എഥനോൾ ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരക്കാരനാക്കാനുള്ള നീക്കം തുടങ്ങാൻ കേന്ദ്രം; രൂപരേഖ ഉടൻ

ഇന്ത്യയുടെ എൽപിജി ആശ്രിതത്വം കുറയ്ക്കാനാകും എന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്

എഥനോളിനെ പാചകവാതമായി ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കുന്നത്. ഏൽപിജിക്ക് പകരം എഥനോളിനെ പ്രധാന പാചകവാതകമാക്കാനാണ് കേന്ദ്രനീക്കം. തയ്യാറാക്കപ്പെടുന്ന രൂപരേഖ അനുസരിച്ച് സബ്‌സിഡി രീതികളും എങ്ങനെ എഥനോൾ വിതരണം ചെയ്യും എന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്രസർക്കാർ ആദ്യം പരിശോധിക്കുക. നിലവിലെ പാചകവാത വിതരണക്കാരുമായുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടും. എഥനോളിനെ അടുക്കളകളിലേക്ക് കൊണ്ടുവരുന്നതോടെ ഇന്ത്യയുടെ എൽപിജി ആശ്രിതത്വം കുറയ്ക്കാനാകും എന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. സെപ്റ്റംബറോടെ രൂപരേഖ തയ്യാറാകുമെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തെ ആഭ്യന്തര എഥനോൾ ഉത്പാദനം വർധിച്ചിരിക്കുന്ന സാഹചര്യത്തിലും കൂടിയാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. ചില റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തിന്റെ വാർഷിക എഥനോൾ ഉത്പാദനം 20 ബില്യൺ ഡോളർ കടന്നിരിക്കുകയാണ്. കേന്ദ്രത്തിന്റെ e20 മിശ്രിത പദ്ധതിക്ക് വേണ്ടി 11 ബില്യൺ ലിറ്റർ എഥനോൾ ആണ് വേണ്ടിവരുന്നത്. ഇതിന് പുറമെ മദ്യം, മരുന്ന് നിർമാതാക്കളും എഥനോൾ ഉപയോഗിക്കുന്നുണ്ട്.

അതേസമയം, കേന്ദ്ര സർക്കാർ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ശേഖരത്തിലുള്ള 72 ലക്ഷം ടൺ അരി എഥനോൾ നിർമ്മാണത്തിനായി അനുവദിക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ എഥനോൾ ബ്ലെൻഡിംഗ് പദ്ധതിക്ക് ആവശ്യമായ അസംസ്കൃത വസ്തു ലഭ്യമാക്കുന്നതിനാണ് ഈ നീക്കം.

എഥനോൾ പദ്ധതിയുടെ ഭാഗമായി ഇന്ത്യ E20 ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുകയാണ്. പെട്രോളിൽ 20 ശതമാനം വരെ എഥനോൾ ചേർത്ത് ഉപയോഗിക്കുന്ന സംവിധാനത്തിലൂടെ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുകയും രാജ്യത്തിന്റെ ഊർജസുരക്ഷ വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതിനായി വിവിധ കാർഷിക ഉൽപ്പന്നങ്ങളാണ് എഥനോൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ചോളം, കരിമ്പ്, ധാന്യങ്ങൾ എന്നിവയ്ക്കൊപ്പം എഫ്‌സിഐയുടെ അധിക അരിശേഖരവും ഇതിന്റെ ഭാഗമാക്കുകയാണ്.

കേന്ദ്രത്തിന്റെ വിശദീകരണം അനുസരിച്ച്, എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നത് സാധാരണ ജനങ്ങൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയല്ല. ആവശ്യത്തിന് മുകളിലുള്ളതും സംഭരണത്തിൽ കിടക്കുന്നതുമായ സ്റ്റോക്കാണ് ഇതിനായി മാറ്റുന്നത്. ഇതിലൂടെ അധിക ഭക്ഷ്യധാന്യത്തിന്റെ ഉപയോഗവും കർഷകർക്ക് പുതിയ വിപണിയും ഒരേസമയം ലഭിക്കുമെന്നാണ് സർക്കാർ വാദം.

എഥനോൾ നിർമ്മാണത്തിനായി അനുവദിക്കുന്ന അരിക്ക് പ്രത്യേക വിലയും നിശ്ചയിച്ചിട്ടുണ്ട്. 2025-26 എഥനോൾ സപ്ലൈ വർഷത്തിനായി എഫ്‌സിഐ അരി ഡിസ്റ്റിലറികൾക്ക് നൽകുന്നതിനുള്ള നിരക്ക് കിലോയ്ക്ക് ഏകദേശം 23.20 എന്ന നിലയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

Content Highlights: The Central Government is drafting a roadmap to introduce ethanol as an alternative cooking fuel to LPG. The Ministry of Petroleum and Natural Gas is preparing the framework as part of efforts to promote cleaner energy, strengthen energy security, and expand the use of biofuels in India.

To advertise here,contact us