പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് 20 ശതമാനത്തിൽ നിന്ന് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകവെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ഭാവിയിൽ അത്തരത്തിൽ വർധിപ്പിക്കുന്നുണ്ടെങ്കിൽ അത് കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെയും വിദഗ്ധരുമായുള്ള ചർച്ചകളുടെയും പിൻബലത്തിൽ മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ നിശ്ചയിച്ചതിലും അഞ്ചുവർഷം മുൻപുതന്നെ ഇന്ത്യ എഥനോൾ ബ്ലെൻഡിംഗ് ലക്ഷ്യം കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2013 -2014 കാലയളവിൽ 1.53 ശതമാനമായിരുന്നു ബ്ലെൻഡിങ്. 2025-26 കാലയളവിൽ തന്നെ 20 ശതമാനത്തിലേക്കെത്തി. 2014-15 മുതൽ, ബ്ലെൻഡിങ് മൂലം 1.97 ട്രില്യൺ രൂപയിലധികം വിദേശനാണ്യം ലാഭിച്ചു. ഏകദേശം 316 ലക്ഷം ടൺ അസംസ്കൃത എണ്ണയ്ക്ക് ബദൽ മാർഗമായി. ഏകദേശം 952 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് എമിഷൻ ഒഴിവാക്കി. കർഷകർക്ക് 1.66 ലക്ഷം കോടിയിലധികം അധിക വരുമാനം നേടിക്കൊടുത്തു എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
E20 ഇന്ധനവുമായി ബന്ധപ്പെട്ട് വാഹനനിർമാതാക്കളിൽ നിന്നോ ഉപഭോക്താക്കളിൽ നിന്നോ പരാതികൾ ലഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്ന പരാതികൾ ശാസ്ത്രീയമായിത്തന്നെ പരിശോധിക്കപ്പെടുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, എഥനോളിനെ പാചകവാതമായി ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കുന്നത്. എൽപിജിക്ക് പകരം എഥനോളിനെ പ്രധാന പാചകവാതകമാക്കാനാണ് കേന്ദ്രനീക്കം. തയ്യാറാക്കപ്പെടുന്ന രൂപരേഖ അനുസരിച്ച് സബ്സിഡി രീതികളും എങ്ങനെ എഥനോൾ വിതരണം ചെയ്യും എന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്രസർക്കാർ ആദ്യം പരിശോധിക്കുക. നിലവിലെ പാചകവാത വിതരണക്കാരുമായുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടും. എഥനോളിനെ അടുക്കളകളിലേക്ക് കൊണ്ടുവരുന്നതോടെ ഇന്ത്യയുടെ എൽപിജി ആശ്രിതത്വം കുറയ്ക്കാനാകും എന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. സെപ്റ്റംബറോടെ രൂപരേഖ തയ്യാറാകുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ ആഭ്യന്തര എഥനോൾ ഉത്പാദനം വർധിച്ചിരിക്കുന്ന സാഹചര്യത്തിലും കൂടിയാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. ചില റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തിന്റെ വാർഷിക എഥനോൾ ഉത്പാദനം 20 ബില്യൺ ഡോളർ കടന്നിരിക്കുകയാണ്. കേന്ദ്രത്തിന്റെ e20 മിശ്രിത പദ്ധതിക്ക് വേണ്ടി 11 ബില്യൺ ലിറ്റർ എഥനോൾ ആണ് വേണ്ടിവരുന്നത്.
Content Highlights: Union Minister Suresh Gopi informed the Rajya Sabha that the Central Government has no proposal to increase ethanol blending in petrol beyond 20%, adding that any future decision will be based on scientific studies and expert consultations.