ഉയര്‍ന്ന എഥനോള്‍ മിശ്രിത ഇന്ധനത്തിലേക്കുള്ള മാറ്റം ഘട്ടംഘട്ടമായി നടപ്പാക്കണം; മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ

മെഴ്സിഡീസ്-ബെന്‍സിന്റെ പുതിയ മോഡലുകള്‍ എല്ലാം നിലവിലെ ഇ20 പെട്രോളിന് അനുയോജ്യമാണ്

ഉയര്‍ന്ന എഥനോള്‍ മിശ്രിതമുള്ള ഇന്ധനത്തിലേക്കുള്ള മാറ്റം ഘട്ടംഘട്ടമായി നടപ്പാക്കണമെന്ന് മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍. നിലവില്‍ ഇന്ത്യ, എഥനോള്‍ ബ്ലെന്‍ഡിങ് പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്. വാഹന നിര്‍മാതാക്കള്‍ക്ക് പുതിയ ഇന്ധന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വാഹനങ്ങള്‍ സജ്ജമാക്കാന്‍ ആവശ്യമായ സമയം നല്‍കണമെന്നും, നിലവില്‍ റോഡിലുള്ള പഴയ വാഹനങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മെഴ്സിഡീസ്-ബെന്‍സിന്റെ പുതിയ മോഡലുകള്‍ എല്ലാം നിലവിലെ ഇ20 പെട്രോളിന് അനുയോജ്യമാണ്. പുതിയ S-Class Hybrid ഉള്‍പ്പെടെയുള്ള ചില മോഡലുകള്‍ E25 വരെ ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, E25ലേക്കോ അതിലുപരി ഉയര്‍ന്ന എഥനോള്‍ മിശ്രിതത്തിലേക്കോ മാറണമെങ്കില്‍, സര്‍ക്കാര്‍ വ്യക്തമായ ഒരു റോഡ്മാപ്പ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ സാങ്കേതിക മാറ്റങ്ങള്‍ വരുത്താന്‍ മതിയായ സമയം നല്‍കണമെന്നാണ് ആവശ്യം. കൂടാതെ, മാറ്റത്തിന്റെ ഇടക്കാലഘട്ടത്തില്‍ പെട്രോള്‍ പമ്പുകളില്‍ വിവിധ എഥനോള്‍ മിശ്രിതങ്ങളുള്ള ഇന്ധനങ്ങള്‍ ലഭ്യമാക്കണമെന്നും, പഴയ വാഹനങ്ങളുടെ ഉടമകള്‍ക്ക് അവരുടെ വാഹനത്തിന് അനുയോജ്യമായ ഇന്ധനം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പ്രശ്‌നം പുതിയ വാഹനങ്ങളിലല്ലെന്നും, ഉയര്‍ന്ന എഥനോള്‍ മിശ്രിതത്തിനായി രൂപകല്‍പ്പന ചെയ്യാത്ത പഴയ വാഹനങ്ങള്‍ നിരവധി ഉള്ളതാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഥനോള്‍ ഉപയോഗം വര്‍ധിപ്പിക്കാനും ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ ഇ25 പെട്രോളിന്റെ പരീക്ഷണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനായി ARAI 1.5 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പരീക്ഷണങ്ങള്‍ നടത്തും. തുടര്‍ന്ന് റിപ്പോര്‍ട്ട് ICAT പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍.

2026ലെ ആദ്യ ആറുമാസത്തില്‍ മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ 9,768 വാഹനങ്ങള്‍ വിറ്റഴിച്ച് റെക്കോര്‍ഡ് വില്‍പ്പനയാണ് നേടിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9 ശതമാനം കൂടുതലാണ്.

നിലവിലെ ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്‌നങ്ങളൊന്നും കമ്പനി നേരിട്ടിട്ടില്ലെന്ന് സന്തോഷ് അയ്യര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സംശയങ്ങള്‍ ഉണ്ടായാലും, മെഴ്സിഡീസ് വാഹനങ്ങള്‍ E20ന് അനുയോജ്യമാണെന്ന് അറിയിച്ചതോടെ ആശങ്കകള്‍ മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ആശങ്കകള്‍ക്ക് കാരണം ഇന്ധനത്തിന്റെ ഗുണനിലവാരത്തിലുള്ള വ്യത്യാസങ്ങളാകാമെന്നാണ് നിഗമനം.

Content Highlights: Mercedes-Benz India has called for a phased transition to higher ethanol fuel blends, urging the government to provide a clear roadmap and sufficient lead time for automakers while protecting owners of older vehicles

To advertise here,contact us