കഴിഞ്ഞ നാല് വർഷത്തിനിടെ സ്വർണവിലയിലുണ്ടായിരിക്കുന്നത് സമാനതകളില്ലാത്ത വർധനവ്. 2022-ന്റെ അവസാനത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 1,620 ഡോളറായിരുന്ന സ്വർണ്ണവില 2026-ൽ അതിന്റെ പരമാവധി നിരക്കായ 5,595 ഡോളറിലേക്ക് വരെ എത്തിയിരുന്നു. അതായത് 245ശതമാനം വർധനവ്. ഇന്ത്യയിൽ രൂപയുടെ മൂല്യത്തകർച്ച കൂടിയായപ്പോൾ ഈ മുന്നേറ്റം അതിശക്തമാവുകയും, പത്ത് ഗ്രാം സ്വർണ്ണത്തിന് 50,000-52,000 രൂപ എന്ന നിരക്കിൽ നിന്നും ഇക്കഴിഞ്ഞ ജനുവരിയിൽ റെക്കോർഡ് വിലയായ 1.72 ലക്ഷം രൂപയിലേക്ക് വരെ വില ഉയരുകയും ചെയ്തു.
നിലവിൽ വിപണിയിലുണ്ടായ ഇടിവിനെ തുടർന്ന് വില 18 ശതമാനത്തോളം കുറഞ്ഞ്, പത്ത് ഗ്രാമിന് ഏകദേശം 1.41 ലക്ഷം രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഈ സാഹചര്യത്തിൽ സ്വർണ്ണം ഇനിയും വാങ്ങണമോ, കൈവശമുള്ളത് നിലനിർത്തണമോ അതോ ലാഭമെടുപ്പ് നടത്തണമോ എന്ന ആശയക്കുഴപ്പത്തിലുമാണ് നിക്ഷേപകർ. സ്വർണ്ണത്തെ ലാഭം തരുന്ന ഒരു ആസ്തിയായി മാത്രം കാണാതെ, സ്വന്തം പോർട്ട്ഫോളിയോയുടെ സന്തുലിതാവസ്ഥ (Portfolio balance) നിലനിർത്താൻ ഉപയോഗിക്കണമെന്ന നിർദേശമാണ് ഈ സാഹചര്യത്തില്‍ സാമ്പത്തിക വിദഗ്ധർ നല്കുന്ന ഉപദേശം.
ഉദാഹരണത്തിന്, ഒരാളുടെ ആകെ നിക്ഷേപത്തിന്റെ 10 ശതമാനമാണ് സ്വർണ്ണത്തിൽ ഉദ്ദേശിച്ചതെങ്കിലും ഈ വിലക്കയറ്റം കാരണം അത് 20 ശതമാനമായി വളർന്നിട്ടുണ്ടെങ്കിൽ, അതിന്റെ ഒരു ഭാഗം വിറ്റ് ലാഭമെടുത്ത് മറ്റ് നിക്ഷേപങ്ങളിലേക്ക് മാറ്റുന്നത് ബുദ്ധിപരമായിരിക്കും. കാരണം, സ്വർണ്ണം എന്നത് കേവലം വലിയ ലാഭം വാരിക്കൂട്ടാനുള്ള ഒരു മാർഗ്ഗമല്ല, മറിച്ച് സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ കാലത്ത് മറ്റ് നിക്ഷേപങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള ഒരു മുൻകരുതൽ മാത്രമാണ്. സ്വർണ്ണത്തിന് സ്വന്തമായി ലാഭവിഹിതമോ പണമൊഴുക്കോ ഉണ്ടാക്കാൻ സാധിക്കില്ല എന്നതും ഓർക്കണം.
ആഗോളതലത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പം, കറൻസികളുടെ മൂല്യത്തകർച്ച എന്നിവ സ്വർണ്ണവിലയെ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അടുത്ത 12 മുതൽ 18 മാസത്തേക്ക് വിപണിയിൽ വലിയൊരു കുതിച്ചുചാട്ടം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. മുൻകാല വിപണി ചാർട്ടുകള്‍ പരിശോധിച്ചാൽ 2011-ലും 2020-ലും ഉണ്ടായ വലിയ മുന്നേറ്റങ്ങൾക്ക് ശേഷം സ്വർണ്ണവിലയിൽ വർഷങ്ങളോളം ഇടിവോ സ്ഥിരതയോ (Consolidation) ഉണ്ടായിട്ടുണ്ട്. അതിനാൽ അടുത്ത ഒന്നര വർഷത്തേക്ക് സ്വർണ്ണവില വലിയ മാറ്റമില്ലാതെ തുടരാനോ ഇനിയും തിരുത്തലുകൾ ഉണ്ടാകാനോ 80 ശതമാനത്തോളം സാധ്യതയുണ്ട്.
ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങളുള്ളവരും ഓഹരി വിപണിയിൽ കൂടുതൽ തുക നിക്ഷേപിച്ചിട്ടുള്ളവരും തങ്ങളുടെ ആകെ നിക്ഷേപത്തിന്റെ 5 മുതൽ 10 ശതമാനം വരെ മാത്രം സ്വർണ്ണത്തിൽ സൂക്ഷിച്ചാൽ മതിയാകും. സുരക്ഷിതത്വം ആഗ്രഹിക്കുന്നവർക്ക് ഇത് 10 മുതൽ 15 ശതമാനം വരെയാക്കാം. നിലവിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫിസിക്കൽ ഗോൾഡ് (ആഭരണങ്ങളോ കട്ടികളോ) വാങ്ങുന്നതിനേക്കാൾ ഏറ്റവും സുരക്ഷിതവും ലാഭകരവും 'ഗോൾഡ് ഇടിഎഫുകൾ' ആണ്.
ആഭരണങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി, പണിക്കൂലി, സൂക്ഷിപ്പ് ചെലവ്, വിൽക്കുമ്പോഴുള്ള വിലക്കുറവ് എന്നിവ നേരിടേണ്ടി വരും. മുൻപ് വലിയ ലാഭം തന്നിരുന്ന സോവറിൻ ഗോൾഡ് ബോണ്ടുകളുടെ (SGB) പുതിയ പതിപ്പുകൾ ഇപ്പോൾ ലഭ്യവുമല്ല. ഓഹരി വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ, ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് ഇരട്ടിയാക്കാൻ ഓഹരികൾ തന്നെയാണ് മികച്ചത്ര. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ ആ സമ്പത്തിന് ഇൻഷുറൻസ് പോലെ സംരക്ഷണം നൽകാൻ സ്വർണ്ണത്തിന് സാധിക്കും.
Content Highlights: Gold prices have surged 245% over the past four years, delivering substantial returns to investors. After the sharp rally, experts recommend avoiding aggressive buying, maintaining gold as part of a diversified portfolio, investing gradually, and considering partial profit booking if gold exposure has become excessively high compared with the investor's original asset allocation.