ISROയിൽ എന്താണ് സംഭവിക്കുന്നത്? വ്യക്തത വേണം; 'സ്വകാര്യവത്കരണ'ത്തിൽ ചെയർമാന് കത്തുമായി ജീവനക്കാർ

സർക്കാരിന്റെ ഭാഗത്തുനിന്നോ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നോ തങ്ങൾക്ക് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല എന്നും ജീവനക്കാർ പറയുന്നു

ജിഎസ്‌എൽവി F17/EOS-05ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ഐഎസ്ആർഒയിലെ സ്വകാര്യവത്ക്കരണ നീക്കത്തിൽ ആശങ്കയറിയിച്ച് ജീവനക്കാർ. സ്വകാര്യവത്കരണ നീക്കം അപകടമാണെന്നും വിഷയത്തിൽ തൊഴിലാളികൾക്ക് വ്യക്തത വരുത്തണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണന് കത്ത് നൽകി.

ഐഎസ്ആർഒയ്ക്ക് കീഴിലുള്ള വിഎസ്‌എസ്‌സി, എസ്ഡിഎസ്‌സി, യുആർഎസ്‌സി, ഏൽപിഎസ്‌സി തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാരാണ് കത്തെഴുതിയത്. ഐഎസ്‌ആർഒയുടെ മൊത്തം തൊഴിലാളികളിൽ ഏകദേശം 5000ത്തോളം പേരാണ് കത്തെഴുതിയത്. കത്തിൽ എസ്എസ്എൽവി റോക്കറ്റ് സാങ്കേതികവിദ്യയും ഉൽപ്പാദനവുമെല്ലാം സ്വകാര്യ മേഖലയ്ക്ക് വിടാതെ സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) നൽകുന്നതിനെക്കുറിച്ചും മറ്റുമെല്ലാം പരാമർശിക്കുന്നുണ്ട്. പതിവായി ഐഎസ്ആർഒ ചെയ്തുവരുന്ന ഉപഗ്രഹ നിർമാണവും സ്വകാര്യമേഖലയ്ക്ക് കൊടുക്കുകയാണ് എന്നും തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തുള്ള ലോഞ്ച് പാഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ പ്രവർത്തനം സ്വകാര്യ സ്ഥാപനങ്ങൾക്ക് തുറന്നുകൊടുത്തതായും കത്തിൽ പരാമർശിക്കുന്നു.

ഇവയെക്കുറിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നോ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നോ തങ്ങൾക്ക് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല എന്നും ജീവനക്കാർ പറയുന്നു. എന്താണ് നയം, അതിന്റെ നിയമപരവും ഭരണപരവുമായ അടിസ്ഥാനം, അതിന്റെ ഘട്ടം ഘട്ടമായുള്ള നീക്കം, നിലവിലുള്ള തൊഴിൽ ശക്തിക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിവ വിശദീകരിക്കുന്ന ഒരു ആശയവിനിമയവും ബഹിരാകാശ വകുപ്പിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും ജീവനക്കാർ കത്തിൽ പറയുന്നു.

പൊതുഫണ്ടുകൾ ഉപയോഗിച്ച് പൊതു ആവശ്യത്തിനായാണ് ഐഎസ്ആർഒ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നും അവയുടെ പ്രവർത്തനങ്ങൾ വെറും 'നിർമാണ കരാറുകൾ' അല്ല എന്നും ജീവനക്കാർ പറയുന്നുണ്ട്. വിക്ഷേപണ വാഹന നിർമാണത്തിൽ നിന്നും പിന്മാറുന്നത് സ്ഥാപനത്തിന്റെ ഗവേഷണങ്ങളെയും, തൊഴിൽരീതിയെയും, തൊഴിൽ വൈദഗ്ധ്യത്തെയുമെല്ലാം ബാധിക്കും. പലർക്കും തൊഴിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകുമെന്നും ജീവനക്കാർ കത്തിൽ പറയുന്നു. തങ്ങൾ സ്വകാര്യവത്കരണത്തിന് എതിരല്ല. അത് ഒരു നയത്തിന്റെ ചുവട് പിടിച്ചാകണം. സ്വകാര്യവത്കരണം എത്രകണ്ട് ആകാം എന്നതിൽ ബഹിരാകാശ വകുപ്പിന്റെ ഔദ്യോഗിക നയരേഖയിൽ പോലും പരാമർശമില്ല. ഒരു പൊതുമേഖലാ സ്ഥാപനം നിർമ്മിച്ചെടുത്ത പല ടെക്‌നോളജികളും ഒരു സ്വകാര്യ സ്ഥാപനത്തിന് കൈമാറുകയാണ്. അതിനെക്കുറിച്ച് അറിയാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നും ജീവനക്കാർ പറയുന്നു.

ഐഎസ്ആർഒയുടെ തലവനായ ഡോ വി നാരായണനും, ബഹിരാകാശ വകുപ്പിനുമാണ് ജീവനക്കാർ കത്തഴുതിയിരിക്കുന്നത്. കൂടാതെ, ഐഎസ്‌ആർഒയുടെ ഭാവി പങ്കാളിത്തം, ജീവനക്കാരുടെ നിയമനം എന്നിവയെക്കുറിച്ച് അംഗീകൃത സർവീസ് അസോസിയേഷനുകളുമായി ആശയവിനിമയം നടത്തണമെന്നും ആവശ്യമുണ്ട്. ജനാധിപത്യപരമായാണ് തങ്ങൾ ഈ ആവശ്യങ്ങൾ ഉന്നയിക്കുന്നത് എന്നും അനിശ്ചിതാവസ്ഥ ഉടലെടുക്കുന്നതിന് മുൻപ് തന്നെ കാര്യങ്ങളിൽ വ്യക്തത വരുത്തുക നല്ലതാണെന്നും ജീവനക്കാർ പറയുന്നുണ്ട്.

Content Highlights: ISRO employees have expressed concern over the proposed privatisation move following the successful GSLV F17/EOS-05 launch and urged Chairman Dr V Narayanan to clarify the issue.

To advertise here,contact us