ഇന്നലെ മൂന്നു തവണ കുറഞ്ഞു, ഇന്ന് നേട്ടത്തില്‍ : ചാഞ്ചാടി സ്വർണ വില, ഇനി ഡോളറിനെ ആശ്രയിച്ച് നീക്കം

അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന യുഎസ് ഫെഡ് റിസർവിന്റെ പോളിസി യോ​ഗത്തിൽ ഡോളറിനെ ബാധിക്കുന്ന പ്രഖ്യാപനം എന്തെങ്കിലുമുണ്ടാകാം എന്ന പ്രതീക്ഷയും ഇന്ന് സ്വർണത്തെ തുണച്ചിട്ടുണ്ട്

1 min read|29 Apr 2026, 11:22 am

ഇന്നലെ മൂന്ന് തവണ വിലയിടിഞ്ഞശേഷം ഇന്ന് സ്വര്‍ണത്തിന് നേരിയ മുന്നേറ്റം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില നേരിയ തോതിൽ നേട്ടത്തിലായത്. അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന യുഎസ് ഫെഡ് റിസർവിന്റെ പോളിസി യോ​ഗത്തിൽ ഡോളറിനെ ബാധിക്കുന്ന പ്രഖ്യാപനം എന്തെങ്കിലുമുണ്ടാകാം എന്ന പ്രതീക്ഷയും ഇന്ന് സ്വർണത്തെ തുണച്ചിട്ടുണ്ട്.

സ്വർണ വില ഇന്ന് ​ഗ്രാമിന് 40 രൂപ കൂടി 13875 രുപയിലും ​പവന് 320 രൂപ വർധിച്ച് 1,11, 000 യിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 30 രൂപ വർധിച്ച് 11,400 രൂപയും പവന് 240 രൂപ വർധിച്ച് 91,200 രൂപയിലുമെത്തി. 14 കാരറ്റിന് 25 രൂപ ഉയർന്ന് ​ഗ്രാമിന് 8,880 രൂപയും പവന് 200 രൂപ ഉയർന്ന് 71,040 രൂപയുമായിട്ടുണ്ട്.

പ്രതീക്ഷ ദുർബലംഇന്നലെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി പവന് 2040 രൂപയും ഗ്രാമിന് 255 രൂപയും കുറഞ്ഞത് സ്വർണാഭരണം വാങ്ങാനിരുന്നവർക്ക് ആശ്വാസമായിരുന്നെങ്കിലും ഇന്ന് വില വീണ്ടും വർധിക്കുമെന്ന സൂചനയാണെന്ന വിലയിരുത്തലുണ്ട്. സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ മാസാവസാനത്തില്‍ വില കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.

എന്നാല്‍ രാജ്യാന്തര സംഘര്‍ഷങ്ങളില്‍ അയവ് വന്നിട്ടുണ്ടെങ്കിലും പ്രതീക്ഷകള്‍ ദുര്‍ബലമാണെന്നും വില ഉയർന്നേക്കാമെന്നുമുള്ള വിലയിരുത്തലുകളുണ്ട്. ഈ മാസത്തെ ഏറ്റവും കൂടിയ വില ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ്. ഈ നിരക്കില്‍ നിന്ന് 3,240 രൂപ കുറവിലാണ് സ്വര്‍ണം ഇപ്പോൾ എത്തിയിരിക്കുന്നത്.

ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടർന്ന് ഉണ്ടായ സൈനിക നീക്കങ്ങൾ സ്വർണ വിലയെ സ്വാധീനിച്ചിരുന്നു. എണ്ണ വില ഉയരുകയും പണപ്പെരുപ്പ സാധ്യത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിക്ഷേപകര്‍ സുരക്ഷിതമായ സ്വര്‍ണം പോലുള്ള ആസ്തികളിലേക്ക് തിരിയുകയായിരുന്നു.

എണ്ണവില ഉയര്‍ന്നതോടെ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിലേക്ക് അടുക്കുകയാണ്. ഫെഡറൽ റിസർവിൻ്റെ യോ​ഗത്തിൽ ഡോളറിന് കൈത്താങ്ങാകുന്ന നടപടികളുണ്ടെങ്കിൽ അത് സ്വർണ വിലയെ സ്വാധീനിക്കും.

Content Highlights : Gold prices recorded a mild gain today following three consecutive declines

To advertise here,contact us