പേടിഎമ്മില്‍ നിങ്ങളുടെ പണവും സേവനങ്ങളും സുരക്ഷിതമാണോ? ഉപഭോക്താക്കള്‍ അറിയേണ്ട 5 കാര്യങ്ങള്‍

നിങ്ങളുടെ അക്കൗണ്ടിലെ പണം, വാലറ്റ്, യുപിഐ സേവനങ്ങള്‍ എന്നിവയെ ഈ മാറ്റം എങ്ങനെയൊക്കെ ബാധിക്കുമെന്ന് പരിശോധിക്കാം

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി റദ്ദാക്കിയിരിക്കുകയാണ്. രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കളെയും ചെറുകിട വ്യാപാരികളെയും ഈ നടപടി നേരിട്ട് ബാധിക്കും. നിങ്ങളുടെ അക്കൗണ്ടിലെ പണം, വാലറ്റ്, യുപിഐ സേവനങ്ങള്‍ എന്നിവയെ ഈ മാറ്റം എങ്ങനെയൊക്കെ ബാധിക്കുമെന്ന് പരിശോധിക്കാം.

നിക്ഷേപങ്ങള്‍ സുരക്ഷിതമാണോ?

പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടിലോ വാലറ്റിലോ പണമുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ നിലവിലുള്ള ബാലന്‍സ് പിന്‍വലിക്കുന്നതിനോ മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനോ യാതൊരു തടസ്സവുമില്ല. നിക്ഷേപകര്‍ക്ക് അവരുടെ പണം തിരികെ നല്‍കാനുള്ള ശേഷി ബാങ്കിനുണ്ടെന്ന് ആര്‍ബിഐ ഉറപ്പുനല്‍കിയിട്ടുണ്ട്.

പുതിയതായി പണം നിക്ഷേപിക്കാനാകുമോ?

ഇല്ല. ലൈസന്‍സ് റദ്ദാക്കിയ സാഹചര്യത്തില്‍, ഇനി മുതല്‍ പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടിലേക്കോ വാലറ്റിലേക്കോ പുതിയതായി പണം നിക്ഷേപിക്കാന്‍ സാധിക്കില്ല. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഈ അക്കൗണ്ടിലേക്ക് വരുന്നുണ്ടെങ്കില്‍ അവ ഉടന്‍ തന്നെ മറ്റൊരു ബാങ്കിലേക്ക് മാറ്റേണ്ടതാണ്.

വാലറ്റും ഫാസ്ടാഗും ഉപയോഗിക്കാമോ?

വാലറ്റ്: നിങ്ങളുടെ വാലറ്റില്‍ നിലവില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ അത് ഷോപ്പിങ്ങിനോ മറ്റ് പേയ്മെന്റുകള്‍ക്കോ ഉപയോഗിക്കാം. എന്നാല്‍ വാലറ്റിലേക്ക് പുതിയതായി പണം ആഡ് ചെയ്യാന്‍ സാധിക്കില്ല.ഫാസ്ടാഗ്: പേടിഎം നല്‍കിയിട്ടുള്ള ഫാസ്ടാഗുകള്‍ ബാലന്‍സ് തീരുന്നത് വരെ ഉപയോഗിക്കാം. ടോപ്പ്-അപ്പ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍, യാത്രകള്‍ തടസ്സപ്പെടാതിരിക്കാന്‍ മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗ് ഉടന്‍ എടുക്കുന്നതാണ് ബുദ്ധി.

പേടിഎം യുപിഐ സേവനം നിലയ്ക്കുമോ?

ഇതാണ് സാധാരണ ഉപഭോക്താക്കള്‍ക്കിടയിലെ പ്രധാന സംശയം. പേടിഎം ആപ്പ് വഴി മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ (ഉദാഹരണത്തിന് എസ്ബിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ്) ലിങ്ക് ചെയ്ത് യുപിഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഈ നടപടി ബാധകമല്ല. പേടിഎം ആപ്പ് ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനായി തുടര്‍ന്നും പ്രവര്‍ത്തിക്കും. എന്നാല്‍ നിങ്ങളുടെ യുപിഐ ഐഡി @paytm എന്നാണെങ്കില്‍, അത് മറ്റ് ബാങ്ക് പങ്കാളികളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആപ്പ് വഴി തന്നെ പൂര്‍ത്തിയാക്കേണ്ടി വരും.

ഓട്ടോമാറ്റിക് പേയ്മെന്റുകള്‍ ശ്രദ്ധിക്കുക

നിങ്ങളുടെ വൈദ്യുതി ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം അല്ലെങ്കില്‍ ഒടിടി സബ്‌സ്‌ക്രിപ്ഷനുകള്‍ എന്നിവ പേടിഎം ബാങ്ക് അക്കൗണ്ട് വഴിയാണ് ഓട്ടോമാറ്റിക്കായി പേയ്മെന്റ് (ഓട്ടോ പേ) നടത്തുന്നതെങ്കില്‍, അവ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് റീ-സെറ്റ് ചെയ്യുക.

ഉപഭോക്താക്കള്‍ ചെയ്യേണ്ടത്

-പേടിഎം ബാങ്കിലെ ബാലന്‍സ് മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക.

-വ്യാപാരികള്‍ അവരുടെ ക്യുആര്‍ കോഡുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് മാറ്റുക.

-പുതിയ ഫാസ്ടാഗിനായി അപേക്ഷിക്കുക.

നിയമലംഘനങ്ങളെത്തുടര്‍ന്ന് ആര്‍ബിഐ എടുത്ത കടുത്ത നടപടി ഡിജിറ്റല്‍ ബാങ്കിങ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആര്‍ബിഐ പ്രത്യേക ലിക്വിഡേറ്ററെ നിയമിക്കുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണ്.

Content Highlights: Paytm Payments Bank License Revoked: What This Means For UPI Users? -Paytm said the cancellation of the bank's licence will not have any financial impact on its business. After the restrictions, Paytm separated its operations from its banking arm. The popular fintech company was allowed to continue Unified Payments Interface services through partner banks after approval from the National Payments Corporation of India.

To advertise here,contact us