രാജ്യത്തെ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സെലക്ട് എന്ന പേരിൽ പ്രീമിയം ഗ്രോസറി ഡെലിവറി പ്ലാറ്റ്ഫോം ആരംഭിക്കാൻ സെപ്റ്റോ. പ്രീമിയം ഗ്രോസറി ഡെലിവറി മേഖലയിൽ ഉള്ള ഫസ്റ്റ്ക്ലബ്, ബ്ലിങ്കിറ്റ് ഗൗർമെറ്റ് എന്നിവയെ മറികടക്കാനാണ് സെപ്റ്റോയുടെ നീക്കം. ഇറക്കുമതി ചെയ്യപ്പെട്ടതും പ്രീമിയം റേഞ്ചിൽ ഉള്ളതുമായ ഉത്പന്നങ്ങളാണ് വിൽക്കുക.
കുറഞ്ഞ മൂല്യമുള്ളതും എന്നാൽ ആളുകൾ കൂടുതൽ ആശ്രയിക്കുന്നതുമായ പ്ലാറ്റ്ഫോം എന്ന പ്രതിച്ഛായയാണ് സെപ്റ്റോയ്ക്ക് ഇപ്പോഴുള്ളത്. അതിനാൽ പ്രീമിയം സെഗ്മന്റിലേക്ക് കടക്കാനുള്ള സെപ്റ്റോയുടെ ഈ നീക്കം വളരെ പ്രധാനപ്പെട്ടതാണ്. പ്രധാനപ്പെട്ട, ടോപ്പ് ടയറിലുള്ള നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സെപ്റ്റോയുടെ നീക്കം. സെപ്റ്റോയുടെ എതിരാളികളായ ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്കറ്റ്, ആമസോൺ നൗ, ഫ്ലിപ്കാർട്ട് മിനുട്ട്സ് എന്നിവർ 300 -ാളം നഗരങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു.
പ്രീമിയം ഗ്രോസറി സെഗ്മെന്റിൽ വലിയ വളർച്ചയാണ് കമ്പനികൾ കാണുന്നത് എന്നതിനാലാണ് സെപ്റ്റോയുടെ ഈ നീക്കം. ഇതിനകം തന്നെ പ്രീമിയം ബ്രാൻഡുകളുമായി സെപ്റ്റോ സംസാരിച്ചുകഴിഞ്ഞു എന്നാണ് വിവരം. പല മേഖലകളിലും കമ്പനി പൈലറ്റ് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഇവിടങ്ങളിൽ നിന്ന് കമ്പനിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വിലയിൽ അടക്കം ആകർഷകമായ പല പ്രഖ്യാപനങ്ങളും സെപ്റ്റോ ഒരുക്കിയിട്ടുണ്ട് എന്നാണ് വിവരങ്ങൾ.
പ്രീമിയം ഫാഷൻ, അടുക്കള സാമഗ്രികൾ, ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയ്ക്ക് മികച്ച സാധ്യതകളാണ് നിലവിൽ ഉള്ളത്. നിക്ഷേപകർ അടക്കം വലിയ സാധ്യതയാണ് ഈ മേഖലയിൽ കാണുന്നത്. പ്രീമിയം ബ്രാൻഡുകൾ ഓൺലൈൻ ഡെലിവറിയോട് വ്യാപകമായി സഹകരിക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങൾക്കപ്പുറം പ്രീമിയം മേഖലയിലേക്ക് കൂടി ചുവടുവെക്കുന്നത് ബ്രാൻഡുകളുടെയും ഡെലിവറി സർവീസുകളുടെയും നില തന്നെ മാറ്റിമറിക്കുന്നുണ്ട്.
Content Highlights: Zepto is preparing to launch a premium grocery delivery platform in India to serve affluent consumers. The new offering is expected to compete directly with premium grocery services such as FirstClub and Blinkit Gourmet, strengthening Zepto's position in the country's fast-growing quick commerce market.