മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി; ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍

ആദ്യ 50 പേരുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് മുകേഷ് അംബാനിയും ഗൗതം അദാനിയും മാത്രമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദാനിയുടെ ആസ്തിയില്‍ 810 കോടി ഡോളറിന്റെ വര്‍ധനയുണ്ടായപ്പോള്‍, അദാനിക്ക് 1690 കോടി ഡോളറിന്റെ നഷ്ടമുണ്ടായി

ബ്ലൂംബെര്‍ഗിന്റെ ഏറ്റവും പുതിയ ശതകോടീശ്വര പട്ടികയില്‍ റിലയന്‍സിന്റെ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. പുതിയ കണക്കുകള്‍ പ്രകാരം 9,260 കോടി ഡോളറിന്റെ ആസ്തിയുമായി (ഏകദേശം 8.59 ലക്ഷം കോടിരൂപ) ഗൗതം അദാനി ലോകത്തെ 19-ാമത്തെ വലിയ സമ്പന്നനാണ്. 9,080 കോടി ഡോളറിന്റെ ആസ്തിയുള്ള (ഏകദേശം 8.42 ലക്ഷം കോടി രൂപ) മുകേഷ് അംബാനി ഇരുപതാം സ്ഥാനത്തുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കമ്പനികളുടെ ഓഹരിവിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് പട്ടികയിലെ ക്രമത്തില്‍ മാറ്റമുണ്ടാക്കിയത്. അദാനി ഗ്രൂപ്പിന്റെ പത്തുകമ്പനികളെ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ അദാനി എന്റര്‍പ്രൈസസ് ഓഹരിവില കഴിഞ്ഞ മാസങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍, എണ്ണവിപണിയിലെ അനിശ്ചിതത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിവില കുത്തനെ ഇടിഞ്ഞത് മുകേഷ് അംബാനിയുടെ ആസ്തിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ആദ്യ 50 പേരുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് മുകേഷ് അംബാനിയും ഗൗതം അദാനിയും മാത്രമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദാനിയുടെ ആസ്തിയില്‍ 810 കോടി ഡോളറിന്റെ വര്‍ധനയുണ്ടായപ്പോള്‍, അദാനിക്ക് 1690 കോടി ഡോളറിന്റെ നഷ്ടമുണ്ടായി.

പട്ടികയില്‍ ഒന്നാമതുള്ള ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് ബഹുദൂരം മുന്നിലാണ്. 65,600 കോടി ഡോളറാണ് (60.84 ലക്ഷംകോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ഒറ്റ വര്‍ഷത്തിനിടെ 3,670 കോടി ഡോളറാണ് മസ്‌കിന്റെ ആസ്തിയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഗൂഗിളിന്റെ ലാറി പേജ് ആണ് രണ്ടാമത്. 28,600 കോടി ഡോളറാണ് (26.52 ലക്ഷം കോടി രൂപ) ആസ്തി. മൂന്നാമതുള്ള ആമസോണിന്റെ ജെഫ് ബിസോസ് 26,900 കോടി ഡോളറിന്റെ (24.95 ലക്ഷം കോടി രൂപ) ആസ്തിയുണ്ട്.

ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ (26,600 കോടി ഡോളര്‍), മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് (23,900 കോടി ഡോളര്‍), ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍ (23,000 കോടി ഡോളര്‍), ഡെല്‍ ടെക്‌നോളജീസ് സിഇഒ മൈക്കല്‍ ഡെല്‍ (17,000 കോടി ഡോളര്‍), എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് (16,400 കോടി ഡോളര്‍), ലക്ഷ്വറി ബ്രാന്‍ഡായ എല്‍വിഎംഎച്ച് സിഇഒ ബെര്‍നോര്‍ഡ് അര്‍നോള്‍ട്ട് (16,400 കോടി ഡോളര്‍), വാള്‍മാര്‍ട്ടിലെ ഏറ്റവും വലിയ ഓഹരിയുടമ ജിം വാള്‍ട്ടന്‍ (15,000 കോടി ഡോളര്‍) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുള്ളവര്‍. ഇതില്‍ ബെര്‍നോര്‍ഡ് അര്‍നോള്‍ട്ട് ഫ്രഞ്ചുകാരനും ബാക്കിയുള്ളവര്‍ യുഎസ് പൗരന്മാരുമാണ്.

Content Highlights: Bloomberg Billionaires Index 2026: Gautam Adani surpasses Mukesh Ambani to reclaim Asia’s richest spot; see world’s top 10 richest individuals

To advertise here,contact us