സ്റ്റാർ ഹോട്ടൽ മുറികളിലെ വാടകയേക്കാൾ കൂടുതൽ തുക ആശുപത്രി മുറിക്ക് ഈടാക്കുന്നത് തടയിടാൻ കേന്ദ്രം

സ്വകാര്യ - സർക്കാർ ആശുപത്രികൾ എല്ലാ പ്രധാന ചികിത്സകൾക്കും ഒരു നിശ്ചിത നിരക്ക് പ്രദർശിപ്പിക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു

സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന അമിതമായ മുറി വാടകക്ക് തടയിടാൻ പാർലമെന്ററി സമിതി. രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനുശേഷം അധിക ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും രോഗികളുടെ കുടുംബവും ആശുപത്രിയും ഇൻഷുറൻസ് കമ്പനിയും തമ്മിൽ തർക്കത്തിന് കാരണമാവാറുണ്ട്. ഇതിനു തടയിടുന്നതിന്റെ ഭാഗമായി ആവശ്യമായ ശുപാർശകളും സമിതി നൽകിയിട്ടുണ്ട്. വൻ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഈ നിബന്ധന നിർബന്ധമായും നടപ്പിലാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആശുപത്രിയിലെ മുറിവാടകയ്ക്ക് പുറമെ ഡോകട്ർ ഫീസ്, നഴ്‌സ് ചാർജ്, ഡിസ്പോസിബിൾ സാധനങ്ങളുടെ വില തുടങ്ങിയവയെല്ലാം മുറി വാടകക്ക് പുറമെ ആശുപത്രിക്ക് ഈടാക്കാവുന്നതാണ്. നാഷണൽ സാംപിൾ സർവ്വേ റിപ്പോർട്ട് പ്രകാരം മുംബൈയിലെ ഒരു പ്രമുഖ ആശുപത്രിയിൽ മുറിക്ക് 6,000 മുതല്‍ 12,000 രൂപ വരെയാണ് പ്രതിമാസ വാടക. അതേ സമയം ആ പ്രദേശത്തെ ഒരു ത്രീ സ്റ്റാർ ഹോട്ടലിന് ഒരു ദിവസത്തെ വാടക 2500 മുതൽ 3500 വരെയേ വരുന്നുള്ളു. കൂടാതെ ചികിത്സ ചിലവിൽ പ്രതിവർഷം 10 മുതൽ 13 ശതമാനം വരെയാണ് വർദ്ധനവ് ഉണ്ടാകുന്നത്. ഇത് സാധാരണ ജനങ്ങളെയും ഇൻഷുറൻസ് കമ്പനികളെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു.

സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കിലും സർക്കാർ ആശുപത്രികളിലെ ചികിത്സ ചെലവുകളിലും വലിയ അന്തരം പ്രകടമാണെന്നും സമിതിയുടെ റിപ്പോർട്ട് എടുത്ത് പറയുന്നു.ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗിയെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള മറഞ്ഞിരിക്കുന്ന ചാർജുകളും മുറി വാടകയുടെ അടിസ്ഥാനത്തിൽ ബില്ല് കൂട്ടുന്നതും ഒഴിവാക്കണമെന്നും, സ്വകാര്യ - സർക്കാർ ആശുപത്രികൾ എല്ലാ പ്രധാന ചികിത്സകൾക്കും ഒരു നിശ്ചിത നിരക്ക് പ്രദർശിപ്പിക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു. ഈ നിർദേശങ്ങളെല്ലാം നിയമമാകണമെങ്കിൽ സർക്കാരിന്റെ അംഗീകാരം അനിവാര്യമാണ്.Content Highlight : : A parliamentary committee has recommended measures to control excessive room rent charged by private hospitals. Reports indicate that some private hospitals in Mumbai charge room rents higher than nearby three-star hotels. The committee noted that private hospital treatment costs are increasing by around 10 to 13 percent annually. The panel recommended preventing additional charges and inflated bills based on room categories after patient admission.

To advertise here,contact us