സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാതാക്കളായ പ്രീമിയര്‍ എനര്‍ജീസിന് 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 3,011 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിച്ചു. സോളാര്‍ സെല്ലുകളും സോളാര്‍ മൊഡ്യൂളുകളും വിതരണം ചെയ്യുന്നതിനായുള്ള കരാറുകളാണിതെന്ന് കമ്പനി അറിയിച്ചു.
വൈദ്യുതി ഉല്പാദന കമ്പനികളും സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാതാക്കളുമാണ് ഈ ഓര്‍ഡറുകള്‍ നല്‍കിയിരിക്കുന്നത്. ആകെ 1,846 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും വിതരണം ചെയ്യുന്നതാണ് കരാര്‍. വിതരണം 2027-28, 2028-29 സാമ്പത്തിക വര്‍ഷങ്ങളിലായി പൂര്‍ത്തിയാക്കുമെന്ന് കമ്പനി വ്യക്തമാക്കി.
പുതിയ സാങ്കേതികവിദ്യകളിലേക്കുള്ള നിക്ഷേപം, ഉല്പാദന ശേഷിയുടെ വര്‍ധന, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രീമിയര്‍ എനര്‍ജീസ് നേടിയ വിപണി നേതൃത്വത്തിന്റെ തെളിവാണ് ഈ പുതിയ ഓര്‍ഡറുകള്‍, എന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ചിരഞ്ജീവ് സലൂജ പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ കമ്പനിക്ക് 11.1 ഗിഗാവാട്ട് സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണ ശേഷിയും 3.6 ഗിഗാവാട്ട് സോളാര്‍ സെല്‍ നിര്‍മ്മാണ ശേഷിയുമുണ്ട്. സമ്പൂര്‍ണ സോളാര്‍ നിര്‍മ്മാണ കമ്പനിയായി വളരുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 6,000 കോടി രൂപ നിക്ഷേപിച്ച് 10 ഗിഗാവാട്ട് ഇന്ഗോട്ട് നിര്‍മ്മാണ ശേഷിയും 10 ഗിഗാവാട്ട് വേഫര്‍ നിര്‍മ്മാണ ശേഷിയും സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
Content Highlights: Premier Energies has won Rs 3,011 crore in fresh orders to supply 1,846 MW of solar cells and modules, strengthening its position as one of India's leading solar manufacturers