4 മണിക്കൂർ കൊണ്ട് വിപണിയിൽ ഒഴുകിപ്പോയത് 13 ലക്ഷം കോടി; സെൻസെക്സ് 1900 പോയിന്റ് ഇടിഞ്ഞു, ആശങ്ക

യുദ്ധം ആരംഭിച്ചതിനുശേഷം രൂപയിൽ ഏകദേശം 3% ഇടിവാണ് റിപ്പോർട്ട് ചെയ്തത്

ആഴ്ചയിലെ ആദ്യ ദിവസം തന്നെ ആഭ്യന്തര വിപണി കനത്ത സമ്മർദ്ദത്തിലാണ്. സെൻസെക്സ് 1900 പോയിന്റിലധികം താഴ്ന്നപ്പോൾ, Nifty 50 22,500ൽ എത്തി. ബാങ്ക് നിഫ്റ്റി 3 ശതമാനത്തിലധികം ഇടിവിവോടെ 51700 എന്ന നിലവാരവും തൊട്ടു. ശ്രീറാം ഫിനാൻസ്, ഇൻഡിഗോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, അദാനി എന്റർപ്രൈസസ്, ട്രെന്റ്, ടൈറ്റാൻ, ജിയോ ഫിനാൻസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നിഫ്റ്റി സൂചികയിൽ ഏറ്റവും അധികം ഇടിവ് രേഖപ്പെടുത്തിയത്. വിപണിയുടെ ഇടിവിന് പിന്നിലെ കാരണങ്ങൾ പരിശോധിക്കാം.

ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷം

48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാത്ത പക്ഷം, ഇറാനിലെ വൈദ്യുതി നിലയങ്ങളെ അമേരിക്ക ലക്ഷ്യമിടുമെന്നാണ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ആളിക്കത്തി ക്രൂഡ്

ബ്രെന്റ് ക്രൂഡ് ബാരലിന് 113 ഡോളർ ആയി ഉയർന്നു. യുദ്ധം ശക്തമായതോടെ ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണവിതരണവും നടക്കുന്ന ഹോർമുസ് പ്രവർത്തനം തടസ്സപ്പെട്ടതാണ് വിലവർധനയ്ക്ക് പിന്നിൽ. ഇത് ആഗോള എണ്ണവിതരണത്തെ ബാധിച്ചതോടെ വിപണിയിൽ ആശങ്ക ഉയർന്നു. എണ്ണ ഇറക്കുമതിയിൽ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഇത് വലിയ സാമ്പത്തിക സമ്മർദ്ധമുണ്ടാക്കും. സംഘർഷം തുടർന്നാൽ വരുന്ന ദിവസങ്ങളിലും വില ഉയർന്ന നിലയിൽ തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

റെക്കോർഡ് താഴ്ചയിൽ രൂപ

ഡോളറിനെതിരെ രൂപ റെക്കോർഡ് താഴ്ചയിലാണ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 93.73 എന്ന എക്കാലത്തെയും താഴ്ന്ന നിലയെയും മറികടന്ന് 93.87 എന്ന ലെവലിൽ എത്തി. യുദ്ധം ആരംഭിച്ചതിനുശേഷം രൂപയിൽ ഏകദേശം 3% ഇടിവാണ് റിപ്പോർട്ട് ചെയ്തത്. ക്രൂഡിന്റെ മുന്നേറ്റം ഇന്ത്യയുടെ ഇറക്കുമതി ചെലവുകളിൽ ഗണ്യമായ വർധന വരുത്തുമെന്നതും ആശങ്കയാണ്.

വിദേശ നിക്ഷേപരുടെ പിന്മാറ്റം

ആഗോള തലത്തിൽ സംഘർഷങ്ങൾ രൂക്ഷമായതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വലിയ രീതിയിൽ വിറ്റൊഴിയുകയാണ്. 16-ാം ദിവസവും വിൽപ്പന തുടർന്നതോടെ വെള്ളിയാഴ്ച മാത്രം 5,518 കോടി രൂപയുടെ ഓഹരികൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഒഴിവാക്കി.

നിക്ഷേപകർ സുരക്ഷിത മേഖലകളിലേക്ക് മാറുന്നതാണ് ഈ പ്രവണതയ്ക്ക് പിന്നിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഈ പിൻമാറ്റം റീടെയിൽ നിക്ഷേപകരുടെ ആത്മവിശ്വാസവും കുറച്ചിട്ടുണ്ട്.

യുഎസ് ബോണ്ടിലെ ഉയർച്ച

യുഎസ് ട്രഷറി ബോണ്ട് യീൽഡ് വെള്ളിയാഴ്ച 10 ബേസിസ് പോയിന്റ് ഉയർന്ന് 4.4% കടന്നു, ഇത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. യീൽഡ് ഉയരുന്നത് സർക്കാർ ബോണ്ടുകൾ ഓഹരികളേക്കാൾ ആകർഷകമാക്കുന്നു, ഇത് ഓഹരി വിപണിയിൽ സമ്മർദ്ദം സൃഷ്ടിക്കാൻ ഇടയാക്കി.

Content Highlights : Black Monday: Sensex crashes 1,950 pts, Nifty below 22,500; 6 key factors behind market decline

To advertise here,contact us