റഷ്യയ്ക്ക് ഒപ്പം യുഎഇയും വീണു: ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയില്‍ ഇറാന്‍, സൗദി, കുവൈത്ത് രാജ്യങ്ങളുടെ കുതിപ്പ്

കുവൈറ്റിൽ നിന്നുള്ള ഇറക്കുമതി മുൻമാസത്തെ അപേക്ഷിച്ച് 104.4 ശതമാനം വർധിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സങ്കീർണ്ണമായി തുടരുന്നതിനിടയിലും, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ സെപ്റ്റംബറിൽ വർധനവ്. പ്രതിസന്ധി മറികടക്കാൻ വിതരണക്കാർ 'ഷിപ്പ്-ടു-ഷിപ്പ്' (STS) ചരക്ക് കൈമാറ്റം കാര്യക്ഷമമായി ഉപയോഗിച്ചതാണ് വർധനവിന് പിന്നിലെ പ്രധാന കാരണം. അതേസമയം, ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായ റഷ്യയിൽ നിന്നുള്ള ഇറക്കുമതി തുടർച്ചയായ രണ്ടാം മാസവും കുറഞ്ഞു.

'ഷിപ്പ് ടു ഷിപ്പ്' കൈമാറ്റം

സാധാരണയായി വിതരണ തുറമുഖത്തുനിന്ന് നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്നതിന് പകരം, അപകടസാധ്യതയുള്ള ഹോർമുസ് കടലിടുക്കിലൂടെ എണ്ണ എത്തിക്കാൻ 'ഷട്ടിൽ ടാങ്കറുകൾ' ഉപയോഗിക്കുന്ന രീതിയാണ് നിലവിൽ പശ്ചിമേഷ്യൻ വിതരണക്കാർ നടപ്പാക്കുന്നത്. ഈ കപ്പലുകൾ കടലിടുക്ക് കടന്ന് സുരക്ഷിത താവളങ്ങളിലെത്തിയ ശേഷം പുറത്തു കാത്തുനിൽക്കുന്ന മറ്റ് വലിയ ടാങ്കറുകളിലേക്ക് എണ്ണ മാറ്റുന്നു.

മുമ്പ് ഇന്ത്യൻ എണ്ണക്കമ്പനികൾ തന്നെ പേർഷ്യൻ ഗൾഫിലേക്ക് നേരിട്ട് കപ്പലുകൾ അയക്കേണ്ടിയിരുന്ന സ്ഥാനത്ത്, പുതിയ ക്രമീകരണത്തിലൂടെ ചരക്കുനീക്കത്തിന്റെ പ്രധാന റിസ്കും ഉത്തരവാദിത്തവും വിതരണക്കാർ തന്നെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. യുഎസ് നാവികസേനയുടെ സംരക്ഷണമുള്ള ഈ സംവിധാനത്തെ തടസ്സപ്പെടുത്താൻ ഇറാന് സാധിച്ചിട്ടില്ലെന്നത് എണ്ണ വിതരണം സുഗമമാക്കാൻ സഹായിച്ചു.

റഷ്യൻ വിഹിതത്തിലുണ്ടായ കുറവ് പരിഹരിക്കാൻ പശ്ചിമേഷ്യൻ എണ്ണയുടെ വർധിച്ച ലഭ്യത ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി. സെപ്റ്റംബറിൽ ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ 238.2 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്, അതായത് പ്രതിദിനം 5.51 ലക്ഷം ബാരലിലധികം എണ്ണ ഇറാഖിൽ നിന്ന് എത്തി. സൗദി അറേബ്യയിൽ നിന്നുള്ള വരവ് 56.2 ശതമാനം ഉയർന്ന് പ്രതിദിനം 5.43 ലക്ഷം ബാരലിലെത്തി. കുവൈറ്റിൽ നിന്നുള്ള ഇറക്കുമതി മുൻമാസത്തെ അപേക്ഷിച്ച് 104.4 ശതമാനം വർധിച്ചപ്പോൾ, ഓഗസ്റ്റിൽ തീരെ ഇറക്കുമതി ഇല്ലാതിരുന്ന ഖത്തറിൽ നിന്ന് സെപ്റ്റംബറിൽ പ്രതിദിനം 1.10 ലക്ഷം ബാരൽ ലഭിച്ചു.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുഎഇയിൽ നിന്നുള്ള ഇറക്കുമതിയിൽ മാത്രമാണ് 15.8 ശതമാനം ഇടിവുണ്ടായത്. ഇതോടെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ ഈ അഞ്ച് ഗൾഫ് രാജ്യങ്ങളുടെ സംയോജിത വിഹിതം ഓഗസ്റ്റിലെ 26 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 36.7 ശതമാനമായി ഉയർന്നു. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 35 ശതമാനത്തിലധികവും ഇപ്പോഴും റഷ്യൻ എണ്ണയാണെങ്കിലും, സെപ്റ്റംബറിലെ വരവ് പ്രതിദിനം 1.9 ദശലക്ഷം ബാരലായി താഴ്ന്നു. ജൂലൈയിലെ റെക്കോർഡ് നിരക്കായ 2.8 ദശലക്ഷം ബാരലിൽ നിന്ന് കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഈ ഇടിവ്.

റഷ്യൻ എണ്ണ-വാതക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഉക്രെയ്ൻ നടത്തിയ ആക്രമണങ്ങൾ ബ്ലാക്ക് സീ വഴിയുള്ള ചരക്കുനീക്കത്തിന് ഭീഷണിയുയർത്തിയതും, ആഭ്യന്തര ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ റഷ്യ സ്വന്തം ശുദ്ധീകരണശാലകൾക്ക് മുൻഗണന നൽകുന്നതും കയറ്റുമതിയെ ബാധിച്ചു. കൂടാതെ, ഇറാനിയൻ എണ്ണ ലഭ്യത കുറഞ്ഞതോടെ ചൈനീസ് റിഫൈനറികൾ റഷ്യൻ എണ്ണയ്ക്കായി മത്സരം കടുപ്പിച്ചതും ഇന്ത്യയിലേക്കുള്ള വരവ് കുറയാൻ കാരണമായി.

റഷ്യയിൽ നിന്നും ഇറാനിൽ നിന്നും വൻതോതിൽ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ താരിഫ് ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന യുഎസിന്റെ 'ലിൻഡ്സെ ഒ ഗ്രഹാം ആക്ട്' ഇന്ത്യയ്ക്ക് മേൽ പുതിയ നയതന്ത്ര സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഊർജ്ജ ആവശ്യങ്ങൾക്കായി ഒരു രാജ്യത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും, ആഫ്രിക്കൻ, അമേരിക്കൻ വിപണികൾക്കൊപ്പം പശ്ചിമേഷ്യൻ വിതരണക്കാരെക്കൂടി സജീവമായി നിലനിർത്താനും ഇന്ത്യൻ റിഫൈനറികൾ തങ്ങളുടെ ഇറക്കുമതി സ്രോതസ്സുകൾ കൂടുതൽ വൈവിധ്യവത്കരിക്കുകയാണ്.

Content Highlights: India’s crude oil import mix is witnessing a shift, with supplies from the UAE and Russia declining while imports from Iran, Saudi Arabia and Kuwait are gaining ground. The changing supplier mix reflects India’s efforts to diversify crude sources amid global supply disruptions, changing prices and geopolitical developments. The trend could further reshape India’s crude procurement strategy and energy security.

To advertise here,contact us