ഇന്ത്യയിലെ മൊബൈൽ ഫോൺ നിർമ്മാണ മേഖലയ്ക്ക് കൂടുതൽ കരുത്തേകാൻ കേന്ദ്ര സർക്കാർ പുതിയ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതി വിജ്ഞാപനം ചെയ്തു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിക്ക് ₹62,500 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിലെ മൊബൈൽ ഫോൺ നിർമ്മാണത്തിന്റെ തോത് ഉയർത്തുന്നതിനൊപ്പം ആഭ്യന്തരമായി കൂടുതൽ ഘടകങ്ങൾ നിർമ്മിക്കുന്നതിനും ആഗോള വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരശേഷി വർധിപ്പിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഭ്യന്തര മൂല്യവർധന വർധിപ്പിച്ച് മൊബൈൽ ഫോൺ നിർമ്മാണ വിതരണ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെയാണ് പദ്ധതിയുടെ കാലാവധി. മൊബൈൽ ഫോൺ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇന്ത്യൻ ഉടമസ്ഥതയിലുള്ള മൊബൈൽ ബ്രാൻഡുകൾ വളർത്തിയെടുക്കുന്നതിനും പദ്ധതിയിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഉൽപ്പന്ന രൂപകൽപ്പന, ഗവേഷണം, വികസനം, ബൗദ്ധിക സ്വത്തവകാശം എന്നിവയിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. യഥാർഥത്തിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബ്രാൻഡുകൾക്ക് ആഗോള നിലവാരത്തിലുള്ള ഉൽപ്പന്നങ്ങളുമായി മത്സരിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബ്രാൻഡിന്റെ ഉടമസ്ഥത, രൂപകൽപ്പന, ബൗദ്ധിക സ്വത്തവകാശം എന്നിവ യഥാർഥത്തിൽ ഇന്ത്യയുടേതാണെന്ന് ഉറപ്പാക്കുന്നതിനുള്ള വിശദമായ പരിശോധനയും ഉണ്ടാകും.
പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമ്മിക്കുന്ന മൊബൈൽ ഫോണുകളുടെ യോഗ്യമായ വിൽപ്പനയ്ക്ക് 2.25 ശതമാനം മുതൽ 5 ശതമാനം വരെ വ്യത്യസ്ത നിരക്കുകളിൽ സാമ്പത്തിക പ്രോത്സാഹനം ലഭിക്കും. മൊബൈൽ ഫോണുകളുടെ പ്രധാന ഘടകങ്ങളും ഉപഘടകങ്ങളും രാജ്യത്തിനകത്ത് നിന്ന് ശേഖരിക്കുന്ന കമ്പനികൾക്ക് അധികമായി 1.5 ശതമാനം വരെ പ്രോത്സാഹനവും ലഭിക്കും. എന്നാൽ ഈ അധിക ആനുകൂല്യം ലഭിക്കുന്നതിന് ആഭ്യന്തരമായി നിർമ്മിക്കുന്ന ഘടകങ്ങൾ ഒരു സാമ്പത്തിക വർഷത്തിൽ നിർമ്മിക്കുന്ന മൊബൈൽ ഫോണുകളുടെ കുറഞ്ഞത് 25 ശതമാനത്തോളം എണ്ണത്തിൽ ഉപയോഗിക്കുന്ന തരത്തിൽ പ്രാദേശികവൽക്കരണം ഉറപ്പാക്കണം. ഇതിലൂടെ അന്തിമമായി മൊബൈൽ ഫോൺ കൂട്ടിച്ചേർക്കുന്നതിൽ മാത്രം ഒതുങ്ങാതെ പ്രധാന ഘടകങ്ങളുടെ നിർമ്മാണവും ഇന്ത്യയിൽ തന്നെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ മൊബൈൽ ബ്രാൻഡുകളുടെ രൂപകൽപ്പനയും ഗവേഷണ-വികസന പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക ആനുകൂല്യമുണ്ട്. യോഗ്യമായ വിൽപ്പനയുടെ 3 ശതമാനം വരെ ഇത്തരം രൂപകൽപ്പന, ഗവേഷണം, വികസന പ്രവർത്തനങ്ങൾക്കായി അധിക പ്രോത്സാഹനമായി ലഭിക്കും. അതുവഴി വിദേശ കമ്പനികൾക്കായി മാത്രം നിർമ്മിക്കുന്ന രാജ്യത്തിൽ നിന്ന് സ്വന്തം ബ്രാൻഡുകളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് പദ്ധതിയുടെ ദീർഘകാല ലക്ഷ്യം.
അഞ്ച് വർഷത്തെ പദ്ധതി കാലയളവിൽ രാജ്യത്തെ മൊബൈൽ ഫോൺ നിർമ്മാണത്തിന്റെ ആകെ മൂല്യം ഏകദേശം ₹39 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം മൊബൈൽ ഫോൺ കയറ്റുമതിയിലും വലിയ വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഏകദേശം 60,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. നിർമ്മാണശാലകളിലും അനുബന്ധ വിതരണ ശൃംഖലകളിലും തൊഴിലവസരങ്ങൾ വർധിക്കുന്നതിലൂടെ കൂടുതൽ പരോക്ഷ തൊഴിലവസരങ്ങൾക്കും സാധ്യതയുണ്ടാകും.
ഇന്ത്യൻ ഇലക്ട്രോണിക്സ് നിർമ്മാണ മേഖല കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ വലിയ വളർച്ചയാണ് കൈവരിച്ചത്. 2014-15 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇലക്ട്രോണിക്സ് നിർമ്മാണം ഏകദേശം ഏഴിരട്ടിയായി ഉയർന്നപ്പോൾ കയറ്റുമതി പതിനൊന്നിരട്ടിയായി വർധിച്ചു. മൊബൈൽ ഫോൺ നിർമ്മാണമാണ് ഈ വളർച്ചയുടെ പ്രധാന ചാലകശക്തി. 2014-15ൽ ₹18,900 കോടി രൂപയായിരുന്ന രാജ്യത്തെ മൊബൈൽ ഫോൺ നിർമ്മാണം 2025-26ൽ ഏകദേശം ₹6.27 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ മൊബൈൽ ഫോൺ കയറ്റുമതി ₹1,566 കോടിയിൽ നിന്ന് ₹2.60 ലക്ഷം കോടി രൂപയായി ഉയർന്നു.
നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നവയാണ്. 2025ൽ സ്മാർട്ട്ഫോണുകൾ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉൽപ്പന്ന വിഭാഗമായി മാറുകയും ചെയ്തു. നേരത്തെ മൊബൈൽ ഫോൺ നിർമ്മാണ മേഖലയിലെ വളർച്ചയ്ക്ക് വലിയ പിന്തുണ നൽകിയ ഉൽപ്പാദനബന്ധിത പ്രോത്സാഹന പദ്ധതി 2026 മാർച്ച് 31ന് അവസാനിച്ചതിന് പിന്നാലെയാണ് പുതിയ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്നത്.
Content Highlights:
The Centre has notified the ₹62,500-crore Mobile Phone Manufacturing Scheme (MPMS). The five-year scheme will run from FY 2026-27 to FY 2030-31. It aims to scale up mobile phone production, deepen domestic value addition and strengthen the electronics supply chain. Eligible manufacturers will receive incentives ranging from 2.25% to 5% on eligible sales, with an additional incentive of up to 1.5% for domestic sourcing of key components and sub-assemblies.