ജോലി വാങ്ങിനൽകിയാൽ ഒരു മാസത്തെ ശമ്പളം തരാം; AI പഠിച്ച ബെംഗളൂരുവിലെ യുവാവിന്റെ അപേക്ഷ: പിന്നാലെ വന്‍ ചർച്ചകള്‍

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആൻഡ് മെഷീൻ ലേർണിങിൽ ബി ടെക്ക് കംപ്ലീറ്റ് ചെയ്ത വ്യക്തിയാണ് ഈ യുവാവ്

ഒരു ജോലി ലഭിക്കുക എന്നാൽ ഇക്കാലത്ത് ഏറെ ശ്രമകരമായ ഒരു കാര്യം തന്നെയാണ്. ഒരുപാട് പഠിച്ചാലും എത്ര വർഷത്തെ അനുഭവസമ്പത്ത് ഉണ്ടായാലും നിലവിലെ സാഹചര്യത്തിൽ നല്ല ശമ്പളമുള്ള, സ്ഥിരതയുള്ള ഒരു ജോലി കിട്ടാൻ പാടുപെടണം. തൊഴിൽ വിപണിയിലെ അസ്വാരസ്യങ്ങൾ, കുറയുന്ന ശമ്പളം എന്നിവയെല്ലാം ഒരു പ്രശ്നമാണ്. മേഖല ഏതുമായിക്കോട്ടെ, പ്രശ്നങ്ങൾ സമാനമാണ്.

ഇത്തരമൊരു സാഹചര്യം നിലനിൽക്കെ ബെംഗളൂരുവിലെ ഒരു യുവാവിന്റെ തുറന്നുപറച്ചിലാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. വലിയ അക്കാദമിക് പശ്ചാത്തലമുള്ള ഒരു യുവാവ് ജോലി ലഭിക്കാതെ അലയുകയാണ്. ഒടുവിൽ ഗത്യന്തരമില്ലാതെ ഒരു ജോലി ലഭ്യമാക്കി നൽകൂ, ഒരു മാസത്തെ ശമ്പളം അങ്ങോട്ട് നൽകാമെന്ന് പറയേണ്ടിവന്നിരിക്കുകയാണ് ആ യുവാവിന്.

റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അവസ്ഥ പങ്കുവെച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആൻഡ് മെഷീൻ ലേർണിങിൽ ബി ടെക്ക് കംപ്ലീറ്റ് ചെയ്ത വ്യക്തിയാണ് ഈ യുവാവ്. പൈടോർച്, ഫാസ്റ്റ്എപിഐ തുടങ്ങിയവയുടെ സഹായത്തോടെ നിരവധി പ്രോജക്ടുകൾ ചെയ്ത ആൾ കൂടിയാണ്. എന്നിട്ടും ഇന്റർവ്യൂകൾക്ക് ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു.

എത്ര പ്രോജക്ടുകൾ ചെയ്താലും ഒരു രക്ഷയില്ല. എൻട്രി ലെവൽ പോസ്റ്റുകളിലേക്ക് പോലും കടന്നുചെല്ലാൻ കഴിയുന്നില്ല. ഉദ്യോഗാർത്ഥികളെ സ്‌ക്രീൻ ചെയ്യാനും അവരെ വിലയിരുത്താനും ഉപയോഗിക്കുന്ന എടിഎസ് ഘട്ടം മറികടക്കാൻ പോലും കഴിയുന്നില്ല. ബിരുദധാരികൾക്കായുള്ള എൻട്രി ലെവൽ തൊഴിലുകൾക്ക് പോലും രണ്ടോ മൂന്നോ വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമായി വരികയാണ്. ഇതോടെയാണ് ജോലി വാങ്ങിനൽകുന്നവർക്ക് ഒരു വർഷത്തെ ശമ്പളം അങ്ങോട്ട് നൽകാമെന്ന് യുവാവിന് പറയേണ്ടിവന്നത്.

നിരവധി പേരാണ് അഭിപ്രായപ്രകടനകളുമായി യുവാവിന്റെ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. ജോലി ലഭിക്കാനായി പണം നൽകുന്നത് മോശം പ്രവണതയാണ് എന്നാണ് ഒരു കൂട്ടരുടെ പക്ഷം. യുവാവ് ജോബ് മാർക്കറ്റിനെ നശിപ്പിക്കുകയാണ് എന്നും ഇത് ശരിയല്ല എന്നുമാണ് അവർ പറയുന്നത്. എന്നാൽ അപേക്ഷകൾ നിരസിക്കപ്പെടുകയാണെന്നും വേറെ വഴിയില്ലെന്നുമാണ് യുവാവ് പറയുന്നത്. എന്താണെങ്കിലും യുവാവിന്റെ പോസ്റ്റ് ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്.

Content Highlights: A young man in Bengaluru with a strong academic background is struggling to find employment. In a widely shared statement, he said he was willing to give away one month's salary if someone could help him secure a job, drawing attention to the challenges faced by educated job seekers.

To advertise here,contact us