65 ബില്യൺ ബാരൽ എണ്ണ അമേരിക്കയുടെ നിയന്ത്രണത്തിലേക്ക്? വെനസ്വേലയുമായി വൻ കരാർ പ്രഖ്യാപിച്ച് ട്രംപ്

വെനസ്വേലയിലെ 17 എണ്ണപ്പാടങ്ങളാണ് പദ്ധതിയുടെ പ്രധാന ഭാഗം. എണ്ണമേഖലയിലേക്ക് ഏകദേശം 100 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷ.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇടപാടുകളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന വൻ കരാർ വെനസ്വേലയുമായി ഉണ്ടാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയുടെ തെളിയിക്കപ്പെട്ട 65 ബില്യണിലേറെ ബാരൽ എണ്ണശേഖരത്തിൽ അമേരിക്കയ്ക്ക് ഭൂരിപക്ഷ നിയന്ത്രണം ലഭിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള കരാറിലൂടെ വെനസ്വേലയുടെ എണ്ണമേഖല പുനരുജ്ജീവിപ്പിക്കുകയും അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ട്രംപ് ഇതിനെ “ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ കരാർ” എന്നാണ് വിശേഷിപ്പിച്ചത്.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി നടത്തിയ ചർച്ചകളിലൂടെയാണ് ധാരണയിലെത്തിയതെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അമേരിക്കൻ നികുതിദായകർക്ക് ചെലവില്ലാതെയാണ് കരാർ നടപ്പാക്കുന്നതെന്നും ഇത് അമേരിക്കയുടെ എണ്ണശേഖരം ഇരട്ടിയിലേറെ വർധിപ്പിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. കൂടുതൽ ക്രൂഡ് ലഭ്യമാകുന്നതോടെ അമേരിക്കയിലെ പെട്രോൾ വില കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വെനസ്വേലയിലെ 17 എണ്ണപ്പാടങ്ങളാണ് പദ്ധതിയുടെ പ്രധാന ഭാഗം. എണ്ണമേഖലയിലേക്ക് ഏകദേശം 100 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷ. തകർന്നുകിടക്കുന്ന എണ്ണ ഉൽപ്പാദന അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുകയും ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. നിലവിൽ പ്രതിദിനം ഏകദേശം 12.5 ലക്ഷം ബാരൽ എണ്ണയാണ് വെനസ്വേല ഉൽപ്പാദിപ്പിക്കുന്നത്. പുതിയ പദ്ധതിയിലൂടെ ഇത് 15 ലക്ഷം ബാരലായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

എന്നാൽ കരാറിന്റെ സാമ്പത്തികവും നിയമപരവുമായ മുഴുവൻ വിശദാംശങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. അമേരിക്കയ്ക്ക് എണ്ണശേഖരത്തിൽ ‘ഭൂരിപക്ഷ നിയന്ത്രണം’ ലഭിക്കുമെന്ന ട്രംപിന്റെ വാദത്തിനിടയിലും വെനസ്വേലയുടെ പ്രകൃതിവിഭവങ്ങളുടെ പരമാധികാരം രാജ്യത്തിനുതന്നെയാണെന്ന് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കിയിട്ടുണ്ട്. കരാർ 25 വർഷത്തേക്കായിരിക്കുമെന്നും വെനസ്വേലയുടെ എണ്ണമേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.

വെനസ്വേലയ്ക്കും കരാർ വലിയ സാമ്പത്തിക പ്രതീക്ഷയാണ് നൽകുന്നത്. എണ്ണമേഖലയിലെ നിക്ഷേപം വർധിക്കുന്നതോടെ സർക്കാർ വരുമാനം ഉയരുകയും തകർന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഏകദേശം 209 ബില്യൺ ഡോളർ നികുതി വരുമാനം വെനസ്വേലയ്ക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ രാജ്യത്തെ പ്രതിപക്ഷവും കടുത്ത ചാവിസം അനുകൂലികളും അമേരിക്കയ്ക്ക് ഇത്രയും വലിയ നിയന്ത്രണം നൽകുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ആഗോള എണ്ണവിപണിയിലും കരാർ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. വെനസ്വേലയുടെ വൻ എണ്ണശേഖരത്തിലേക്ക് അമേരിക്കൻ കമ്പനികൾക്ക് കൂടുതൽ പ്രവേശനം ലഭിക്കുകയും ഉൽപ്പാദനം ഉയരുകയും ചെയ്താൽ ആഗോള ക്രൂഡ് വിതരണത്തിൽ മാറ്റമുണ്ടാകാം. എന്നാൽ വെനസ്വേലയുടെ പഴക്കംചെന്ന അടിസ്ഥാനസൗകര്യങ്ങളും നിക്ഷേപക്കുറവും കാരണം ഉൽപ്പാദനം ഉയരാൻ സമയമെടുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Content Highlights:US President Donald Trump has announced what he described as the “biggest oil deal in world history” with Venezuela. The agreement gives the US majority control over more than 65 billion barrels of Venezuela’s proven oil reserves, according to Trump. The deal covers the development of 17 strategic oil fields in Venezuela.

To advertise here,contact us