യുപിഐ ഇടപാടുകള്‍ക്ക് ചാർജ് വേണം: ചെറിയ നിരക്ക് ഈടാക്കുന്നതില്‍ തെറ്റില്ലെന്ന് നീതി ആയോഗ് വെസ് ചെയർമാന്‍

ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾ ശാശ്വതമായി പൂർണ്ണമായും സൗജന്യമായി നൽകുന്നത് സാമ്പത്തികമായി പ്രായോഗികമായ മാതൃകയല്ല

ഡിജിറ്റൽ ഇടപാടുകളുടെ വേഗതയും സൈബർ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാൻ ഉപഭോക്താക്കൾ ചെറിയൊരു നിരക്ക് നൽകുന്നതിൽ തെറ്റില്ലെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ അശോക് ലാഹിരി. ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾ ശാശ്വതമായി പൂർണ്ണമായും സൗജന്യമായി നൽകുന്നത് സാമ്പത്തികമായി പ്രായോഗികമായ മാതൃകയല്ലെന്നും, യുപിഐ സേവനദാതാക്കൾക്കും ഫിൻടെക് കമ്പനികൾക്കും സുസ്ഥിരമായ ബിസിനസ് അന്തരീക്ഷം ഉണ്ടാകണമെങ്കിൽ ചെറിയൊരു വരുമാനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ശതമാനത്തിൽ താഴെ, ഏതാനും ബേസിസ് പോയിന്റുകൾ മാത്രമുള്ള നാമമാത്രമായ നിരക്കാണ് ഇതിനായി പരിഗണിക്കപ്പെടേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ സംസാരിക്കവെയാണ് അശോക് ലാഹിരി നിലപാട് വ്യക്തമാക്കിയത്.

പ്രതിദിനം കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്ന യുപിഐ ശൃംഖലയിൽ സെർവർ തകരാറുകൾ മൂലമുള്ള പേയ്‌മെന്റ് പരാജയങ്ങൾ ഒഴിവാക്കാനും അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാനും വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമാണ്. ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും ഭാരമാകാത്ത രീതിയിൽ ഈ സാങ്കേതിക വികസനം മുന്നോട്ടുകൊണ്ടുപോകാൻ ഉപഭോക്താക്കളിൽ നിന്നോ വ്യാപാരികളിൽ നിന്നോ ചെറിയ ഫീസ് ഈടാക്കുന്നത് സഹായകമായേക്കുമെന്നാണ് ഇടപാടുകള്‍ക്ക് ചാർജ് ഈടാക്കുന്നതിനെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്.

സാധാരണക്കാരുടെ ദൈനംദിന വ്യക്തിഗത (P2P) ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്തില്ലെന്നും ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം തന്നെ തുടരുമെന്നുമുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉറപ്പ് നിലനിൽക്കെയാണ് പുതിയ നിർദ്ദേശം ചർച്ചയാകുന്നത്. നിലവില്‍ സാധാരണ ഉപഭോക്താക്കൾക്കോ വ്യക്തികൾ തമ്മിലുള്ള (P2P) ഇടപാടുകൾക്കോ നിലവിൽ സർവീസ് ചാർജുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: NITI Aayog Chairman has said there is nothing wrong with charging a small fee for UPI transactions. His remarks have renewed discussions around the cost of maintaining India’s widely used digital payment infrastructure and the possibility of introducing transaction charges. UPI payments are currently widely used for everyday transactions, particularly among consumers and small businesses.

To advertise here,contact us