ഇ20 പെട്രോള്‍ സുരക്ഷിതം; എഥനോള്‍ രഹിത പെട്രോളിലേക്ക് മടങ്ങാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം

ഇന്ത്യ 20 ശതമാനം എഥനോള്‍ മിശ്രിതം എന്ന ലക്ഷ്യം നിശ്ചയിച്ചതിലും അഞ്ച് വര്‍ഷം മുമ്പ് കൈവരിച്ചു കഴിഞ്ഞു

ഇ20 പെട്രോള്‍ സുരക്ഷിതവും ശുദ്ധവുമായ ആധുനിക ഇന്ധനമാണെന്നും, എഥനോള്‍ ഇല്ലാത്ത പെട്രോളിലേക്ക് തിരിച്ചുപോകാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എഥനോള്‍ മിശ്രിതം 20 ശതമാനത്തിന് മുകളില്‍ ഉയര്‍ത്താനും നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി പാര്‍ലമെന്റില്‍ അറിയിച്ചു.

മികച്ചതും സാങ്കേതികമായി പുരോഗമിച്ച ഇന്ധന സംവിധാനങ്ങളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും, പഴയ നിലവാരത്തിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, ഇന്ത്യ 20 ശതമാനം എഥനോള്‍ മിശ്രിതം എന്ന ലക്ഷ്യം നിശ്ചയിച്ചതിലും അഞ്ച് വര്‍ഷം മുമ്പ് കൈവരിച്ചു കഴിഞ്ഞു.

2022-23: ഏകദേശം 12% എഥനോള്‍ മിശ്രിതം എന്ന നിലയിലും 2023-24: 14.6%, 2024-25: 19.2%, 2025-26: 20% എന്നിങ്ങനെയാണ് ഇ20 പെട്രോള്‍ പദ്ധതിയിലേക്ക് എത്തിയത്. അതേസമയം, 85% എഥനോള്‍ അടങ്ങിയ E85 ഇന്ധനം ഫ്‌ളെക്‌സ്-ഫ്യൂവല്‍ വാഹനങ്ങള്‍ക്കു മാത്രമാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. ഇത് സാധാരണ പെട്രോള്‍ വിതരണത്തിന്റെ ഭാഗമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇ20 എന്‍ജിന് കേടുവരുത്തുമോ?

ഇ20 പെട്രോള്‍ എന്‍ജിന് തകരാറുണ്ടാക്കുമെന്നും മൈലേജ് കുറയുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ സര്‍ക്കാര്‍ തള്ളി.നിതി ആയോഗും മറ്റ് സ്ഥാപനങ്ങളും നടത്തിയ ലബോറട്ടറി പരീക്ഷണങ്ങള്‍, ഫീല്‍ഡ് പരിശോധനകള്‍, യഥാര്‍ഥ ഉപയോഗ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇ20 ഇന്ധനം എന്‍ജിനുകള്‍ക്ക് അസാധാരണമായ കേടുപാടുകളോ അമിതമായ തേയ്മാനമോ ഉണ്ടാക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളില്‍ ഒരാള്‍ 2025-26 കാലയളവില്‍ 2.84 കോടി വാഹനങ്ങള്‍ക്ക് (ഇ20 സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത പഴയ വാഹനങ്ങള്‍ ഉള്‍പ്പെടെ) സര്‍വീസ് നല്‍കിയെങ്കിലും, എഥനോള്‍ മൂലം എന്‍ജിന്‍ തകരാറുണ്ടായെന്ന പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാവും സമാന അനുഭവമാണ് പങ്കുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൈലേജില്‍ ചെറിയ കുറവ് ഉണ്ടായേക്കാം

നിലവില്‍ രാജ്യത്ത് 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോള്‍ കാറുകളും ഇ15+, ഇ20 ഇന്ധനത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ ഓടുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മൈലേജിനെക്കുറിച്ച് സര്‍ക്കാര്‍ പറയുന്നത്, വാഹനത്തിന്റെ പരിപാലനം, ഡ്രൈവിംഗ് രീതി, റോഡിന്റെ അവസ്ഥ എന്നിവയെ ആശ്രയിച്ചാണ് ഇന്ധനക്ഷമത മാറുന്നതെന്നാണ്. ഇ10 ഇന്ധനത്തിനായി രൂപകല്‍പ്പന ചെയ്ത വാഹനങ്ങളില്‍ ഇ20 ഉപയോഗിക്കുമ്പോള്‍ 3-5 ശതമാനം വരെ ചെറിയ മൈലേജ് കുറവ് അനുഭവപ്പെടാം. എന്നാല്‍ ഇ20യുടെ ഉയര്‍ന്ന ഒക്ടേന്‍ മൂല്യം വാഹനത്തിന്റെ പിക്കപ്പ്, യാത്രാസുഖം, എന്‍ജിന്‍ പ്രകടനം എന്നിവ മെച്ചപ്പെടുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Content Highlights: The Centre has clarified that E20 petrol is safe for engines, does not cause abnormal wear, and there are no plans to bring back ethanol-free petrol

To advertise here,contact us