90,400 കോടി സമ്പത്ത്; ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് കിരീടം ഇനി അദാനിക്ക് സ്വന്തം

മൂന്നാം സ്ഥാനത്ത് ലോധഗ്രൂപ്പ് നയിക്കുന്ന ലോഥ കുടുംബമാണ്

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ മാറ്റം. ഒരു കാലത്ത് DLF ആയിരുന്നു റിയൽ എസ്റ്റേറ്റിന്റെ രാജാവ്. ഇന്ന് ആ കിരീടം അദാനി കുടുംബത്തിലേക്ക് മാറിയിരിക്കുകയാണ്. വർഷങ്ങളായി ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന DLF കുടുംബത്തെ മറികടന്ന് അദാനി കുടുംബം രാജ്യത്തെ ഏറ്റവും സമ്പന്നമായ റിയൽ എസ്റ്റേറ്റ് കുടുംബമായി മാറി. ഗ്രോഹെ-ഹുറുൺ ഇന്ത്യ റിയൽ എസ്റ്റേറ്റ് റിച്ച് ലിസ്റ്റിൽ ആണ് അദാനി ഒന്നാമതെത്തിയത്.

റിയൽ എസ്റ്റേറ്റ് മേഖലയിലെ സമ്പത്തിന്റെ കണക്കെടുപ്പിൽ അദാനി കുടുംബത്തിന്റെ ആസ്തി 90,400 കോടി ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ വലിയ വളർച്ചയാണ് ഇത്തവണ കമ്പനി രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് സമ്പത്തിന്റെ ശക്തികേന്ദ്രം തന്നെ മാറി മറിയുകയാണ്.

ദീർഘകാലമായി ഇന്ത്യയിലെ ഏറ്റവും സമ്പന്ന റിയൽ എസ്റ്റേറ്റ് കുടുംബമായി അറിയപ്പെട്ടിരുന്ന DLF-ന്റെ രാജീവ് സിങ് കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് സമ്പത്ത് ഏകദേശം 90,200 കോടി ആണ്. അദാനി ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ അദാനി റിയൽറ്റി കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൻകിട പദ്ധതികളിലൂടെ സാന്നിധ്യം ശക്തമാക്കി വരികയാണ്.

പ്രധാന നഗരങ്ങളിലെ പ്രീമിയം ഹൗസിങ് പദ്ധതികൾ, നഗര വികസന പദ്ധതികൾ, വലിയ ഭൂമി നിക്ഷേപങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ. അദാനിയും DLF-ഉം തമ്മിലുള്ള വ്യത്യാസം വളരെ കുറവാണെങ്കിലും, ഈ മാറ്റം ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ വലിയൊരു സൂചനയാണ്. പരമ്പരാഗത റിയൽ എസ്റ്റേറ്റ് കമ്പനികൾക്കൊപ്പം വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളും മേഖലയിലേക്ക് കൂടുതൽ ശക്തമായി കടന്നുവരുന്നതിന്റെ ഉദാഹരണമായാണ് ഏറ്റവും പുതിയ കണക്കുകളെ ബിസിനസ് ലോകം കാണുന്നത്.

മൂന്നാം സ്ഥാനത്ത് ലോധഗ്രൂപ്പ് നയിക്കുന്ന ലോധ കുടുംബമാണ്. ഇവരുടെ റിയൽ എസ്റ്റേറ്റ് സമ്പത്ത് ഏകദേശം 67,700 കോടി രൂപ ആയാണ് കണക്കാക്കപ്പെടുന്നത്. അദാനി കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് വളർച്ചയ്ക്ക് പിന്നിൽ ഈ ഘടകങ്ങളാണ്,

  • നഗര വികസന മേഖലകളിലെ നിക്ഷേപം
  • പ്രീമിയം റെസിഡൻഷ്യൽ പ്രോജക്ടുകൾ
  • വലിയ തോതിലുള്ള ഭൂമി വികസനം
  • ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ ശക്തമായ സാന്നിധ്യം

ഇന്ത്യയിൽ നഗരങ്ങൾ വളരുന്നതിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയുടെയും പ്രാധാന്യം കൂടുകയാണ്. നല്ല ലൊക്കേഷൻ, ദീർഘകാല ചിന്ത, വലിയ നിക്ഷേപ ശേഷി ഇവയാണ് ഈ മേഖലയിലെ വിജയത്തിന്റെ പ്രധാന കാരണങ്ങൾ. ദീർഘകാല കാഴ്ചപ്പാടും വമ്പൻ നിക്ഷേപ ശേഷിയും കൈമുതലാക്കി മുന്നേറുന്ന അദാനി കുടുംബം, ഭാവിയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

Content Highlights: Gautam Adani tops Hurun real estate rich list, overtaking DLF's Rajiv Singh

To advertise here,contact us