സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വന്‍ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,215 രൂപയായും പവൻ വില 1,05,720 രൂപയായും താഴ്ന്നു. ഇന്നലെ ഗ്രാമിന് 13,370 രൂപയായിരുന്നു നിരക്ക്. 24 കാരറ്റ് സ്വർണം ഗ്രാമിന് 172 രൂപ കുറഞ്ഞ് 14,417 രൂപയിലും, 18 കാരറ്റ് സ്വർണം ഗ്രാമിന് 126 രൂപ കുറഞ്ഞ് 10,813 രൂപയിലുമാണ് വില്‍പ്പന.
അടിസ്ഥാന വിലയിൽ മാറ്റം വന്നെങ്കിലും ആഭരണമായി വാങ്ങുമ്പോൾ ഏകദേശം 5 ശതമാനം പണിക്കുലിയും (5,286) 3 ശതമാനം ജിഎസ്ടിയും (3,330) ഹാള്‍മാർക്ക് ചാർജും ചേർത്ത് ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 1,14,800 രൂപയോളം ചെലവഴിക്കേണ്ടി വരും.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ആഗോളതലത്തിൽ യു.എസ് ഡോളർ ശക്തി പ്രാപിച്ചതും പ്രമുഖ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ പെട്ടെന്ന് ഇളവുകൾ വരുത്തിയേക്കില്ലെന്ന സൂചനകളും സ്വർണ്ണത്തിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഒഴുക്ക് കുറച്ചു.
കൂടാതെ, അന്താരാഷ്ട്ര ബുള്ളിയൻ വിപണിയിൽ ലാഭമെടുപ്പ് (Profit-booking) ശക്തമായതും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വ്യതിയാനങ്ങളും സ്വർണവില കുറയാൻ കാരണമായി. ബോണ്ട് ഈൽഡുകൾ ഉയർന്ന നിലയിൽ തുടരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വന്ന വ്യതിയാനങ്ങളും വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കാം.
അതേസമയം യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി മന്ദഗതിയില്‍. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പ്രകാരം നികുതി ഇളവോടെ സ്വർണം ഇറക്കുമതി ചെയ്യാനുള്ള പുതിയ ക്വോട്ട അനുവദിക്കുന്നത് വൈകുന്നത് കാരണമാണ് ദുബായിലെ കയറ്റുമതിക്കാരും ഇന്ത്യൻ ഇറക്കുമതിക്കാരും തമ്മിലുള്ള പുതിയ വ്യാപാര ഇടപാടുകൾ മന്ദഗതിയിലായിരിക്കുന്നത്.
സാധാരണ ഈടാക്കുന്ന 15 ശതമാനം കസ്റ്റംസ് ഡ്യൂട്ടിക്ക് പകരം 14 ശതമാനം ഇളവിൽ സ്വർണം ഇറക്കുമതി ചെയ്യാൻ അർഹരായവർക്ക് ഡിജിഎഫ്ടി (DGFT) ടാരിഫ്-റേറ്റ് ക്വോട്ട (TRQ) അനുവദിക്കാറുണ്ട്. എന്നാൽ പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ക്വോട്ട പ്രഖ്യാപിക്കുന്നതിന് പകരം, നിയമതർക്കങ്ങൾ നിലനിൽക്കുന്നതിനാൽ നിലവിലുള്ള ലൈസൻസുകളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി നൽകുകയാണ് സർക്കാർ ചെയ്തത്.
Content Highlights: Gold prices in Kerala have declined from yesterday's record high, offering relief to buyers. A sovereign (8 grams) now costs more than ₹1,200 less than the previous day's peak, making it a relatively better time for those planning jewellery purchases or gold investments.