മുംബൈ: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനിടയിൽ പ്രമുഖ ടൂത്ത് പേസ്റ്റ് കമ്പനിയായ കോൾഗേറ്റും തങ്ങളുടെ വിവിധ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു. കോൾഗേറ്റ് ഡെന്റൽ ക്രീം, മാക്സ് ഫ്രെഷ്, വിസിബിൾ വൈറ്റ് എന്നിവയ്ക്ക് 4 മുതൽ 5 ശതമാനം വരെയാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും പാക്കേജിംഗ് ചെലവുകളിലുണ്ടായ വർദ്ധനവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന സൂചനകള്.
കമ്പനിയുടെ പ്രീമിയം വിഭാഗത്തിൽപ്പെടുന്ന 'വിസിബിൾ വൈറ്റ് പർപ്പിൾ' (200g + 20% എക്സ്ട്രാ) പാക്കിനാണ് ഏറ്റവും വലിയ വർദ്ധനവുണ്ടായിരിക്കുന്നത്. 17 രൂപ വർദ്ധിച്ച് 395 രൂപ എന്നതാണ് പുതിയ നിരക്ക്. മറ്റ് പ്രധാന പാക്കുകളായ കോൾഗേറ്റ് ഡെന്റൽ ക്രീം കോംബോ (200g + 100g + ബ്രഷ്) പാക്കിന് 8 രൂപ വർദ്ധിച്ച് 208 രൂപയും, സാധാരണ 200 ഗ്രാം ഡെന്റൽ ക്രീമിന് 5 രൂപ വർദ്ധിച്ച് 135 രൂപയുമായി. മാക്സ് ഫ്രെഷ് ബ്ലൂ (70g + 15% extra) പാക്കിന് 4 രൂപ കൂടി 83 രൂപയായപ്പോൾ, 100 ഗ്രാം ഡെന്റൽ ക്രീമിന് 3 രൂപ വർദ്ധിച്ച് പുതിയ വില 73 രൂപയായി മാറി. എന്നാൽ 100 ഗ്രാം പാക്കിന് വില കൂട്ടിയതിനൊപ്പം അതിന്റെ അളവിൽ 10 ശതമാനം വർദ്ധനവ് കമ്പനി വരുത്തിയിട്ടുണ്ട്.
അതേസമയം, ഗ്രാമീണ വിപണിയെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള കുറഞ്ഞ വിലയുടെ ചെറിയ പാക്കുകളിൽ കമ്പനി നിലവിൽ മാറ്റം വരുത്തിയിട്ടില്ല. ഈ വിഭാഗങ്ങൾ വില വ്യതിയാനങ്ങളോട് വളരെ വേഗം പ്രതികരിക്കുന്നതിനാലാണ് വിതരണക്കാർ നൽകുന്ന സൂചന പ്രകാരം ഇവ തൽക്കാലം ഒഴിവാക്കിയത്.
ഇന്ത്യൻ ടൂത്ത്പേസ്റ്റ് വിപണിയിൽ 45 മുതൽ 50 ശതമാനം വരെ വിപണി വിഹിതവുമായി കോൾഗേറ്റ് തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്. എച്ച് യു എല്ലിന്റെ പെപ്സോഡന്റ്, ക്ലോസ്-അപ്പ്, ഡാബർ റെഡ്, സെൻസൊഡൈൻ, പതഞ്ജലിയുടെ ദന്തകാന്തി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളേക്കാൾ വളരെ മുന്നിലാണ് കോൾഗേറ്റിന്റെ സ്ഥാനം. കോൾഗേറ്റ്-പാമോലീവിന്റെ ആകെ വരുമാനത്തിന്റെ 80 ശതമാനവും വരുന്നത് ടൂത്ത്പേസ്റ്റ് വിപണിയിൽ നിന്നാണ്.
കെമിക്കൽ ഡെറിവേറ്റീവുകൾ, പ്ലാസ്റ്റിക്, ലോജിസ്റ്റിക്സ് എന്നിവയുടെ ചെലവ് വർദ്ധിച്ചതാണ് കമ്പനിയുടെ ലാഭക്ഷമതയെ ബാധിച്ചത്. തങ്ങളുടെ നാലാം പാദ സാമ്പത്തിക അവലോകന യോഗത്തിൽ തന്നെ ഇൻപുട്ട് ചെലവുകൾക്കനുസരിച്ച് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് വില കൂട്ടേണ്ടി വരുമെന്ന് കമ്പനി മാനേജ്മെന്റ് സൂചിപ്പിച്ചിരുന്നു. വിലക്കയറ്റത്തിന്റെ ഭാരം ഭാഗികമായി ഉപഭോക്താക്കളിലേക്ക് കൈമാറാൻ കമ്പനികൾ നിർബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ മറ്റ് എഫ് എം സി ജി കമ്പനികളും സമാനമായ വിലവർദ്ധനവിലേക്ക് നീങ്ങുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.
Content Highlights: Colgate has announced price increases for a range of products, including toothpaste. The revision is expected to raise costs for consumers and reflects broader trends in input costs and market conditions affecting the fast-moving consumer goods sector.