റോക്കറ്റ് നിർമാണവും പ്രവർത്തനവും അടക്കമുള്ള കാര്യങ്ങളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ ISRO തീരുമാനിച്ചതോടെ വമ്പൻ കമ്പനികൾ രംഗത്തെന്ന് റിപ്പോർട്ട്. അദാനി, ലാർസൺ ആൻഡ് ടർബോ, ജെഎസ്ഡബ്ള്യു, മഹിന്ദ്ര അടക്കമുള്ള കമ്പനികളാണ് പദ്ധതിയിൽ പങ്കാളികളാകാൻ താത്പര്യപ്പെടുന്നത്. 'ബാഹുബലി' എന്നും അറിയപ്പെടുന്ന ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം3) നിർമിക്കാനും പ്രവർത്തിപ്പിക്കാനുമാണ് ഇവർ താത്പര്യപ്പെടുന്നത്.
റോക്കറ്റ് നിർമാണം, വിക്ഷേപണം, പ്രവർത്തിപ്പിക്കാനുള്ള സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങൾ ISROയിൽ നിന്ന് ലഭിക്കാനുള്ള താത്പര്യ പത്രങ്ങൾ സമർപ്പിക്കാനുള്ള പദ്ധതികൾ ഈ കമ്പനികൾ തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുക്കപ്പെടുന്ന കമ്പനിക്ക് നാല് ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ വഹിക്കാൻ ശേഷിയുള്ള, ISROയുടെ ഏറ്റവും ഭാരമേറിയ പ്രവർത്തന വിക്ഷേപണ വാഹനത്തിന്റെ സാങ്കേതികവിദ്യ ലഭ്യമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ മാത്രം ISROയുടെ പങ്ക് ചുരുക്കുന്നതിന്റെ ഭാഗമായാണ് വിക്ഷേപണ വാഹനങ്ങളുടെ നിർമാണം സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. ഇത് സംബന്ധിച്ച് ഇന്‍ സ്പേസ് ചെയര്മാന് ഡോ പവന് ഗോയങ്ക നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു.
ലേല പ്രക്രിയയ്ക്ക് ശേഷം സ്മാള്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ സാങ്കേതിക വിദ്യയും ഉത്പാദന അവകാശവും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന് കൈമാറിയത് ഇതിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമാണെന്നും ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
രണ്ടാം ഘട്ടത്തില്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട റോക്കറ്റുകളായ പിഎസ്എല്‍വി, എല്‍വിഎം3 എന്നിവയുമായി ബന്ധപ്പെട്ട കൈമാറ്റമാകും നടക്കുക. ഇവയുടെ ഉത്പാദനവും സ്വകാര്യ മേഖലയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോയങ്ക പറയുന്നു. എസ്എസ്എല്‍വി കൈമാറ്റം പോലെ പൊതുമേഖലാ കമ്പനികള്‍ക്ക് ഇനിയുള്ള നടപടികളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടാകില്ല. പിഎസ്എല്‍വി, എല്‍വിഎം3 ഉത്പാദനത്തിന്റെ പൂര്‍ണ അധികാരം സ്വകാര്യമേഖലയ്ക്ക് മാത്രമായിരിക്കും.
ശാസ്ത്രീയമായ പര്യവേഷണങ്ങള്‍, പ്രത്യേക വൈദഗ്ധ്യമുളള ഉപഗ്രഹങ്ങള്‍, ന്യൂതന സാങ്കേതിക വിദ്യ, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയിലായിരിക്കും അടുത്തഘട്ടം മുതല്‍ ഐഎസ്ആര്‍ഒ ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവില്‍ 120ഓളം സാങ്കേതിക വിദ്യകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറിയതായും ഗോയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം സ്വകാര്യമേഖലയ്ക്ക് ഒരു പുതിയ വിക്ഷേപണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൈമാറാനുള്ള നടപടികളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
അടുത്ത നാലോ അഞ്ചോ മാസത്തിനുള്ളില്‍ ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കും. 2033ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ് വ്യവസ്ഥ 8 ബില്യണ്‍ ഡോളറില്‍ നിന്നും 44ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം. പ്രതിരോധ വകുപ്പ് സ്വകാര്യകമ്പനികള്‍ക്ക് 31 ഉപഗ്രഹങ്ങളുടെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അതേസമയം ഈ പദ്ധതിയുടെ കീഴില്‍ 21ഓളം ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒയും നിര്‍മിക്കും.
Content Highlights: ISRO has decided to allow private sector participation in areas including rocket manufacturing and operations, according to reports. Major companies such as Adani, Larsen & Toubro, JSW and Mahindra are reportedly interested in participating in the initiative, signalling growing corporate interest in India’s expanding space sector.