എക്സംപ്ഷന്‍ ഉത്തരവില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റുകള്‍ക്ക് നിയമാനുസൃത നടത്തിപ്പിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് അംനസ്റ്റി സ്കീം 2026 പ്രഖ്യാപിച്ചു. 2026 ജൂണ്‍ 29 മുതല്‍ ആരംഭിക്കുന്ന മൂന്ന് മാസക്കാലയളവിലാണ് ഈ ഒറ്റത്തവണ അവസരം ലഭിക്കുക. 1961ലെ ആദായനികുതി നിയമപ്രകാരം അംഗീകാരം നേടിയ പി.എഫ് ട്രസ്റ്റുകള്‍ നടത്തുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ബന്ധപ്പെട്ട അധികാരികളുടെയോ ഔദ്യോഗിക ഒഴിവാക്കല്‍ ഉത്തരവ് ലഭിക്കാത്ത സ്ഥാപനങ്ങള്‍ക്കാണ് ഈ പദ്ധതി ബാധകമാകുന്നത്.
നിലവില്‍ ഒഴിവാക്കല്‍ ലഭിക്കാത്ത സ്ഥാപനങ്ങളായി ഇപിഎഫ്ഒ ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനങ്ങള്‍ക്കും, ഭാവിയില്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്ന സ്ഥാപനങ്ങള്‍ക്കും, മുന്‍കാല പ്രാബല്യത്തോടെ ട്രസ്റ്റിന്റെ നിയമസാധുത ഉറപ്പാക്കാന്‍ ഈ പദ്ധതിയിലൂടെ അപേക്ഷിക്കാം. അതുപോലെ, സോഷ്യല്‍ സെക്യൂരിറ്റി കോഡ്, 2020 പ്രകാരം ഒഴിവാക്കല്‍ ലഭിച്ച സ്ഥാപനങ്ങളായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ ട്രസ്റ്റിന്റെ നിയമസാധുത ഉറപ്പാക്കാന്‍ ആംനസ്റ്റി സ്കീം ഉപയോഗിക്കാം.
ഇപിഎഫ്ഒയുടെ വിശദീകരണമനുസരിച്ച്, 1961ലെ ആദായനികുതി നിയമപ്രകാരമുള്ള അംഗീകാരം ഇനി ലഭിക്കുക, 1952ലെ Employees' Provident Fund & Miscellaneous Provisions Act-sന്റ സെക്ഷന്‍ 17 പ്രകാരം ഒഴിവാക്കല്‍ നേടിയ പ്രൊവിഡന്റ് ഫണ്ടുകള്‍ക്കു മാത്രമായിരിക്കും. ഈ പദ്ധതിയുടെ ഭാഗമായി അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് 1952ലെ ഇപിഎഫ് നിയമത്തിലെ സെക്ഷന്‍ 17ന്റെയും സോഷ്യല്‍ സെക്യൂരിറ്റി കോഡ്, 2020ലെ സെക്ഷന്‍ 143ന്റെയും അടിസ്ഥാനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ അംനസ്റ്റി അനുവദിക്കും.
അതേസമയം, ജീവനക്കാരുടെ പിഎഫ് അക്കൗണ്ടുകളില്‍ നിയമപ്രകാരം ലഭിക്കേണ്ട പലിശയും സംഭാവനയും അതേ നിരക്കിലോ അതിലും ഉയര്‍ന്ന നിരക്കിലോ നല്കിയിട്ടുണ്ടെങ്കില്, കുടിശ്ശിക, നഷ്ടപരിഹാരം, പലിശ എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ തുടരുന്ന നടപടികള്‍ പിന്‍വലിക്കുമെന്നും ഇപിഎഫ്ഒ അറിയിച്ചു.
Content Highlights: EPFO has launched the Amnesty Scheme 2026, giving eligible PF trusts a one-time opportunity to regularise their status with retrospective exemption while allowing withdrawal of pending dues, damages, and interest assessments, subject to prescribed conditions