കൊച്ചി ഷിപ്പ്‌യാർഡിന്റെ 5.04% ഓഹരി വിൽക്കാൻ കേന്ദ്ര സര്‍ക്കാര്‍; ഓഫര്‍ ഫോര്‍ സെയില്‍ പ്രഖ്യാപിച്ചു

ഓഹരിയുടെ കുറഞ്ഞ വില 1,400 ആയി നിശ്ചയിച്ചു

കൊച്ചി ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ സര്‍ക്കാര്‍ കൈവശമുള്ള ഓഹരികളില്‍ 5.04 ശതമാനം വരെ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫര്‍ ഫോര്‍ സെയില്‍ പ്രഖ്യാപിച്ചു. 2027 സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപ പിന്‍വലിക്കല്‍ (Disinvestment) ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

'ഓഫര്‍ ഫോര്‍ സെയിലില്‍ കമ്പനിയുടെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഓഹരി മൂലധനത്തിന്റെ 2.52 ശതമാനം അടിസ്ഥാന ഓഫറും, അധിക ആവശ്യം ഉണ്ടായാല്‍ വിനിയോഗിക്കാവുന്ന 2.52 ശതമാനം ഗ്രീന്‍ഷൂ ഓപ്ഷനും ഉള്‍പ്പെടുന്നു. ഓഹരിയുടെ കുറഞ്ഞ വില 1,400 ആയി നിശ്ചയിച്ചിട്ടുണ്ടെന്ന് പൊതുമേഖലാ ആസ്തി മാനേജ്‌മെന്റ് വകുപ്പിന്റെ സെക്രട്ടറി അരുണിഷ് ചൗള അറിയിച്ചു. ഓഫര്‍ ഫോര്‍ സെയില്‍ ജൂലൈ 7ന് റീട്ടെയില്‍ ഇതര നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 8ന് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. ലിസ്റ്റ് ചെയ്ത പൊതുമേഖലാ കമ്പനികള്‍ക്കായി നിലവില്‍ പിന്തുടരുന്ന സാധാരണ ഓഫര്‍ ഫോര്‍ സെയില്‍ നടപടിക്രമം അനുസരിച്ചായിരിക്കും വില്‍പ്പന.

2026-27 കേന്ദ്ര ബജറ്റില്‍ നിക്ഷേപ പിന്‍വലിക്കലിലൂടെയും ആസ്തി ധനവല്‍ക്കരണത്തിലൂടെയും 80,000 കോടി സമാഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതുവരെ സര്‍ക്കാര്‍ സമാഹരിച്ചത് 24,928.09 കോടി രൂപയാണ്. അതില്‍ 18,561.16 കോടി രൂപ നിക്ഷേപ പിന്‍വലിക്കലിലൂടെയും 6,366.93 കോടി രൂപ ആസ്തി ധനവല്‍ക്കരണത്തിലൂടെയുമാണ് സമാഹരിക്കുക. ഇത് വാര്‍ഷിക ലക്ഷ്യത്തിന്റെ ഏകദേശം 31.2 ശതമാനമാണ്.

സര്‍ക്കാരിന്റെ ഓഹരി വിഹിതം കുറയും

തിങ്കളാഴ്ചത്തെ വിപണി ക്ലോസിംഗ് വിലയായ 1,504.75 രൂപ പ്രകാരം, കേന്ദ്ര സര്‍ക്കാരിന്റെ 67.91 ശതമാനം ഓഹരി വിഹിതം (17.867 കോടി ഓഹരികള്‍) ഏകദേശം 26,885.55 കോടി രൂപ മൂല്യമുള്ളതാണ്. ഒഎഫ്എസില്‍ നിശ്ചയിച്ച 1,400 രൂപ ഫ്‌ലോര്‍ പ്രൈസ്, ക്ലോസിംഗ് വിലയേക്കാള്‍ ഏകദേശം 7 ശതമാനം കുറവാണ്.

അടിസ്ഥാന ഓഫറും ഗ്രീന്‍ഷൂ ഓപ്ഷനും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഓഹരികളും വിറ്റഴിക്കപ്പെട്ടാല്‍, കൊച്ചി ഷിപ്പ്യാര്‍ഡിലെ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിഹിതം 67.91 ശതമാനത്തില്‍ നിന്ന് 62.87 ശതമാനമായി കുറയും. എങ്കിലും, കമ്പനിയിലെ ഭൂരിപക്ഷ ഉടമസ്ഥാവകാശവും മാനേജ്‌മെന്റ് നിയന്ത്രണവും കേന്ദ്ര സര്‍ക്കാരിന്റെ കൈവശം തന്നെ തുടരും.

Content Highlights: The Centre has launched an Offer for Sale (OFS) of up to 5.04% in Cochin Shipyard at a floor price of ₹1,400 per share, aiming to boost FY27 disinvestment proceeds while retaining majority ownership

To advertise here,contact us