കെ-എയർ അല്ല കോ-എയർ; കേരള സഹകരണ മേഖലയുടെ എയർലൈൻ സ്വപ്നത്തിന് ചിറക് മുളയ്ക്കുന്നു; സർവീസ് അടുത്ത വർഷം?

അടുത്ത വർഷം ഏപ്രിലിൽ വിമാന സർവീസ് തുടങ്ങാനാകും എന്നാണ് പ്രതീക്ഷ

കേരളത്തിലെ സഹകരണ മേഖലയുടെ സ്വന്തം വിമാനകമ്പനിക്ക് ചിറകുകൾ കുറയ്ക്കുന്നു. കമ്പനിയുടെ പേരിൽ ധാരണയായിക്കഴിഞ്ഞു. കേരളം സിവിൽ ഏവിയേഷൻ ഡവലപ്മെന്റ് സഹകരണ സംഘം ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്. വെള്ളിയാഴ്ച രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

അടുത്ത വർഷം ഏപ്രിലിൽ വിമാന സർവീസ് തുടങ്ങാനാകും എന്നാണ് പ്രതീക്ഷ. സർക്കാർ പൂർണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരനായ എംവിആർ കാൻസർ സെന്റർ ആൻഡ് റിസേർച് ഇൻസ്റ്റിട്യൂട്ട് ചെയർമാൻ സി എൻ വിജയകൃഷ്ണൻ അവകാശപ്പെടുന്നത്. സഹകരണ മേഖലയിൽ കമ്പനി തുടങ്ങുകയും പിന്നീട് വിമാനങ്ങൾ വാടകയ്ക്കക്കടുത്ത് സർവീസ് നടത്താനുമാണ്‌ കമ്പനിയുടെ പദ്ധതി. കോ-എയർ എന്നാണ് വിമാനങ്ങൾക്ക് പേരിടാൻ ഉദ്ദേശിക്കുന്നത്.

സി എൻ വിജയകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട് സംസാരങ്ങൾ നടന്നിരുന്നു. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു എന്നാണ് വിവരം. ഇതോടെയാണ് രെജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കുന്നത്. സഹകരണ സംഘത്തിന്റെ രജിസ്‌ട്രേഷൻ പൂർത്തിയായാൽ പിന്നീട് അതിന് കീഴിൽ പബ്ലിക് ലിമിറ്റഡ് കമ്പനി തുടങ്ങാനാണ് പദ്ധതി. ഇതിന് സർക്കാരിന് അപേക്ഷ നൽകണം.

ഭൂരിഭാഗം ഓഹരികളും സഹകരണ സംഘത്തിൽ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 55% ഓഹരികളും സഹകരണ സംഘത്തിന്റെ കയ്യിലായിരിക്കും എന്നാണ് സൂചന. 200 സഹകരണ സംഘങ്ങളിൽ നിന്ന് രണ്ടുകോടി വീതം സമാഹരിക്കാനും പദ്ധതിയുണ്ട്. രണ്ട് വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ വാടകയ്‌ക്കെടുക്കുക. ബെംഗളൂരു, കോയമ്പത്തൂർ, മംഗളുരു, ചെന്നൈ, മധുര കൂടാതെ കേരളത്തിനകത്തും സർവീസ് നടത്തും.

വിമാനങ്ങൾക്കപ്പുറം ചെറുവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, എയർ ആംബുലൻസ്, എന്നിവയും കമ്പനി പാട്ടത്തിന് എടുക്കും. സർക്കാർ, ആരോഗ്യവകുപ്പ്, പൊലീസ് തുടങ്ങിയവർക്ക് അടിയന്തിര ഘട്ടത്തിൽ ഇത് ഉപയോഗപ്പെടും. കേന്ദ്രമന്ത്രി റാം മോഹൻ നായിഡുവിനെയും സംഘം കണ്ടിരുന്നു. അനുകൂലനിലപാടാണ് കേന്ദ്രവും സ്വീകരിച്ചത്.

Content Highlights: Kerala's proposed cooperative airline is taking shape with the company finalizing its name as Kerala Civil Aviation Development Cooperative Society Limited. Registration procedures are expected to begin on Friday, marking a significant step toward launching the state's cooperative aviation initiative.

To advertise here,contact us