മരൈമലൈ നഗറിലെ പ്ലാന്റിൽ ഉത്പാദനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി ചർച്ച നടത്തി ഫോർഡ് കമ്പനി പ്രതിനിധികൾ. വൈസ് ചെയർമാൻ മാത്യു ഗോഡ്ലെവ്സ്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാർ എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കാൻ ചർച്ചയിൽ ധാരണയായി.
3250 കോടിയുടെ നിക്ഷേപമാണ് ഫോർഡ് മരൈമലൈ നഗർ പ്ലാന്റിൽ നടത്തിയത്. 600-ാളം തൊഴിലുകളും സൃഷ്ടിക്കപ്പെടും. യുഎസിന് പുറത്തുള്ള ഫോർഡിന്റെ ആദ്യത്തെ പവർട്രെയിൻ നിർമാണസൗകര്യങ്ങളുള്ള യൂണിറ്റാണ് മരൈമലൈയിൽ ഉയരുക. 2029 അല്ലെങ്കിൽ 2030-ാടെ പ്ലാന്റിൽ ഉത്പാദനം ആരംഭിക്കാനാകും എന്നാണ് പ്രതീക്ഷ.
പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് വിജയ് പൂർണപിന്തുണ നൽകി എന്നാണ് സർക്കാരിന്റെ വാർത്താകുറിപ്പിൽ പറയുന്നത്. മൂന്ന് പതിറ്റാണ്ടോളമായി തമിഴ്നാടുമായുള്ള ഫോർഡിന്റെ ബന്ധവും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. 1999ലാണ് മരൈമലൈ നഗറിൽ ഫോർഡ് പ്ലാന്റ് സ്ഥാപിച്ചത്. 2021 ആകുമ്പോഴേക്കും ആഭ്യന്തര വിപണിയിലെ തളർച്ച മൂലം ഉത്പാദനം കുറഞ്ഞു. പിന്നീട് ഉത്പാദനം നിർത്തിവെക്കുകയും ചെയ്തു. ഒടുവിൽ 2024ൽ പ്ലാന്റിലെ ഉത്പാദനം വീണ്ടും ആരംഭിക്കാനും പഴയനിലയിലേക്ക് കാര്യങ്ങൾ കൊണ്ടുവരാനും സർക്കാരും ഫോർഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.
തമിഴ്നാടിനെ വ്യവസായിക ഭൂപടത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാകും പുതിയ നിർമാണ യൂണിറ്റ് എന്നാണ് നിരീക്ഷണം. നിർമാണ യൂണിറ്റിന് പുറമെ ഫോർഡിന് സംസ്ഥാനത്ത് മറ്റ് വ്യാവസായിക സംരഭങ്ങളുമുണ്ട്. ഫോർഡിന്റെ ചെന്നൈയിലെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററിൽ ഏകദേശം 12000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കോയമ്പത്തൂരിൽ ഒരു ഗ്ലോബൽ സ്കിൽ സെന്ററും സ്ഥാപിച്ചിട്ടുണ്ട്.
Content Highlights: Ford representatives, led by Vice Chairman Matthew Godlewski, met Tamil Nadu Chief Minister C. Joseph Vijay to discuss restarting production at the Maraimalai Nagar plant. Both sides agreed to expedite the implementation of the agreement signed during the previous government's tenure to revive manufacturing operations.