ഒക്ടോബർ 6 മുതൽ വിമാന യാത്രാ ചെലവേറും; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഇൻഡിഗോ

ആഭ്യന്തര സർവീസുകളിൽ യാത്രാ ദൂരത്തിന് അനുസരിച്ചാണ് അധിക ഫ്യൂവൽ ചാർജ് ഈടാക്കുക

വിമാനയാത്രക്കാർക്ക് അധിക ചെലവിന്റെ സൂചന നൽകി രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ . ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലെ ഫ്യൂവൽ ചാർജ് വർധിപ്പിക്കാൻ ഇൻഡിഗോ തീരുമാനിച്ചത്.

ഒക്ടോബർ 6 മുതൽ ബുക്കിങ്ങുകൾക്ക് പുതുക്കിയ ഫ്യൂവൽ ചാർജ് ബാധകമാകും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ATF വിലയിൽ 14 ശതമാനത്തിലധികം വർധന ഉണ്ടായതായാണ് ഇൻഡിഗോ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഉയർന്ന നിലകളിലേക്കാണ് ഇന്ധനച്ചെലവ് എത്തിയതെന്ന് കമ്പനി വ്യക്തമാക്കി.

ആഭ്യന്തര സർവീസുകളിൽ യാത്രാ ദൂരത്തിന് അനുസരിച്ചാണ് അധിക ഫ്യൂവൽ ചാർജ് ഈടാക്കുക. 500 കിലോമീറ്റർ വരെ യാത്രയ്ക്ക് 375 രൂപ, 501–1,000 കിലോമീറ്ററിന് 600 രൂപ, 1,001–1,500 കിലോമീറ്ററിന് 900 രൂപ, 1,501–2,000 കിലോമീറ്ററിന് 1,150 രൂപ, 2,000 കിലോമീറ്ററിന് മുകളിലുള്ള സർവീസുകൾക്ക് 1,300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

അന്താരാഷ്ട്ര സർവീസുകളിലും റൂട്ടനുസരിച്ച് അധിക ചാർജ് ബാധകമാകും. ദക്ഷിണേഷ്യൻ മേഖലയിൽ 1,000 രൂപ മുതൽ, തെക്കുകിഴക്കൻ ഏഷ്യ, ഗൾഫ്, മിഡിൽ ഈസ്റ്റ്, വടക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് 5,500 രൂപ വരെയും യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ റൂട്ടുകളിൽ 6,000 രൂപ വരെയും ഫ്യൂവൽ ചാർജ് ഈടാക്കും.

ആഗോള തലത്തിൽ ഇന്ധനവിലയിലുണ്ടായ ചാഞ്ചാട്ടവും മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് ATF വില ഉയരാനുള്ള പ്രധാന കാരണം. ATF വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിലെ പ്രധാന ഘടകമായതിനാൽ ഇന്ധനവിലയിലെ വർധന കമ്പനികളുടെ മൊത്തം ചെലവിനെയും ടിക്കറ്റ് നിരക്കിനെയും നേരിട്ട് ബാധിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

അതേസമയം ഇന്ധനച്ചെലവിലെ മുഴുവൻ വർധനയും യാത്രക്കാരിൽ നിന്ന് ഈടാക്കിയാൽ ഇതിലും വലിയ നിരക്ക് വർധന ആവശ്യമായി വരുമായിരുന്നു എന്നാണ് ഇൻഡിഗോയുടെ വിശദീകരണം. യാത്രക്കാരുടെ അധികഭാരം പരിമിതപ്പെടുത്തുന്നതിനായി താരതമ്യേന നിയന്ത്രിതമായ വർധനയാണ് നടപ്പാക്കിയതെന്നും കമ്പനി വ്യക്തമാക്കി.

Content Highlights: IndiGo to raise domestic, international fares from Oct 6 as ATF costs climb

To advertise here,contact us