ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027ൽ; വൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന 508 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി

ഇന്ത്യയുടെ അതിവേഗ റെയിൽ യാത്രാ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 അവസാനത്തോടെ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. 2027ലെ അവസാന മൂന്ന് മാസങ്ങളിലായിരിക്കും ആദ്യ സർവീസ് ആരംഭിക്കുക. മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായ സൂറത്ത്–വാപ്പി സെക്ഷനിലായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക

പൂർണമായ മുംബൈ–അഹമ്മദാബാദ് പാത പിന്നീട് ഘട്ടംഘട്ടമായി സർവീസിനായി തുറന്നുകൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന 508 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി. രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളെ അതിവേഗ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് രണ്ട് മണിക്കൂറിൽ താഴെ സമയംകൊണ്ട് യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ റോഡ് മാർഗം ഈ യാത്രയ്ക്ക് ഏകദേശം എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ വേണ്ടിവരുന്നുണ്ട്. 2026 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം പദ്ധതിയിൽ 456 കിലോമീറ്റർ ദൂരത്തിൽ പിയർ നിർമാണം പൂർത്തിയായി.

371 കിലോമീറ്റർ ദൂരത്തിൽ വയഡക്ട് നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്. 299 കിലോമീറ്റർ പാതയിൽ ആറുലക്ഷത്തിലധികം ശബ്ദനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിച്ചു. 206 കിലോമീറ്റർ വയഡക്ടിൽ 9,300 ഓവർഹെഡ് ഇലക്ട്രിഫിക്കേഷൻ മാസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നാല് മലനിര ടണലുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ 21 കിലോമീറ്റർ ദൈർഘ്യമുള്ള ടണലിൽ മൗണ്ടൻ ടണലിങ് രീതിയിലൂടെ അഞ്ച് കിലോമീറ്റർ നിർമാണവും പൂർത്തിയാക്കി.

പദ്ധതിയിലെ എട്ട് സ്റ്റേഷനുകളുടെ സിവിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. നിലവിൽ ഇവിടങ്ങളിൽ ആർക്കിടെക്ചറൽ ഫിനിഷിങ് ജോലികൾ പുരോഗമിക്കുകയാണ്. ഈ പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷതയാണ് താനെ ക്രീക്കിന് അടിയിലൂടെ കടന്നുപോകുന്ന റെയിൽ ടണൽ.

മഹാരാഷ്ട്രയിലെ 21 കിലോമീറ്റർ ദൈർഘ്യമുള്ള ടണലിൽ ഏഴ് കിലോമീറ്റർ കടലിനടിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിലെ ആദ്യത്തെ അണ്ടർസീ റെയിൽ ടണലാണിത്. 2026 ജൂലൈയിൽ വിക്രോളിയിൽനിന്നും സാവ്ലിയിൽനിന്നും രണ്ട് ടണൽ ബോറിങ് മെഷീനുകൾ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു.ഓരോ മെഷീനിന്റെയും കട്ടർഹെഡിന് 13.6 മീറ്റർ വ്യാസമുണ്ട്. ഏകദേശം 96 മീറ്റർ നീളവും 3,000 ടണ്ണിലധികം ഭാരവുമുള്ളവയാണ് ഈ ഭീമൻ യന്ത്രങ്ങൾ.

ഇന്ത്യയിൽ നിർമിക്കുന്ന ബുള്ളറ്റ് ട്രെയിൻ

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ICF) BEML-ഉം ചേർന്നാണ് തദ്ദേശീയ B28 ട്രെയിൻസെറ്റ് നിർമിക്കുന്നത്. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയ്ക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ട്രെയിനിന്റെ ആദ്യ ബോഡി ഫ്രെയിം നിർമിച്ച് സ്ട്രക്ചറൽ പരിശോധനകൾ നടത്തിവരികയാണ്.

2027 മധ്യത്തോടെ ട്രാക്ക് പരീക്ഷണങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത ലക്ഷ്യമിടുന്ന B35 ട്രെയിനും അടുത്ത ഘട്ടത്തിൽ പരിഗണനയിലുണ്ട്. 2017 സെപ്റ്റംബറിലാണ് മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ സർക്കാരും ചേർന്ന് തറക്കല്ലിട്ടത്.

എന്നാൽ മഹാരാഷ്ട്രയിലെ ഭൂമി ഏറ്റെടുക്കലും സംസ്ഥാനതല അനുമതികളും വൈകിയതോടെ ഏകദേശം രണ്ടര വർഷത്തോളം നിർമാണം മുന്നോട്ടുപോയില്ല. പിന്നാലെ കോവിഡ് മഹാമാരിയും രണ്ട് വർഷത്തോളം കാലതാമസമുണ്ടാക്കി. 2021 മുതലാണ് നിർമാണ പ്രവർത്തനങ്ങൾ പൂർണതോതിൽ ആരംഭിച്ചതെന്ന് റെയിൽവേ മന്ത്രി വിശദീകരിച്ചു. 2027 അവസാനത്തോടെ സൂറത്ത്–വാപ്പി റൂട്ടിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ഇന്ത്യയുടെ അതിവേഗ റെയിൽ യാത്രാ ചരിത്രത്തിലെ നിർണായക നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തൽ.

To advertise here,contact us