കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ലാഭത്തില്‍ 86% വളര്‍ച്ച; മൊത്തവരുമാനം 35,700 കോടിയിലേറെ

ഇന്ത്യയിലെ സ്റ്റാന്‍ഡ് എലോണ്‍ പ്രവര്‍ത്തനങ്ങളില്‍ നാലാം പാദത്തില്‍ 8,994 കോടി രൂപയുടെ വരുമാനവും 366 കോടി രൂപയുടെ നികുതിക്കു ശേഷമുള്ള ലാഭവും കമ്പനി നേടി

2025-26 സാമ്പത്തിക വര്‍ഷത്തില്‍ 35,700 കോടി രൂപയ്ക്കുമുകളില്‍ മൊത്ത വരുമാനം രേഖപ്പെടുത്തി കല്യാണ്‍ ജ്വല്ലേഴ്‌സ്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനം 35,743 കോടി രൂപയായി ഉയര്‍ന്നു.

തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 25,045 കോടി രൂപയായിരുന്നു. കമ്പനിക്ക് 43 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിക്കാനായതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. 2026ല്‍ നികുതി കിഴിച്ച ശേഷമുള്ള ലാഭം (പിഎടി) 1,350 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 714 കോടി രൂപയായിരുന്നു. ലാഭത്തില്‍ 86 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 10,275 കോടി രൂപയും പിഎടി 410 കോടി രൂപയുമായി. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് യഥാക്രമം 66 ശതമാനവും 118 ശതമാനവും വളര്‍ച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ സ്റ്റാന്‍ഡ് എലോണ്‍ പ്രവര്‍ത്തനങ്ങളില്‍ നാലാം പാദത്തില്‍ 8,994 കോടി രൂപയുടെ വരുമാനവും 366 കോടി രൂപയുടെ നികുതിക്കു ശേഷമുള്ള ലാഭവും കമ്പനി നേടി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 68 ശതമാനവും 97 ശതമാനവും വളര്‍ച്ചയാണ്.

രാജ്യാന്തര വിപണികളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നാലാംപാദത്തില്‍ 1,157 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 807 കോടി രൂപയായിരുന്നു. കമ്പനിയുടെ ഓണ്‍ലൈന്‍ - ഓഫ് ലൈന്‍ ലൈഫ്സ്‌റ്റൈല്‍ ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാന്‍ഡിയര്‍നാലാംപാദത്തില്‍ 131 കോടി രൂപയുടെ വരുമാനവും 3 കോടി രൂപയുടെ ലാഭവുമാണ് രേഖപ്പെടുത്തിയത്.

Content Highlights: Kalyan Jewellers India Ltd on Friday reported a more than two-fold jump in consolidated net profit to ₹409.50 crore in the fourth quarter of 2025-26 fiscal, citing higher income.

To advertise here,contact us