E20 പെട്രോൾ: പഴയ വാഹനങ്ങളിൽ മൈലേജ് നേരിയ തോതിൽ കുറച്ചേക്കാം; പക്ഷെ വേറെ നിരവധി ഗുണങ്ങളുണ്ടെന്ന് സുരേഷ് ഗോപി

മൈലേജിൽ ചെറിയ കുറവ് വന്നേക്കാമെങ്കിലും ഉയർന്ന ഒക്ടേൻ റേറ്റിംഗ്, മികച്ച ആന്റി-നോക്ക് പെർഫോമൻസ് തുടങ്ങിയ ഗുണങ്ങളുണ്ട്

ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന E20 പെട്രോൾ പഴയ വാഹനങ്ങളിൽ നേരിയ തോതിൽ മൈലേജ് കുറയാൻ ഇടയാക്കിയേക്കാമെങ്കിലും, ഇത് കാരണം എഞ്ചിനുകൾക്ക് തകരാറോ വാഹനങ്ങൾക്ക് തകരാറുകളോ സംഭവിക്കുന്നതായി തെളിവുകളൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകവെ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

E10 ഇന്ധനത്തിനായി രൂപകൽപ്പന ചെയ്ത പഴയ വാഹനങ്ങളിൽ മൈലേജിൽ ഉണ്ടാകുന്ന കുറവ് വെറും 3 മുതൽ 5 ശതമാനം വരെ മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, ഒരു വാഹനത്തിന്റെ ഇന്ധനക്ഷമത എഥനോളിന്റെ അളവിനെ മാത്രം ആശ്രയിച്ചല്ല. ഡ്രൈവിംഗ് രീതികൾ, വാഹനത്തിന്റെ കൃത്യമായ മെയ്ന്റനൻസ്, ടയർ പ്രഷർ, വീൽ അലൈൻമെന്റ്, എയർ കണ്ടീഷണറിന്റെ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൈലേജിൽ ചെറിയ കുറവ് വന്നേക്കാമെങ്കിലും ഉയർന്ന ഒക്ടേൻ റേറ്റിംഗ്, മികച്ച ആന്റി-നോക്ക് പെർഫോമൻസ്, കാര്യക്ഷമമായ ഇന്ധന ജ്വലനം, മികച്ച ആക്ലറേഷന്‍ തുടങ്ങി നിരവധി നേട്ടങ്ങൾ E20 പെട്രോൾ നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ, E20 പെട്രോളിനെതിരെയുള്ള ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും രംഗത്തെത്തിയിരുന്നു. ജൂലൈ 7-ന് ന്യൂഡൽഹിയിൽ നടന്ന 'വികസിത് ഭാരത് കോൺക്ലേവിൽ' സംസാരിക്കവെ, E20 ഇന്ധനം ഉപയോഗിച്ചത് കാരണം തകരാറിലായ ഒരു വാഹനം പോലും ചൂണ്ടിക്കാണിക്കാൻ വിമർശകരെ അദ്ദേഹം വെല്ലുവിളിച്ചു.

ഉയർന്നു വരുന്ന ഇന്ധനക്ഷമതാ കുറവിനെക്കുറിച്ചും വാഹന തകരാറുകളെക്കുറിച്ചുമുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും, ഈഥനോൾ മിശ്രിതത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ ചില "പെയ്ഡ് ക്യാമ്പെയ്‌നുകളുടെ" ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: Union Minister Suresh Gopi said E20 petrol may lead to a slight reduction in fuel mileage in some older vehicles. However, he noted that the impact is generally marginal and highlighted several benefits of E20, including a higher octane rating, improved anti-knock performance, reduced emissions, and support for India's ethanol blending programme.

To advertise here,contact us