മ്യൂച്വൽ ഫണ്ട് നിക്ഷേപം കുതിക്കുന്നു; നേട്ടം കൊയ്ത് ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി, ലാഭം 23% ഉയർന്നു

ഇന്ത്യയിലെ അസറ്റ് മാനേജ്മെന്റ് വ്യവസായം ഇപ്പോൾ വലിയ വളർച്ചാ സാധ്യതകളുള്ള മേഖലയാണ്

മ്യൂച്വൽ ഫണ്ട് മേഖലയിലെ പ്രമുഖ സ്ഥാപനമായ ഐസിഐസിഐ പ്രുഡൻഷ്യൽ അസറ്റ് മാനേജ്മെന്റ് കമ്പനി (AMC) 2026 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവച്ചു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം ഉയർന്ന് 965 കോടി ആയി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സമാന പാദത്തിൽ കമ്പനിയുടെ അറ്റാദായം 784 കോടി ആയിരുന്നു.

കമ്പനിയുടെ മൊത്തം വരുമാനത്തിലും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. ഒന്നാം പാദത്തിൽ മൊത്തം വരുമാനം 18 ശതമാനം വർധിച്ച് 1,564 കോടി ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വരുമാനം 1,326 കോടി ആയിരുന്നു. ബിസിനസ് പ്രവർത്തനങ്ങളിലെ വളർച്ചയും മാനേജ്മെന്റിന് കീഴിലുള്ള ആസ്തികളിലെ വർധനയും വരുമാന വളർച്ചയ്ക്ക് പ്രധാന കാരണങ്ങളായി.കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം 1,062 കോടി രൂപയിൽ നിന്ന് 21% വാർഷിക വർധനയോടെ 1,281 കോടി രൂപയായി. പാദാടിസ്ഥാനത്തിൽ ഇത് 1,046 കോടി രൂപയിൽ നിന്ന് 22% ത്തിന്റെ വർധയും പ്രകടമാക്കി. കമ്പനിയുടെ മൊത്തം ചെലവുകൾ 12% വാർഷിക വർധനയോടെ 464.4 കോടി രൂപയായി. ജീവനക്കാരുടെ ആനുകൂല്യ ചെലവുകൾ 204 കോടി രൂപയായി, കഴിഞ്ഞ വർഷം ഇത് 184 കോടി ആയിരുന്നു.

രാജ്യത്തെ മ്യൂച്വൽ ഫണ്ട് മേഖലയിലെ നിക്ഷേപ പ്രവാഹം തുടർച്ചയായി ശക്തിപ്പെടുന്ന സാഹചര്യമാണ് അസറ്റ് മാനേജ്മെന്റ് കമ്പനികൾക്ക് ഗുണകരമാകുന്നത്. റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം വർധിക്കുകയും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) വഴിയുള്ള സ്ഥിരമായ നിക്ഷേപങ്ങൾ ഉയരുകയും ചെയ്യുന്നത് ഈ മേഖലയിലെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നുണ്ട്.

കമ്പനിയുടെ മികച്ച സാമ്പത്തിക പ്രകടനത്തിന് പിന്നിൽ നിക്ഷേപകരുടെ വർധിച്ച വിശ്വാസവും വിപണിയിലെ ദീർഘകാല നിക്ഷേപ താൽപര്യവുമാണ് പ്രധാന ഘടകങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനുള്ള മാർഗമായി മ്യൂച്വൽ ഫണ്ടുകളെ കൂടുതൽ ആളുകൾ പരിഗണിക്കുന്ന പ്രവണത തുടരുകയാണ്. ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസിയുടെ പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിലും കമ്പനി ശ്രദ്ധാകേന്ദ്രമായി. ഓഹരികൾ ഇൻട്രാഡേയിൽ 2 ശതമാനത്തോളം മുന്നേറ്റം പ്രകടമാക്കി. ലാഭ വളർച്ചയും വരുമാനത്തിലെ വർധനയും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്ന സൂചനകളായാണ് വിപണി വിലയിരുത്തുന്നത്.

ഇന്ത്യയിലെ അസറ്റ് മാനേജ്മെന്റ് വ്യവസായം ഇപ്പോൾ വലിയ വളർച്ചാ സാധ്യതകളുള്ള മേഖലയാണ്. ബാങ്ക് നിക്ഷേപങ്ങൾക്ക് പുറമെ മ്യൂച്വൽ ഫണ്ടുകൾ, ഇക്വിറ്റി നിക്ഷേപങ്ങൾ, എസ്‌ഐപി പദ്ധതികൾ എന്നിവയിലേക്ക് കൂടുതൽ ആളുകൾ മാറുന്നത് കമ്പനികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്.

അതേസമയം, വിപണി സാഹചര്യങ്ങൾ, നിക്ഷേപകരുടെ വികാരം, ഓഹരി വിപണിയിലെ പ്രകടനം, പലിശ നിരക്കുകളിലെ മാറ്റങ്ങൾ എന്നിവ തുടർന്നുള്ള പാദങ്ങളിൽ കമ്പനിയുടെ വളർച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കും എന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.

Content Highlights: ICICI Prudential AMC Q1 Results | Net profit jumps 23% as total income climbs 18%

To advertise here,contact us