അദാനി കുതിക്കുന്നു, ലക്ഷ്യം 2,750 രൂപ; നിക്ഷേപകർക്ക് ആവേശം പകർന്ന് ജെഫറീസ് റിപ്പോർട്ട്

പുതിയ ബിസിനസുകൾ തുടങ്ങി അവയെ വലിയ ലാഭകരമായ സംരംഭങ്ങളാക്കി മാറ്റുന്ന രീതിയാണ് അദാനി ഗ്രൂപ്പ് ഇപ്പോഴും പിന്തുടരുന്നത്

ഓഹരി വിപണിയിലെ നിക്ഷേപകർക്ക് ആവേശം പകരുന്ന പുതിയ റിപ്പോർട്ടുമായി പ്രമുഖ ആഗോള സാമ്പത്തിക നിരീക്ഷകരായ ജെഫറീസ് . അദാനി എന്റർപ്രൈസസിന്റെ ഓഹരി വില വലിയ കുതിച്ചുചാട്ടം നടത്തുമെന്നും 2,750 രൂപയിലേക്ക് എത്തുമെന്നുമാണ് ജെഫറീസിന്റെ പുതിയ വിലയിരുത്തൽ.

കമ്പനിയുടെ വിമാനത്താവള വികസനവും ഡാറ്റാ സെന്റർ ഉൾപ്പെടെയുള്ള വമ്പൻ പദ്ധതികളും ലാഭത്തിലേക്ക് നീങ്ങുന്നത് ഓഹരി വിപണിയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് കരുതുന്നത്.

റിപ്പോർട്ടിൽ പറയുന്നത്

2027 സാമ്പത്തിക വർഷം അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് വലിയ വളർച്ചയുടെ വർഷമായിരിക്കും.നവി മുംബൈ വിമാനത്താവളം, ചെമ്പ് ശുദ്ധീകരണ ശാല, ഗംഗാ എക്സ്പ്രസ് വേ തുടങ്ങിയ പദ്ധതികൾ ലാഭകരമായി മാറുന്നത് കമ്പനിക്ക് കരുത്താകും.

അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഡാറ്റാ സെന്റർ ബിസിനസിൽ വലിയ വികസനം കമ്പനി ലക്ഷ്യമിടുന്നുണ്ട്. അടുത്തിടെ കമ്പനി സമാഹരിച്ച മൂലധനം അദാനി എന്റർപ്രൈസസിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പുതിയ ബിസിനസുകൾ തുടങ്ങി അവയെ വലിയ ലാഭകരമായ സംരംഭങ്ങളാക്കി മാറ്റുന്ന രീതിയാണ് അദാനി ഗ്രൂപ്പ് ഇപ്പോഴും പിന്തുടരുന്നത്.

ചുരുക്കത്തിൽ, അദാനി എന്റർപ്രൈസസിന്റെ വരാനിരിക്കുന്ന പദ്ധതികളിലും സാമ്പത്തിക നിലയിലും ജെഫറീസ് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അദാനി എന്റർപ്രൈസസിന്റെ ഇന്നത്തെ ഓഹരി വില 2200 രൂപയാണ്.

വിമാനത്താവളങ്ങൾ, റോഡുകൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിലെ കമ്പനിയുടെ കരുത്തുറ്റ മുന്നേറ്റം വരും വർഷങ്ങളിൽ ഓഹരി വിപണിയിലും പ്രതിഫലിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. 2,750 രൂപയിലേക്കെത്തും എന്ന പ്രവചനം നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. എന്നാൽ ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ എപ്പോഴും വിപണിയിലെ മാറ്റങ്ങൾക്കും, അപകട സാധ്യതകൾക്കും വിധേയമായതിനാൽ, കൃത്യമായ പഠനത്തിന് ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുന്നതാണ് ഉചിതം.

Content Highlights: Adani Enterprises Shares Surge: Jefferies Predicts ₹2,750 Target, Investors Excited

To advertise here,contact us