ട്രംപ് ഭരണകൂടം പറഞ്ഞിട്ടും രക്ഷയില്ല; അദാനിയെ വെറുതെ വിടാതെ US ജഡ്ജി; 'കേസ് തള്ളാൻ കാരണമെന്ത്?' എന്ന് ചോദ്യം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് തന്നെയാണ് അദാനിക്കെതിരായ കേസുകൾ തള്ളാൻ ആവശ്യപ്പെട്ടത്

അദാനിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് യുഎസ് ജഡ്ജി. നീതിന്യായ വകുപ്പിൻ്റെ തീരുമാനത്തെയാണ് ജഡ്ജി ചോദ്യം ചെയ്തത്. അദാനിക്കെതിരേ കേസ് ഒഴിവാക്കാനുള്ള കാരണമെന്താണെന്ന് വിശദീകരിക്കാൻ ജഡ്ജി നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു. കേസ് തള്ളണമെന്ന അദാനിയുടെ അഭിഭാഷകരുടെ ആവശ്യത്തെയും അദ്ദേഹം നിരസിച്ചു.

യുഎസ് ജില്ലാ കോടതി ജഡ്ജിയായ നിക്കോളാസ് ഗരൗഫിസ് ആണ് കേസ് തള്ളുന്ന നടപടിയെ ന്യായീകരിക്കാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടത്. ഇതിനായി ജൂലൈ 13 വരെ ഉദ്യോഗസ്ഥർക്ക് ജഡ്ജി സമയം നൽകി. സർക്കാരിന്റെ പ്രസ്താവന കോടതിക്ക് ഒരു നിഗമനത്തിലെത്താൻ മതിയായ അടിസ്ഥാനമില്ലാത്തതാണ് എന്നും വിശകലനം നടത്താനുള്ള സാധ്യത അതിനില്ല എന്നുമാണ് ജഡ്ജി പറഞ്ഞത്.

സൗരോർജ കരാറുകൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ പദ്ധതിയിട്ടെന്നും യുഎസ് നിക്ഷേപകരിൽ കമ്പനിയുടെ അഴിമതി വിരുദ്ധ നടപടികളെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നുമാണ് അദാനിക്ക് മേലുള്ള കേസ്. കേസിൽ അദാനിയുടെ അനന്തരവൻ സാഗർ അദാനിയേയും യുഎസ് ഉദ്യോഗസ്ഥർ പ്രതിചേർത്തിരുന്നു. എന്നാൽ പരാതിയെ അദാനി തള്ളുകയാണ് ചെയ്തത്.

2024 നവംബറിൽ നടന്ന ഒരു ഓഹരി വിപണി ഫയലിങിൽ കൈക്കൂലി കേസിനല്ല, നിക്ഷേപ തട്ടിപ്പിനാണ് യുഎസിൽ കുറ്റം ചുമത്തിയിരിക്കുന്നത് എന്നാണ് കമ്പനി പറഞ്ഞത്. മെയ് 18ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് തന്നെയാണ് അദാനിക്കെതിരായ കേസുകൾ തള്ളാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടത്. അമേരിക്കയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാമെന്നും 15000 തൊഴിലുകൾ സൃഷ്ടിക്കാമെന്നും ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ട്രംപ് കുറ്റവിമുക്തനാക്കാൻ ഇടപെട്ടത്.

Content Highlights: A US judge has questioned the Justice Department's decision to drop criminal charges against Gautam Adani and sought an explanation for the move, raising fresh scrutiny over the case.

To advertise here,contact us