4.5 കോടി രൂപയുടെ ശമ്പള വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പുറത്തുവിട്ടു: ജീവനക്കാരനെ പിരിച്ചുവിട്ട് കമ്പനി

ശമ്പളക്കണക്കുകൾ ഇന്റർനെറ്റിൽ വൻ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്

ബീജിങ് : ജീവനക്കാരുടെ ശമ്പളവിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുക എന്നത് മിക്ക കമ്പനികളുടെയും പ്രധാന നയങ്ങളിലൊന്നാണ്. എന്നാൽ സ്വന്തം ശമ്പളത്തിന്റെ വിശദാംശങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിച്ചതിനെ തുടർന്ന് പ്രമുഖ ചൈനീസ് ടെക് കമ്പനിയായ ടെൻസെന്റിലെ സീനിയർ ജീവനക്കാരന് ജോലി നഷ്ടമായെന്ന വാർത്തയാണ് ഇപ്പോള്‍ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. ചൈനയിൽ വ്യാപകമായി ഉപയോഗിക്കുന്ന 'വിചാറ്റിന്റെ' മാതൃകമ്പനിയായ ടെൻസെന്റിലെ വൈക്സിൻ ഗ്രൂപ്പിൽ പ്രൊജക്ട് മാനേജരായി ജോലി ചെയ്തിരുന്ന 'യേ' എന്ന ജീവനക്കാരനെയാണ് കമ്പനി സർവീസിൽ നിന്ന് പുറത്താക്കിയത്.

കമ്പനിയുടെ ഇന്റേണല്‍ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള സ്ക്രീൻഷോട്ട് എന്ന് കരുതപ്പെടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. യേയുടെ വാർഷിക ശമ്പള പാക്കേജ് 3.17 മില്യൺ യുവാനാണ് (ഏകദേശം 4.5 കോടി രൂപ). ഇതിൽ 8,20,000 യുവാൻ ( 1.17 കോടി രൂപ) ക്യാഷ് ബോണസായും 2.35 മില്യൺ യുവാൻ ( 3.35 കോടി രൂപ) സ്റ്റോക്ക് ഇൻസെന്റീവായുമാണ് ലഭിച്ചിരുന്നത്. വമ്പൻ തുകയുടെ ഈ ശമ്പളക്കണക്കുകൾ ഇന്റർനെറ്റിൽ വൻ ചർച്ചകൾക്ക് വഴിവെക്കുകയും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വേതനത്തെയും ഡാറ്റാചോർച്ചയേയും ചൊല്ലി വാദപ്രതിവാദങ്ങൾ ഉയരുകയും ചെയ്തു.

രഹസ്യസ്വഭാവമുള്ള കോർപ്പറേറ്റ് വിവരങ്ങൾ പുറത്തുവിട്ട് കമ്പനിക്കുള്ളിലും പുറത്തും പ്രതികൂല തരംഗങ്ങൾ ഉണ്ടാക്കിയതിനാണ് യേയെ പുറത്താക്കിയതെന്ന് ടെൻസെന്റിന്റെ ഇന്റേണല്‍ ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, ഭാവിയിൽ ടെൻസെന്റിൽ ജോലി ചെയ്യുന്നതിൽ നിന്ന് ഇയാൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കമ്പനിയുടെ ഡാറ്റ് സുരക്ഷ ഉറപ്പാക്കാൻ 2025-ൽ മാത്രം ആന്റി കറപ്ഷൻ അന്വേഷണങ്ങളിലൂടെ 90-ലധികം ജീവനക്കാരെ ടെൻസെന്റ് പുറത്താക്കിയിരുന്നു. വാണിജ്യ രഹസ്യങ്ങളും ജീവനക്കാരുടെ വിവരങ്ങളും പുറത്തുവിടുന്നത് ഗുരുതരമായ ചട്ടലംഘനമായാണ് കമ്പനി കാണുന്നത്.

Content Highlights: A Chinese company has fired an employee after confidential salary information involving ₹4.5 crore was leaked online. The incident has sparked concerns over data security, privacy, and the handling of sensitive employee information, prompting the company to take disciplinary action.

To advertise here,contact us