350 കോടിയുടെ നീക്കം; ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറില്‍ അധിക ഓഹരികള്‍ സ്വന്തമാക്കി ആസാദ് മൂപ്പന്‍ കുടുംബം

കമ്പനിയിലെ മൂപ്പൻ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം 24.58 ശതമാനമായി ഉയർന്നു

ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറില്‍ ഡോ. ആസാദ് മൂപ്പനും കുടുംബവും ഓഹരി പങ്കാളിത്തം വീണ്ടും ഉയർത്തി. ഏകദേശം 350 കോടി ചെലവഴിച്ച് 46.09 ലക്ഷം ഓഹരികളാണ് മൂപ്പൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യൂണിയൻ (മൗറീഷ്യസ്) ഹോൾഡിങ്സ് ലിമിറ്റഡ് സ്വന്തമാക്കിയത്. സെപ്റ്റംബർ 2ന് നടന്ന ഇടപാടിൽ ഒരു ഓഹരിക്ക് 760 എന്ന നിരക്കിലാണ് വാങ്ങൽ. ഇതോടെ കമ്പനിയിലെ മൂപ്പൻ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം 24.58 ശതമാനമായി ഉയർന്നു. കമ്പനിയുടെ മൊത്തം ഓഹരികളുടെ ഏകദേശം 0.57 ശതമാനമാണ് പുതിയതായി സ്വന്തമാക്കിയത്.

TPG പിന്തുണയുള്ള സെന്റേല മൗറീഷ്യസ് ഹോൾഡിംഗ്സ് ലിമിറ്റടിൽ നിന്നാണ് മൂപ്പൻ കുടുംബം ഓഹരികൾ വാങ്ങിയത്. കമ്പനിയുടെ ദീർഘകാല വളർച്ചയിൽ കുടുംബത്തിനുള്ള ആത്മവിശ്വാസമാണ് പുതിയ നിക്ഷേപത്തിലൂടെ വ്യക്തമാകുന്നതെന്നാണ് വിലയിരുത്തൽ. വലിയ തുക ചെലവഴിച്ച് സ്വന്തം കമ്പനിയിൽ പ്രൊമോട്ടർ ഫാമിലി തന്നെ കൂടുതൽ ഓഹരി സ്വന്തമാക്കുന്നത് നിക്ഷേപകരുടെ ശ്രദ്ധ നേടുന്ന നീക്കമാണ്.

ആസ്റ്റർ ഡിഎംഹെൽത്ത് കെയറും ക്വാളിറ്റി കെയർ ഇന്ത്യ യും ലയിച്ചാണ് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ രൂപംകൊണ്ടത്. നിലവിൽ 28 നഗരങ്ങളിലായി 39 ആശുപത്രികളും 10,890ലധികം കിടക്കകളുമുള്ള വലിയ ആരോഗ്യപരിചരണ ശൃംഖലയാണ് കമ്പനി. ഇന്ത്യയിലെ ആശുപത്രി മേഖലയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം വിപുലീകരണ പദ്ധതികളുമായാണ് കമ്പനി മുന്നോട്ട് പോകുന്നത്.

ആസ്റ്റർ ഡിഎം ഉപസ്ഥാപനമായ KIMS ഹെൽത്ത് കെയർ മാനേജ്‌മന്റ് തിരുവനന്തപുരം ആശുപത്രിയുടെ വികസനത്തിനായി ഏകദേശം 134.4 കോടി നിക്ഷേപിക്കാനും പദ്ധതിയിടുന്നുണ്ട്. നിലവിലുള്ള 795 കിടക്കകളുള്ള ആശുപത്രിയിൽ 184 കിടക്കകൾ കൂടി കൂട്ടിച്ചേർത്ത് ശേഷി 979 കിടക്കകളാക്കി ഉയർത്തുകയാണ് ലക്ഷ്യം. പദ്ധതി 2028 മേയിൽ പൂർത്തിയാക്കാനാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന് പുറത്തേക്കും ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശിലെ STS Holdingsൽ 14.21 ശതമാനം ഓഹരി സ്വന്തമാക്കാൻ ആസ്റ്റര്‍ ഡിഎം നേരത്തെ ഏകദേശം 479 കോടി നിക്ഷേപിച്ചിരുന്നു.ആശുപത്രി ശൃംഖലയുടെ വിപുലീകരണവും പുതിയ വിപണികളിലേക്കുള്ള കടന്നുകയറ്റവും തുടരുന്നതിനിടെയാണ് മൂപ്പൻ കുടുംബം ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറില്‍ വീണ്ടും നിക്ഷേപം വർധിപ്പിച്ചിരിക്കുന്നത്. 350 കോടിയുടെ പുതിയ ഓഹരി വാങ്ങലോടെ പ്രൊമോട്ടർ ഓഹരി 24.58 ശതമാനത്തിലെത്തിയത് കമ്പനിയുടെ ഭാവി വളർച്ചയിൽ കുടുംബം നൽകുന്ന പ്രാധാന്യത്തിന്റെ ശക്തമായ സൂചനയായി മാറുകയാണ്.

Content Highlights: Azad Moopen family raises stake in Aster DM with Rs 350 crore share purchase

To advertise here,contact us