറിസം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ കണക്കിലെടുത്ത് നഗരത്തിന് പ്രത്യേക മുന്‍ഗണന നല്‍കും. ജില്ലയുടെ വാണിജ്യ, സാംസ്കാരിക, സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്ന ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങള്‍ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേക സുലൈമാന്‍ പറഞ്ഞു. അതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. വെറും കണക്കുകള്‍ക്കപ്പുറം, വളരുന്ന ഒരു നഗരത്തിന് ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കാനായിരിക്കും തന്റെ ശ്രമമെന്നും നേക വ്യക്തമാക്കി.
നേകയുടെ ഉത്തരവാദിത്തബോധവും കഴിവും ഗ്രൂപ്പിന് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്മാന് പി. സുലൈമാന്‍ പറഞ്ഞു. നേകയുടെ പുതിയ കാഴ്ചപ്പാടുകള്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ തലമുറയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഹൈലൈറ്റ് ഗ്രൂപ്പ്.
Content Highlights: Highlight Group has appointed Neka Sulaiman as Hospitality Director and plans to build a 1,000-room hotel network across Kerala by 2030