ദുബായ്: ബിസിനസ്സിൽ നിന്ന് ലാഭവിഹിതം കൃത്യമായി നൽകിയാലും നിക്ഷേപകൻ ഇറക്കിയ യഥാർത്ഥ മൂലധനം തിരികെ നൽകാൻ ബിസിനസ്സ് മാനേജർക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന നിർണ്ണായക നിരീക്ഷണവുമായി ദുബായ് സിവിൽ കോടതി. ബിസിനസ് പങ്കാളിക്ക് 1.35 ദശലക്ഷം ദിർഹം (ഏകദേശം 3 കോടിയിലധികം ഇന്ത്യൻ രൂപ) ഉടനടി തിരികെ നൽകാൻ കോടതി അറബ് സ്വദേശിയോട് ഉത്തരവിട്ടു.
നേരത്തെ 1.1 ദശലക്ഷം ദിർഹം ലാഭവിഹിതമായി നൽകിയിട്ടുണ്ടെന്നും അതിനാൽ ഈ ബാധ്യതയിൽ നിന്ന് ഒഴിവാക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണ്ണമായും തള്ളി. യുഎഇ ബിസിനസ്സ് മേഖലയിൽ വലിയ നിയമപരമായ പ്രാധാന്യമുള്ളതാണ് ഈ വിധിയെന്ന് നിയമവിദഗ്ധർ സൂചിപ്പിക്കുന്നു.
ഏതാനും വർഷങ്ങൾക്ക് മുൻപ് പ്രാദേശിക കാർ വ്യാപാര സ്ഥാപനത്തിൽ നിക്ഷേപിക്കുന്നതിനായാണ് പരാതിക്കാരൻ 1.35 ദശലക്ഷം ദിർഹം പ്രതിക്ക് കൈമാറിയത്. പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ബിസിനസ്സ് മികച്ച രീതിയിൽ മുന്നോട്ട് പോകുകയും പരാതിക്കാരന് 1,100,000 ദിർഹം ലാഭവിഹിതമായി ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള ബിസിനസ്സ് ബന്ധം വഷളാകുകയും, പ്രതി നിക്ഷേപ തുക പൂർണ്ണമായി കൈവശപ്പെടുത്തുകയുമായിരുന്നു. തുക തിരികെ നൽകാൻ നിക്ഷേപകൻ നിരന്തരം ആവശ്യപ്പെട്ടെങ്കിലും പ്രതി തയ്യാറായില്ല. തുടർന്നാണ് കേസ് കോടതിയിലെത്തിയത്.
ലാഭവിഹിതം നൽകിയതോടെ ബാധ്യതകൾ തീർന്നുവെന്നും അതിനാൽ കേസ് തള്ളിക്കളയണമെന്നുമായിരുന്നു പ്രതിഭാഗം വക്കീലിന്റെ പ്രധാന വാദം. എന്നാൽ ലാഭവിഹിതവും യഥാർത്ഥ മൂലധനവും (Seed Capital) നിയമപരമായി രണ്ടായി തന്നെ കാണണമെന്ന് കോടതി വ്യക്തമാക്കി. നിക്ഷേപകൻ ആവശ്യപ്പെടുമ്പോൾ യഥാർത്ഥ നിക്ഷേപ തുക തിരികെ നൽകാൻ തുക കൈപ്പറ്റിയ ആൾക്ക് കർശനമായ നിയമബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
ആധുനിക ഡിജിറ്റൽ ഫോറൻസിക് പരിശോധനയിലൂടെ ഇരുവരും തമ്മിൽ കൈമാറിയ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ കോടതി പരിശോധിച്ചു. ഈ സന്ദേശങ്ങളിൽ നിന്ന് 1.35 ദശലക്ഷം ദിർഹം തിരികെ നൽകേണ്ട ബിസിനസ്സ് മൂലധനം തന്നെയാണെന്ന് തെളിയിക്കാനും സാധിച്ചു. പ്രതിയുടെ വാദങ്ങളെ പൊളിക്കാൻ ഈ ഡിജിറ്റൽ തെളിവുകൾ നിർണ്ണായകമായി.
1.35 ദശലക്ഷം ദിർഹത്തിന്റെ യഥാർത്ഥ മൂലധനം പരാതിക്കാരന് പൂർണ്ണമായും തിരികെ നൽകാൻ ഉത്തരവിട്ടത് കൂടാതെ കേസ് ഫയൽ ചെയ്ത തീയതി മുതൽ തുക പൂർണ്ണമായി അടച്ചുതീർക്കുന്നത് വരെ നിയമപരമായ 5 ശതമാനം വാർഷിക പലിശയും പ്രതി കോടതി ചിലവുകൾക്കൊപ്പം നൽകണമെന്നും ദുബായ് സിവിൽ കോടതി വിധിച്ചു.
Content Highlights: A Dubai court has ordered an Arab businessman to pay Dh1.35 million to his expatriate business partner in connection with a business fraud case. The ruling highlights the UAE's legal approach to resolving commercial disputes and enforcing accountability in business partnerships involving financial misconduct.