യുഎസിനെ രക്ഷിക്കാൻ ഫെഡ് തലപ്പത്ത് കെവിൻ വാർഷ്; റിഫോം-ഓറിയന്റഡ് സമീപനം രക്ഷയാകുമോ?

ബാങ്കിങ് രംഗത്തെ അനാവശ്യമായ സങ്കീർണ്ണ നിയമങ്ങൾ ഒഴിവാക്കി, ലളിതവും ശക്തവുമായ നിയന്ത്രണങ്ങൾ കൊണ്ടുവരും

യുഎസ് ഫെഡറൽ റിസർവിന്റെ പുതിയ ചെയർമാനായി കെവിൻ വാർഷ് ചുമതലയേറ്റു. ഡോണൾഡ് ട്രംപ് നിയമിച്ച വാർഷ്, മുൻ ചെയർമാൻ ജെറോം പാവലിന്റെ പകരക്കാരനായാണ് അധികാരത്തിലെത്തിയത്. “റിഫോം-ഓറിയന്റഡ് സെൻട്രൽ ബാങ്ക്” എന്ന ദർശനത്തോടെ പ്രവർത്തിക്കുമെന്നാണ് അദ്ദേഹം ചുമതലയേറ്റ ശേഷം പ്രഖ്യാപിച്ചത്.

മുൻ അനുഭവങ്ങളിൽ നിന്ന് പഠിച്ച് കൂടുതൽ ശക്തമായ പ്രവർത്തനം ഉറപ്പാക്കുന്ന രീതിയിൽ ഇടപെടുമെന്നും സാമ്പത്തിക വളർച്ച ശക്തമാക്കുകയും പണപ്പെരുപ്പം നിയന്ത്രിക്കാൻ പുതിയ സമീപനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് സമ്പദ്‌വ്യവസ്ഥ വിലക്കയറ്റ സമ്മർദ്ദം നേരിടുന്ന സമയത്താണ് വാർഷിന്റെ നിയമനം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എണ്ണവില വർധനയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഉൾപ്പെടെ നിരവധി ഘടകങ്ങൾ പണപ്പെരുപ്പം ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പുതിയ ഫെഡ് ചെയർമാൻ പലിശനിരക്ക് നയങ്ങളിൽ കൂടുതൽ കർശന സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് വിപണികൾക്കുമുള്ളത്. ഫെഡിന്റെ ബാലൻസ് ഷീറ്റിൽ സങ്കീർണതകൾ വർധിച്ചിട്ടുണ്ടെന്ന് വിമർശിച്ച വാർഷ്, അത് കുറയ്ക്കാനും നയങ്ങൾ ലളിതമാക്കുന്നതിലും ഊന്നൽ നൽകുമെന്നും പറഞ്ഞു. പലിശനിരക്കുകൾ സംബന്ധിച്ച് ഭരണകൂട സമ്മർദ്ദം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഫെഡറൽ റിസർവ് കൂടുതൽ സുതാര്യമാകണമെന്നും അതിന്റെ തീരുമാനങ്ങൾ വ്യക്തമായ നിയമങ്ങളെ അനുസൃതമാക്കിയാവണമെന്നും വാർഷ് പറയുന്നു. ബാങ്കിങ് രംഗത്തെ അനാവശ്യമായ സങ്കീർണ നിയമങ്ങൾ ഒഴിവാക്കി, ലളിതവും ശക്തവുമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് അദ്ദേഹം കരുതുന്നു. വിപണിയിൽ ദീർഘകാലത്തേക്ക് പലിശനിരക്ക് കുറച്ചു നിർത്തുന്നതിനെ എതിർക്കുന്ന വാർഷ് ഇത് ഭാവിയിൽ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ചു.

Content Highlights: Kevin Warsh takes over the Fed: What his ‘reform-oriented’ vision means for the US economy?

To advertise here,contact us