ഇന്ത്യക്ക് വീണ്ടും യുഎസിന്റെ താരിഫ് പ്രഹരം; 10 ശതമാനം താരിഫ് പ്രഖ്യാപിച്ചു; നീക്കം പുതിയ കാരണം പറഞ്ഞ്

ട്രംപ് നേരത്തെ പ്രഖ്യാപിച്ച തീരുവയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ താരിഫ് ചുമത്തിയിരിക്കുന്നത്

ഇന്ത്യക്ക് വീണ്ടും പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. നിർബന്ധിത തൊഴിൽ നടത്തി നിർമിച്ച വസ്തുക്കൾ വിൽക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് ട്രംപിന്റെ നടപടി. നിലവിൽ 10 ശതമാനം താരിഫ് ആണ് ട്രംപ് ഇന്ത്യക്ക് മേൽ ചുമത്തിയിരിക്കുന്നത്. ചില രാജ്യങ്ങൾക്ക് 12.5% താരിഫ് വരെ ചുമത്തിയിട്ടുണ്ട്.

ട്രംപ് നേരത്തെ പ്രഖ്യാപിച്ച 10 ശതമാനം തീരുവയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ താരിഫ് ചുമത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ അർജന്റീന, ബംഗ്ലാദേശ്, കംബോഡിയ, ബ്രിട്ടൻ, കാനഡ, പാകിസ്ഥാൻ, ശ്രീലങ്ക, മെക്സിക്കോ തുടങ്ങി നിരവധി രാജ്യങ്ങൾക്കും തീരുവ ചുമത്തിയിട്ടുണ്ട്. നിർബന്ധിത തൊഴിൽ തീരുവ എന്ന പേരിലാണ് താരിഫുകൾ ചുമത്തിയിരിക്കുന്നത്. ചൈന ഉൾപ്പെടെയുള്ള 38 രാജ്യങ്ങൾക്ക് 12.5 ശതമാനമാണ് തീരുവ. നേരത്തെ ഇന്ത്യക്ക് 12.5% തീരുവയാണ് ചുമത്തിയിരുന്നത് എന്നും പിന്നീട് അത് കുറയ്ക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ട്രംപ് മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച തീരുവകളെ യുഎസ് സുപ്രീംകോടതി ചോദ്യം ചെയ്യുകയും റദ്ദാക്കുകയും ചെയ്തിരുന്നു. പ്രത്യേകാധികാരത്തിലൂടെ ചുമത്തിയ തീരുവ വെറും 150 ദിവസത്തേക്കാണ് എന്നായിരുന്നു ട്രംപ് അന്ന് മറുപടി നൽകിയത്. ആ കാലാവധി കഴിയാറായതോടെയാണ് മറ്റൊരു പേരിൽ ട്രംപ് തീരുവ പുനഃസ്ഥാപിച്ചിരിക്കുന്നത്.

"ഒരു നൂറ്റാണ്ടോളമായി അമേരിക്ക നിർബന്ധിത തൊഴിൽ ഇറക്കുമതി നിരോധനം നടപ്പിലാക്കുന്നുണ്ട് എന്നും വ്യാപാര പങ്കാളികളും അത് നടപ്പിലാക്കേണ്ടതുണ്ട് എന്നുമാണ് പുതിയ താരിഫുമായി ബന്ധപ്പെട്ട് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ പറഞ്ഞത്. നിർബന്ധിത തൊഴിൽ നടത്തുന്നില്ല എന്ന തെളിയിക്കാനുള്ള ബാധ്യത കമ്പനികൾക്കുണ്ട്. ഇക്കാര്യത്തിൽ വ്യാപാര പങ്കാളികൾ വീഴ്ച വരുത്താൻ പാടില്ല എന്നും ജാമിസൺ ഗ്രീർ പറഞ്ഞു.

Content Highlights: The Trump administration has imposed a fresh tariff on India, alleging that certain goods are produced using forced labour. India will face a 10% tariff under the new measure, while some other countries have been subjected to tariffs of up to 12.5%, reflecting the administration's latest trade policy.

To advertise here,contact us