രാജ്യത്തെ വിദ്യാഭ്യാസ വായ്പാ വിപണിയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിക്കൊണ്ട് ആകെ വായ്പാ കുടിശ്ശിക 2.5 ലക്ഷം കോടി രൂപയായി (2.5 ട്രില്യൺ രൂപ) ഉയർന്നു. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ ട്രാൻസ്യൂണിയൻ സിബിൽ 2026 നവംബറിൽ പുറത്തുവിട്ട 'ലെൻഡിംഗ് അൺലോക്ക്ഡ്: എഡ്യൂക്കേഷൻ ലോൺസ്' എന്ന റിപ്പോർട്ടിലാണ് ഈ സുപ്രധാന വിവരങ്ങളുള്ളത്. 2026 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം, 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് വായ്പാ കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നത്. ഉയർന്ന തുകയ്ക്കുള്ള വായ്പകൾ വർധിച്ചതും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഫിൻടെക് സ്ഥാപനങ്ങൾ എന്നിവ വഴിയുള്ള വായ്പാ വിതരണം ശക്തമായതുമാണ് വിപണിയിലെ ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ.
നിലവിൽ രാജ്യത്ത് 29.1 ലക്ഷം സജീവ വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകളാണുള്ളത്, ഇത് 2019-നെ അപേക്ഷിച്ച് 1.4 മടങ്ങ് കൂടുതലാണ്. വായ്പയെടുക്കുന്നവരുടെ പ്രായപരിധിയിലും ലക്ഷ്യങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുൻകാലങ്ങളിൽ 30 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾ മാത്രമായിരുന്നു വായ്പകളെ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ന് 30 വയസ്സിന് മുകളിലുള്ളവരും വലിയ തോതിൽ വിദ്യാഭ്യാസ വായ്പകൾ എടുക്കുന്നുണ്ട്. പുതിയ നൈപുണ്യ വികസനത്തിനും കരിയർ വളർച്ചയ്ക്കുമായി താരതമ്യേന ചെറിയ തുകയ്ക്കുള്ള വായ്പകൾ എടുക്കുന്ന പ്രവണതയാണ് മുപ്പത് കഴിഞ്ഞവരിൽ കൂടുതലായി കാണുന്നത്.
വായ്പയെടുക്കുന്നവരെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായാണ് റിപ്പോർട്ടിൽ തരംതിരിച്ചിരിക്കുന്നത്. 30 വയസ്സിന് താഴെയുള്ളവർ സ്വന്തമായി എടുക്കുന്ന പരമ്പരാഗത വിദ്യാർത്ഥി വായ്പകൾ, 30 വയസ്സിന് മുകളിലുള്ളവർ കരിയർ വളർച്ചയ്ക്കായി സ്വന്തമായി എടുക്കുന്ന വായ്പകൾ, കൂടാതെ 30 വയസ്സിന് മുകളിലുള്ള ഒരാൾ സഹ-വായ്പക്കാരനായി നിൽക്കുന്ന സംയുക്ത വായ്പകൾ എന്നിവയാണവ. ഉന്നത പഠനത്തിനായി വലിയ തുകകൾ ആവശ്യമായി വരുമ്പോൾ രക്ഷിതാക്കളെയോ മുതിർന്നവരെയോ സഹ-വായ്പക്കാരായി ഉൾപ്പെടുത്തുന്ന രീതിയും സജീവമാണ്.
വായ്പാ വിതരണം കുതിച്ചുയരുമ്പോഴും തിരിച്ചടവ് നിരക്കുകൾ ആരോഗ്യകരമായ നിലയിലാണെന്നത് ധനകാര്യ മേഖലയ്ക്ക് ആശ്വാസം നൽകുന്നുണ്ട്. 90 മുതൽ 179 ദിവസം വരെ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ നിരക്ക് വെറും 0.53 ശതമാനം മാത്രമാണ്. തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വയം നവീകരിക്കാൻ യുവാക്കളും മുതിർന്നവരും ഒരുപോലെ തയ്യാറാകുന്നതാണ് വിദ്യാഭ്യാസ വായ്പാ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നത്.
Content Highlights: India's education loan outstanding has surged to ₹2.5 lakh crore, according to TransUnion CIBIL's November 2026 report. Education loan outstanding has increased 3.2 times between August 2019 and August 2026