ജീവിതത്തിലെ പല വിജയങ്ങൾക്കും പിന്നിൽ ഒരു പക്ഷേ കണ്ണീരിന്റെ കഥകളുണ്ടാകും. ചില സ്വപ്നങ്ങൾ പണത്തേക്കാൾ വിലയേറിയ ത്യാഗങ്ങളിലൂടെയാണ് യാഥാർഥ്യമാകുന്നത്. അത്തരത്തിലൊരു ഹൃദയസ്പർശിയായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരുകാലത്ത് കോളേജ് ഫീസ് അടയ്ക്കാൻ പോലും പണമില്ലാതിരുന്ന കുടുംബം.അമ്മ സ്വന്തം സ്വർണവളകൾ വിറ്റ് മകന്റെ പഠനം തുടരാൻ വഴിയൊരുക്കി. വർഷങ്ങൾക്കുശേഷം അതേ മകൻ ലോകത്തിലെ പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റിൽ കോടികളുടെ ശമ്പളമുള്ള എൻജിനീയറായി മാറിയ കഥയാണ് ഇപ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുന്നത്.
ബെംഗളൂരു സ്വദേശിയും നിലവിൽ അമേരിക്കയിലെ സിയാറ്റിലിൽ മൈക്രോസോഫ്റ്റിൽ സീനിയർ സോഫ്റ്റ്വെയർ എൻജിനീയറുമായ മനു അഗർവാളാണ് തന്റെ ജീവിതത്തിലെ ഈ മറക്കാനാവാത്ത അനുഭവം ലിങ്ക്ഡ്ഇനിലൂടെ പങ്കുവെച്ചത്. മനുവിന്റെ ബിസിഎ പഠനകാലത്തായിരുന്നു സംഭവം. ഒരു സെമസ്റ്ററിന്റെ ഫീസ് അടയ്ക്കാൻ ആവശ്യമായ 15,000 രൂപ പോലും കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ അച്ഛൻ ഒരു തീരുമാനമെടുത്തു. അമ്മയുടെ സ്വർണവളകൾ വിറ്റ് ഫീസ് കണ്ടെത്തുകയായിരുന്നു അത്. ആ നിമിഷം ഇന്നും തന്റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നുവെന്ന് മനു കുറിക്കുന്നു.
"അമ്മ ഒരു മടിയും കൂടാതെ വളകൾ അച്ഛന്റെ കൈയിൽ ഏൽപ്പിച്ചു. ആ രാത്രി എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. എന്റെ പഠനത്തിനായി അമ്മയുടെ ആഭരണങ്ങൾ നഷ്ടമാകേണ്ടി വന്നത് ഇന്നും മറക്കാൻ കഴിയില്ല," എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ആ സംഭവമാണ് ജീവിതത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനമായതെന്നും മനു പറയുന്നു.
പഠനത്തിലും ജോലിയിലും മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം പിന്നീട് മൈക്രോസോഫ്റ്റിൽ ഇന്റേൺഷിപ്പ് നേടുകയും തുടർന്ന് സ്ഥിരം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇന്ന് അമേരിക്കയിലെ സിയാറ്റിലിൽ സീനിയർ സോഫ്റ്റ്വെയർ എൻജിനീയറായി പ്രവർത്തിക്കുന്ന മനു അഗർവാളിന്റെ വാർഷിക ശമ്പളം ഏകദേശം 1.9 കോടിയാണ്.
2016-ൽ മൈക്രോസോഫ്റ്റിന്റെ ഹൈദരാബാദ് ഓഫീസിൽ ഇന്റേൺഷിപ്പിലൂടെയാണ് മനുവിന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ബെംഗളൂരുവിലെ ജിഇ ഹെൽത്ത്കെയറിലും ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ശേഷം മൈക്രോസോഫ്റ്റിൽ സ്ഥിരം ജോലിയിൽ പ്രവേശിക്കുകയും തുടർന്ന് സിയാറ്റിലിലേക്ക് മാറുകയും ചെയ്തു.
ജോലി കിട്ടി നല്ല നിലയിലെത്തിയപ്പോൾ, അമ്മയെ വിളിച്ച് ഇഷ്ടമുള്ള ആഭരണങ്ങൾ വീണ്ടും വാങ്ങിക്കോളാൻ മനു ആവശ്യപ്പെട്ടു. "മോനേ, നീ ഈ നിലയിലെത്തിയതോടെ ഞങ്ങൾക്ക് എല്ലാം തിരികെ കിട്ടിയതുപോലെയാണ്," എന്നായിരുന്നു അമ്മയുടെ മറുപടി.ഈ കുറിപ്പ് ലിങ്ക്ഡ്ഇനിൽ വൈറലായതോടെ ആയിരക്കണക്കിന് ആളുകൾ പ്രതികരണങ്ങളുമായി രംഗത്തെത്തി. മാതാപിതാക്കളുടെ ത്യാഗങ്ങളെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങളും പലരും പങ്കുവെച്ചു. പണത്തേക്കാൾ വിലയേറിയത് മാതാപിതാക്കളുടെ സ്നേഹവും വിശ്വാസവുമാണെന്നും, യഥാർഥ സമ്പത്ത് അതാണെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
മനുവിന്റെ ജീവിതകഥ ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല,മക്കളുടെ ഭാവിക്കായി സ്വന്തം സ്വപ്നങ്ങളും സമ്പാദ്യങ്ങളും പോലും ത്യജിക്കുന്ന മാതാപിതാക്കളുടെ നിസ്വാർത്ഥ സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
Content Highlights: Bengaluru Microsoft techie: Got Rs 1.9 crore job after father sold mother's gold for my studies