രാജ്യത്തെ സെക്യൂരിറ്റി മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കള്‍ക്കുള്ള കെവൈസി നടപടികള്‍ ലളിതമാക്കണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിനോട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ ഏകീകരിക്കുന്നതിനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ഡിജിറ്റലൈസ് ചെയ്യാനും സെബി സഹായിക്കണം. ഒരേ ആള് തന്നെ വിവിധ സാമ്പത്തിക സേവനങ്ങള്‍ക്കോ പ്ലാറ്റ്ഫോമുകള്‍ക്കോ വേണ്ടി ആവര്‍ത്തിച്ച് വെരിഫിക്കേഷന് നടത്തേണ്ടി വരുന്നത് ഒഴിവാക്കണം. സെബി ഫൗണ്ടേഷന് ഡേയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റ് ശക്തിപ്പെടുത്തുന്നതില്‍ സെബി ഏകോപന ശക്തിയായി പ്രവര്‍ത്തിക്കണം. മികച്ച റേറ്റിങ് ഉള്ള കമ്പനികള്‍ക്ക് മാത്രമല്ല, അടിസ്ഥാനപരമായി ലാഭകരമായ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ബോണ്ട് മാര്‍ക്കറ്റിലേക്ക് പ്രവേശനം ലഭിക്കത്തക്ക രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരണം. കൂടാതെ, നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസമാഹരണം നടത്തുന്നതിനായി 'മുനിസിപ്പല്‍ ബോണ്ടുകള്‍' പ്രോത്സാഹിപ്പിക്കണമെന്നും ധനമന്ത്രി നിര്‍ദേശിച്ചു.
വിപണി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് സൈബര്‍ ആക്രമണങ്ങളാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ചിലോ ബാങ്കിങ് സംവിധാനത്തിലോ ഉണ്ടാകുന്ന ചെറിയ വീഴ്ച പോലും വിപണിയെ തകര്‍ക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കാനും കാരണമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സെബിയും വിപണിയിലെ മറ്റ് സ്ഥാപനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കണം. ഡീപ് ഫേക്ക് വീഡിയോകള്‍ ഉപയോഗിച്ച് നിക്ഷേപകരെ കബളിപ്പിക്കുന്നത് തടയണമെന്നും അവര്‍ പറഞ്ഞു.
വിപണി വലുതായാല്‍ മാത്രം പോരാ, അത് മികച്ചതാകണമെന്നും നിര്‍മല സീതാരാമന് പറഞ്ഞു. 'വിശ്വസ്തതയില്ലാത്ത വലിപ്പം ദുര്‍ബലമാണ്. നിക്ഷേപക സംരക്ഷണമില്ലാത്ത വ്യാപാരം ചൂഷണമാണ്. ശരിയായ ഭരണനിര്വ്വഹണമില്ലാത്ത വളര്‍ച്ച നിലനില്‍ക്കില്ല.' വിശ്വാസ്യതയും സുതാര്യതയുമാണ് വിപണിയുടെ അദൃശ്യമായ അടിസ്ഥാന സൗകര്യങ്ങളെന്നും അവര്‍ വ്യക്തമാക്കി. വിപണിയിലെ തട്ടിപ്പുകള്‍ കണ്ടെത്താന്‍ എഐ, മെഷീന് ലേണിങ് സാങ്കേതികവിദ്യകള്‍ സെബി ഉപയോഗിക്കുന്നത് പ്രശംസനീയമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Content Highlights: Simplify KYC processes, make common norms: FM Sitharaman to SEBI