രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജൂണ്‍ പാദത്തിലെ അറ്റാദായം 20,946 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 26,994 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായത്തില്‍ 22.4% ഇടിവാണ് ഉണ്ടായത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഏഷ്യന്‍ പെയിന്റ്സ് ഓഹരികളിലെ നിക്ഷേപ വില്‍പ്പനയില്‍ നിന്ന് 8,924 കോടി രൂപ അധിക ലാഭം ലഭിച്ചിരുന്നു. ഈ അസാധാരണ നേട്ടം ഒഴിവാക്കിയാല്‍ കമ്പനിയുടെ പ്രവര്‍ത്തന പ്രകടനം പ്രതീക്ഷിച്ചതിനൊത്തതാണെന്ന് വിലയിരുത്തപ്പെടുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും കമ്പനിയുടെ ഭൂരിഭാഗം ബിസിനസ് വിഭാഗങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ റിലയന്‍സ് വിപണി പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി.
കമ്പനിയുടെ പാദവരുമാനം 25.41% ഉയര്‍ന്ന് 3,11,850 കോടി രൂപയായി. ഡിജിറ്റല്‍ സേവനങ്ങളിലെ വളര്‍ച്ച, ഉപഭോക്തൃ വിഹിത വര്‍ധന, ശരാശരി വരുമാനം (ARPU) ഉയര്‍ന്നത് എന്നിവയുടെ പിന്തുണയില്‍ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ വരുമാനം വര്‍ഷാടിസ്ഥാനത്തില്‍ 12% വര്‍ധിച്ചു. ജിയോയുടെ സബ്സ്ക്രൈബര്‍ വളര്‍ച്ചയും ഡിജിറ്റല്‍ സേവനങ്ങളുടെ ശക്തമായ പ്രകടനവും റിലയന്‍സിന്റെ മൊത്തം വളര്‍ച്ചയ്ക്ക് പ്രധാന പിന്തുണയായി. ക്രൂഡ് മുതല്‍ കെമിക്കല്‍ വരെ ഉള്‍പ്പെട്ട ബിസിനസ്, റീട്ടെയില്‍, ഡിജിറ്റല്‍ സേവന മേഖലയില്‍ കമ്പനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി.
Content Highlights: Reliance Industries reported a 22.4% decline in Q1 net profit, but strong performance across businesses, including Jio Platforms, helped the company meet market expectations despite global challenges