'കൂട്ടായ ശക്തിയുടെ വിജയം, വിദേശയാത്രയും സ്വർണം വാങ്ങുന്നതും കുറയ്ക്കണം'; 7.8% വളർച്ചയിൽ പ്രധാനമന്ത്രി

പ്രതിപക്ഷത്തെയും പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു

ഇന്ത്യയുടെ മികച്ച വളർച്ചാ നിരക്കിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വളർച്ച രാജ്യത്തിന്റെ കൂട്ടായ ശക്തിയുടെ പ്രതിഫലനമാണ് എന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഒപ്പം പൗരന്മാരോട് ചെലവ് ചുരുക്കാനും വിദേശ യാത്രകൾ, ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, അനാവശ്യമായി സ്വർണം വാങ്ങുന്നത് എന്നിവ പരമാവധി കുറയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

യുദ്ധം അടക്കമുള്ള പ്രതിസന്ധികൾ, ഇന്ധന വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവ ലോകത്തെത്ത പല സമ്പദ്‌വ്യവസ്ഥകളെയും ബാധിച്ചപ്പോൾ, ബുദ്ധിമുട്ടുകൾ വകഞ്ഞുമാറ്റിക്കൊണ്ട് രാജ്യം വളർച്ച കൈവരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് മുതൽ ഇങ്ങോട്ട് എവിടെയും വളർച്ച പ്രകടമായിരുന്നില്ല. എന്നാൽ ഇന്ത്യ മികച്ച രീതിയിൽ വളരുകയാണെന്നും മോദി പറഞ്ഞു.

പ്രതിപക്ഷത്തെയും പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു. രാജ്യത്തിനുള്ളിൽ ചിലർ അശുഭാപ്തിവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നുംനിരാശയുടെ ആഴങ്ങളിൽ മുങ്ങിപ്പോയ ആളുകളുണ്ട് അവരെല്ലാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇവരെയെല്ലാം രാജ്യം 7.8% വളർച്ച കൈവരിച്ചുവെന്നും മോദി പറഞ്ഞു. വളർച്ചയുടെ വേഗത നിലനിർത്തണം, സ്വാശ്രയ ഇന്ത്യയും കെട്ടിപ്പടുക്കണം. അതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. 'സ്വദേശി' എന്ന സങ്കല്പം നമ്മുടെയുള്ളിൽ ഇപ്പോഴും ഉണ്ടാകണം എന്നും പ്രധാനമന്ത്രി പറഞ്ഞു.

'സ്വദേശി' സങ്കല്പം എല്ലാ കാര്യത്തിലും പ്രയോഗികമാക്കണമെന്നും മോദി പറഞ്ഞു. അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കണം. വിദേശത്തുള്ള ഡെസ്റ്റിനേഷൻ വിവാഹങ്ങൾ എല്ലാം ഇന്ത്യയിൽ ആക്കണം. ആവശ്യം ഇല്ല എങ്കിൽ സ്വർണം പോലും ആരും വാങ്ങരുത്. സ്വാതന്ത്ര്യം ലഭിച്ച് 100 വർഷങ്ങൾ പിന്നിടുമ്പോൾ പുതിയ തലമുറയ്ക്ക് നമ്മൾ ഒരു മികച്ച ഇന്ത്യയെ കാഴ്ചവെക്കുമെന്നും മോദി പറഞ്ഞു.

2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8% ആയാണ് ഉയർന്നത്.കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 6.9% വളർച്ചയേക്കാൾ മികച്ച പ്രകടനമാണിത്. ഉപഭോഗവും സർക്കാർ മൂലധനച്ചെലവും വ്യവസായ മേഖലയിലെ മുന്നേറ്റവുമാണ് വളർച്ചയ്ക്ക് പ്രധാന കരുത്തായത്.

സാമ്പത്തിക വിദഗ്ധരുടെ 7.3% പ്രവചനത്തെയും ആർബിഐയുടെ 7% കണക്കുകൂട്ടലിനെയും വളർച്ച മറികടന്നു. വ്യവസായ മേഖലയിൽ നിർമാണ രംഗം മികച്ച മുന്നേറ്റം നടത്തി. മാനുഫാക്ചറിങ് 9.2% വളർന്നപ്പോൾ വൈദ്യുതി മേഖല 8.9%വും നിർമാണ മേഖല 7.7%വും വളർച്ച രേഖപ്പെടുത്തി. എന്നാൽ കാർഷിക വളർച്ച 3.6% ആയി കുറഞ്ഞു. ഖനന മേഖല 2.4% ചുരുങ്ങിയത് വ്യാവസായിക മേഖലയിലെ പ്രധാന തിരിച്ചടിയായി.

സേവന മേഖലയിലും ശക്തമായ വളർച്ച തുടർന്നു. ഫിനാൻഷ്യൽ, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ ഉൾപ്പെടുന്ന വിഭാഗം ഏകദേശം 12% വളർന്നു. സേവന കയറ്റുമതിയുടെ വളർച്ചയും 13.1% ആയി ഉയർന്നു. ഉപഭോഗ മേഖലയിലെ കണക്കുകളും സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് വ്യക്തമാക്കുന്നു. ആദ്യ പാദത്തിൽ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന ശരാശരി 25.6% ഉയർന്നു. വൈദ്യുതി ആവശ്യകതയിലെ വളർച്ച 8.4% ആയി മെച്ചപ്പെട്ടു. ജിഎസ്ടി നിരക്കിളവും ആദായനികുതി ഇളവുകളും കുടുംബങ്ങളുടെ ഡിസ്പോസബിൾ വരുമാനത്തെയും ഉപഭോഗത്തെയും പിന്തുണച്ചതായി വിലയിരുത്തപ്പെടുന്നു.

Content Highlights: Prime Minister Narendra Modi hailed India’s strong economic growth, calling it a reflection of the nation’s collective strength, while urging citizens to reduce unnecessary spending, foreign travel, destination weddings and excessive gold purchases.

To advertise here,contact us