എന്‍പിഎസ് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം: മെഡിക്കല്‍ അലവന്‍സിന് ഇനി ബില്ലുകള്‍ വേണ്ട; തുക നേരിട്ട് ബാങ്കിലേക്ക്

നിലവില്‍ പ്രതിമാസം 1,000 രൂപയാണ് ഫിക്‌സഡ് മെഡിക്കല്‍ അലവന്‍സായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് (എന്‍പിഎസ്) കീഴിലുള്ള വിരമിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഫിക്‌സഡ് മെഡിക്കല്‍ അലവന്‍സ് സംബന്ധിച്ച് പുതിയ അറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. മെഡിക്കല്‍ അലവന്‍സ് ലഭിക്കുന്നതിന് പെന്‍ഷന്‍കാര്‍ ഇനിമുതല്‍ മെഡിക്കല്‍ ബില്ലുകളോ മറ്റ് രേഖകളോ സമര്‍പ്പിക്കേണ്ടതില്ല. പെന്‍ഷന്‍ തുകയ്ക്കൊപ്പം തന്നെ ഈ അലവന്‍സും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. നിലവില്‍ പ്രതിമാസം 1,000 രൂപയാണ് ഫിക്‌സഡ് മെഡിക്കല്‍ അലവന്‍സായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.

സിജിഎച്ച്എസ് സൗകര്യം ലഭ്യമായ പ്രദേശങ്ങള്‍ക്ക് പുറത്ത് താമസിക്കുന്ന പെന്‍ഷന്‍കാര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമില്ലാത്ത സാഹചര്യങ്ങളില്‍, ദൈനംദിന മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായാണ് ഈ തുക അനുവദിക്കുന്നത്. സിജിഎച്ച്എസ് കാര്‍ഡ് ഉടമകളായ പെന്‍ഷന്‍കാര്‍ക്ക് സാധാരണയായി ഈ ആനുകൂല്യം ലഭിക്കില്ല. എന്നാല്‍ അവര്‍ സിജിഎച്ച്എസിലെ ഒപിഡി സൗകര്യം വേണ്ടെന്ന് വെക്കുകയാണെങ്കില്‍ പകരം ഈ ഫിക്‌സഡ് മെഡിക്കല്‍ അലവന്‍സ് തിരഞ്ഞെടുക്കാം.

ഒന്നിലധികം പെന്‍ഷനുകള്‍ കൈപ്പറ്റുന്നവരാണെങ്കില്‍, അവര്‍ക്ക് ഏതെങ്കിലും ഒരു പെന്‍ഷനിലൂടെ മാത്രമേ എഫ്എംഎ ലഭിക്കുകയുള്ളൂ. വിരമിച്ച ശേഷം പുനര്‍നിയമനം ലഭിച്ചവര്‍ക്ക് ആ കാലയളവില്‍ ഈ അലവന്‍സ് ലഭിക്കില്ല. പെന്‍ഷന്‍കാര്‍ ഈ ആനുകൂല്യം ലഭിക്കുന്നതിനായി നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. പെന്‍ഷന്‍ അനുവദിക്കുന്ന അതോറിറ്റി ഇത് പരിശോധിച്ച ശേഷം അലവന്‍സ് അനുവദിക്കും.

നേരത്തെ ഈ പ്രക്രിയയില്‍ പലപ്പോഴും ആശയക്കുഴപ്പങ്ങളും കാലതാമസവും ഉണ്ടായിരുന്നതായും, പുതിയ ഉത്തരവിലൂടെ ബാങ്കുകള്‍ക്കും പെന്‍ഷന്‍ ഡിസ്ബേഴ്സിങ് ഏജന്‍സികള്‍ക്കും വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെന്‍ഷന്‍കാരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ബില്ലുകള്‍ സൂക്ഷിച്ചു വെക്കുന്നതിനും അവ സമര്‍പ്പിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കി, കൃത്യസമയത്ത് പണം അക്കൗണ്ടിലെത്തുന്നുവെന്ന് ഈ പുതിയ ക്രമീകരണം ഉറപ്പാക്കുന്നു.

Content Highlights: No bills required, money to be directly credited in bank account of NPS pensioners - An office memorandum issued by the Department of Expenditure under the Ministry of Finance has laid down the formalities and procedure for sanctioning and payment of Fixed Medical Allowance (FMA) to Pensioners and Family Pensioners covered under National Pension System.

To advertise here,contact us